2020 January 21 Tuesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ശ്രമം തുടങ്ങി; വിമതരുമായി ചര്‍ച്ച

സഊദിയുടെ ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നതായി യു.എന്‍ സമാധാന ദൂതന്‍

 

റിയാദ്: അതിരൂക്ഷമായി തുടരുന്ന യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. യമനിലെ വിമതരുമായി ചര്‍ച്ചകള്‍ തുടങ്ങിയതായും യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായും അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ അനുകൂല യമന്‍ വിമത വിഭാഗമായ ഹൂതികളുമായാണ് അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നത്. യെമനില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഈ മേഖല ഉള്‍ക്കൊള്ളുന്ന രാജ്യങ്ങള്‍ക്കായുള്ള നിയര്‍ ഈസ്‌റ്റേണ്‍ അഫയേഴ്‌സ് അസിസ്റ്റന്റ് സിക്രട്ടറി ഡേവിഡ് ഷെങ്കര്‍ പറഞ്ഞു. സഊദിയിലെ അമേരിക്കന്‍ സൈനിക താവള സ്ഥലമായ അല്‍ഖര്‍ജില്‍ സന്ദര്‍ശനം നടത്തവേയാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സംഘര്‍ഷത്തിന് പരസ്പരം സ്വീകാര്യമായ ചര്‍ച്ചകള്‍ക്ക് പരിഹാരം കാണുന്നതിന് ഹൂത്തികളുമായി ഞങ്ങള്‍ കഴിയുന്നത്ര ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഹൂതികള്‍ക്ക് ആയുധങ്ങള്‍ കടത്തുന്നത് തടയാന്‍ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സഊദിക്കെതിരെ സമീപകാലത്ത് ഹൂതി ആക്രമണങ്ങള്‍ വ്യാപകമായിട്ടുണ്ട്. ഇതിനെ ശക്തമായി അപലപിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യമനില്‍ സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യം യുദ്ധം തുടങ്ങി നാല് വര്ഷം പിന്നിടുമ്പോള്‍ ആദ്യമായാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നീക്കം ഉണ്ടാകുന്നത്. ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് ട്രംപ് തന്നെ നിര്‍ദേശം നല്‍കിയതായാണ് സൂചന. യമനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ജനീവയില്‍ ചേര്‍ന്ന സമാധാന ചര്‍ച്ചകളില്‍ നേരത്തെ ബരാക് ഒബാമയുടെ കാലത്ത് 2015 ല്‍ ഹൂതികളുമായി ചെറിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് അമേരിക്ക നടത്തിയിരുന്നെങ്കിലും പിന്നീട് ഇത്തരം ചര്‍ച്ചകള്‍ക്ക് അമേരിക്ക മുന്‍കൈയെടുത്തിരുന്നില്ല.

അതേസമയം, യമനില്‍ അമേരിക്കന്‍ കക്ഷിയായ സഊദിയുടെ നേതൃത്വത്തില്‍ നാല് വര്‍ഷമായി നടക്കുന്ന യുദ്ധം എവിടെയും എത്താത്ത സാഹചര്യത്തിന് പുറമെ എതിരാളികള്‍ ഒരു ദിനം കഴിയുംതോറും ശക്തി പ്രാപിക്കുന്നതാണ് അമേരിക്കയെ ഇത്തരത്തില്‍ പ്രേരിപ്പിക്കുന്നതയായി കരുതുന്നത്. സമാധാന ചര്‍ച്ചകള്‍ക്ക് ഒരുക്കമാണെന്ന് സഊദിയും നേരത്തെ വ്യക്തമാക്കിയിരുന്നു. യമനിലെ വിഘടന വാദികളുമായി ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമാണെന്ന സഊദിയുടെ നിലപാടിനെ യു എന്‍ സമാധാന ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫ്ത്സ് സ്വാഗതം ചെയ്തു. സഊദിക്കെതിരെ അതിശക്തമായ മിസൈല്‍ ആക്രമണങ്ങളാണ് യമന്‍ വിമതര്‍ ദിനേനെ നടത്തുന്നത്. അതിനിടെ, യമനിലെ മറ്റൊരു വിഭാഗമായ തെക്കന്‍ വിഘടനവാദികള്‍ കയ്യേറിയ ഏദനിലെ സൈനിക കേന്ദ്രങ്ങളും ഗവണ്‍മെന്റ് കെട്ടിടങ്ങളും ഗവണ്മെന്റിനു കൈമാറണമെന്ന് സഊദി അറേബ്യ ആവശ്യപ്പെട്ടു. യമന്റെ സുരക്ഷ അസ്ഥിരപ്പെടുത്താനുള്ള ഏതൊരു ശ്രമവും സഊദി അറേബ്യക്ക് ഭീഷണിയാണ്. അക്കാര്യം സഊദി നിര്‍ണ്ണായകമായി കൈകാര്യം ചെയ്യുമെന്നും സഊദി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. 2014 ല്‍ അറബ് സാധ്യ സേനയുടെ നേതൃത്വത്തില്‍ യമനില്‍ തുടങ്ങിയ യുദ്ധത്തിനിടെ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകള്‍ ഭാവന രഹിതരാകുകയും നിരവധിയാളുകള്‍ പട്ടിണി മൂലമുള്ള മരങ്ങള്‍ക്കും ഇരയായിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.