2019 December 06 Friday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

യമനില്‍നിന്ന് സഖ്യസേനയെ പിന്‍വലിക്കണമെന്ന് ഹൂതികള്‍

സന്‍ആ: സഊദി അറേബ്യ നേതൃത്വം നല്‍കുന്ന സഖ്യസേനയെ യമനില്‍നിന്ന് പൂര്‍ണമായി പിന്‍വലിക്കണമെന്ന് ഹൂതി വിമതര്‍ ആവശ്യപ്പെട്ടു. ഇറാന്‍ പിന്തുണയുള്ള ഹൂതിവിമത വിഭാഗത്തിന്റെ സുപ്രിം റവല്യൂഷനറി കമ്മിറ്റി തലവന്‍ മുഹമ്മദ് അലി അല്‍ ഹൂതി ട്വിറ്ററിലൂടെയാണ് ആവശ്യം ഉന്നയിച്ചത്.
ആദ്യം സമാധാനം എന്ന നയതന്ത്ര തീരുമാനത്തോടെ യമനിലെ തങ്ങളുടെ സൈനികരുടെ എണ്ണം കുറച്ചുകൊണ്ടുവരുമെന്ന് യു.എ.ഇ തിങ്കളാഴ്ച പ്രഖ്യാപിച്ചതിനു പ്രതികരണമായാണ് ഹൂതി നേതാവിന്റെ ട്വീറ്റ്. അതേസമയം സഊദിക്ക് പിന്തുണ തുടരുമെന്ന് യു.എ.ഇ വ്യക്തമാക്കി.
2014ല്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സലാഹിന്റെ സൈന്യത്തോടൊപ്പമുള്ള ഹൂതികള്‍ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി ഭരണകൂടത്തെ പുറത്താക്കി തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെ രാജ്യത്തിന്റെ ഭൂരിപക്ഷം പ്രദേശവും കീഴടക്കിയതോടെയാണ് യമനില്‍ സംഘര്‍ഷം തുടങ്ങിയത്.
മുന്‍ പ്രസിഡന്റായ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെയാണ് സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണച്ചിരുന്നത്.
അദ്ദേഹത്തെ ശീഈ വിഭാഗമായ ഹൂതികള്‍ പുറത്താക്കിയതോടെ 2015 മാര്‍ച്ചില്‍ സഊദി-യു.എ.ഇ എന്നിവയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ വ്യാപകമായി കനത്ത വ്യോമാക്രമണം നടത്തി. ഇതില്‍ സാധാരണക്കാരുള്‍പ്പെടെ പതിനായിരക്കണക്കിനു പേരാണ് കൊല്ലപ്പെട്ടത്. പട്ടിണിമൂലം 85,000 കുട്ടികളും മരണപ്പെട്ടു.
ഇതോടെ ഇറാന്റെ പിന്തുണയോടെ റോക്കറ്റുകളും ഡ്രോണുകളുമായി സഊദിയെ ഹൂതി സേന പ്രതിരോധിച്ചു തുടങ്ങി. റഷ്യന്‍ നിര്‍മിതമായ ഡ്രോണുകള്‍ സഊദിയിലെ അബഹ വിമാനത്താവളത്തില്‍ വരെ വന്നെത്തുന്ന സ്ഥിതി വന്നതോടെ സഊദി ആശങ്കയിലാണ്. ആയുധം വഹിക്കുന്ന ഡ്രോണുപയോഗിച്ച് സഊദിയുടെ എണ്ണ പൈപ്പ് ലൈനുകള്‍ ആക്രമിച്ചതും ഹൂതികളുടെ ശക്തി അറിയിക്കുന്നതായി.
യു.എസ് നിര്‍മിത മിസൈല്‍വേധ സംവിധാനങ്ങളെ തോല്‍പിച്ച് പല തവണ ഹൂതികളയച്ച ഡ്രോണുകള്‍ സഊദിയില്‍ പതിക്കുകയും ആളപായവും നാശനഷ്ടവും ഉണ്ടാവുകയും ചെയ്തതോടെ സഊദി സഖ്യം വെടിനിര്‍ത്തലിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ആദ്യ പടിയാണ് യു.എ.ഇയുടെ നയംമാറ്റമെന്നും വിലയിരുത്തലുണ്ട്.
ഇക്കഴിഞ്ഞ ജൂണ്‍ 12 മുതല്‍ മൂന്ന് ഹൂതി ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 56 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി സഊദി ഉദ്യോഗസ്ഥര്‍ പറയുന്നു. ഹൂതികളെ ആയുധങ്ങള്‍ നല്‍കി ഇറാന്‍ സഹായിക്കുന്നുവെന്ന സഊദിയുടെ ആരോപണം അവര്‍ നിഷേധിച്ചിരുന്നു.
ജൂണില്‍ വ്യോമാതിര്‍ത്തി ലംഘിച്ച യു.എസ് ഡ്രോണ്‍ ഇറാന്‍ വീഴ്ത്തിയതും യു.എ.ഇയെ സൈനിക പിന്‍മാറ്റത്തിനു പ്രേരിപ്പിച്ചതായി കരുതുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.