2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

യാാ…

അക്ബര്‍

ഇലാഹ്,
വസന്തത്തിന്റെ ചില്ലകള്‍ക്കു പകരം
വെയിലിന്റെ ചെടികള്‍ നട്ടതെന്തിന്?
ആനന്ദത്തിന്റെ പുഴകളുണ്ടായിട്ടും
നിലവിളിയുടെ മരുഭൂമി തന്നതെന്തിന്?
കാറ്റു പോലും അസ്വസ്ഥമാകുന്ന ഇടങ്ങളെ
വീണ്ടു വീണ്ടും അടയാളപ്പെടുത്തി നീ.

എന്തിനാണു സ്വപ്നങ്ങളില്‍ ഖബറാഴങ്ങളിലെ
മുഴക്കങ്ങള്‍ നിറച്ചത്?
റൈഹാന്‍ചെടികള്‍ മലരുന്നകലേ മണമറ്റ്
ജാസ്മിനുകള്‍ വിരിയുന്ന വൈന്നേരത്ത്
നിന്നിലേക്കുള്ള അര്‍ഥനകളെന്തിനാണു തൂത്തുകളയുന്നത്?
ഇരവുതോറും സുജൂദിന്റെ ചോര നിറം
നെറ്റിയില്‍ വിരിഞ്ഞിട്ടും
എന്റെ സന്തോഷങ്ങളെ എരിച്ചുകളഞ്ഞ്
അവിടെയൊക്കെ നരകത്തിലെ
തീപ്പതാകകള്‍ നാട്ടുന്നതെന്തിന്?

മനസിലെ സഹറാഹില്‍
ചോരനിറമുള്ള വര്‍ദകള്‍ വിരിയുന്നു.

നീയെന്നത്തന്നെ ശിക്ഷിക്കാനും
ഭയപ്പെടുത്താനുമുള്ള പേര് മാത്രമോ?
അതോ ഇബ്‌ലീസിനാല്‍
പരീക്ഷിക്കാന്‍ ഞാനാര് ഈസയോ?
എനിക്കൊരിക്കലെങ്കിലും നിന്റെ മറിയമാകണം.
കന്യകയായൊരു കുഞ്ഞിനു മുലയൂട്ടണം.
പള്ളി മിനാരങ്ങളില്‍
നിലവിളിയുടെ ബാങ്കൊലികള്‍ തീര്‍ക്കണം.
പെരുമഴയത്ത്, പ്രളയാനന്തതയില്‍
പെട്ടകം തുഴയുന്ന നൂഹാവണം.

പക്ഷേ അയ്യൂബിനെപ്പോലെ
വേദനകളുടെ ഉടല്‍പ്പഴങ്ങള്‍ മാത്രം നീ നല്‍കി.
വഴികളില്‍ മന്ന ഉതിര്‍ത്തില്ല.
വലിയ വലിയ ആത്മബലികളുടെ
മലയടിവാരത്ത് ഓടിച്ചോടിച്ച്….

എനിക്കായി ഒരു ഗുഹയെങ്കിലും
ജിബ്‌രീലിന്റെ വെള്ളിപ്രകാശമെങ്കിലും…

ഇലാഹ്,
കണ്ണടയ്ക്കാതെ..
നീയെന്ന നിത്യതയാണ് ഞാനുമാഗ്രഹിക്കുന്നത്.
അതു ചിലപ്പോള്‍ മൗത്താവാം,
സന്തൂക്കിന്റെ ദിക്ക്‌റ് നടത്തമാവാം,
പള്ളിക്കാട്ടിലെ പച്ചയില്‍
ഒരു കുഞ്ഞുപൂവായി റുക്കൂഇല്‍ വീഴണം.

ഇലാഹ്,
എന്തിനാണു സങ്കടത്തിന്റെ കാഹളമൊച്ച?
ഖിയാമത്തിനെക്കാള്‍ ഭീതിതമാണീ നേരങ്ങള്‍
എന്നെയൊരു മൈലാഞ്ചിയാക്കൂ
ഞാനീ ലോകത്തെ ചുമപ്പിക്കാം….

ഇലാഹ്…..


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.