2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സൈന്യത്തെ ഇറക്കുമെന്ന് ട്രംപിന്റെ ഭീഷണി; പിന്‍മാറാതെ കൂടുതല്‍ കരുത്തരായി പ്രക്ഷോഭകര്‍

ന്യൂയോര്‍ക്ക്: ആഫ്രോഅമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ യു.എസിലാകമാനം തുടരുന്ന പ്രക്ഷോഭങ്ങള്‍ എല്ലാ താക്കീതുകളേയും കാറ്റില്‍ പറത്തി കൂടുതല്‍ കരുത്താര്‍ജ്ജിച്ച് മുന്നോട്ടു തന്നെ. പൊലിസിന്റെ അതിക്രമങ്ങള്‍ക്കും കണ്ണീര്‍വാതക പ്രയോഗത്തിനും എന്തിനേറെ വെടിയൊച്ചകള്‍ക്കു പോലും ഇവരെ തെല്ലും തളര്‍ത്താനായിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഒചുവില്‍ സ്റ്റേറ്റുകള്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയില്ലെങ്കില്‍ സൈന്യത്തെ ഇറക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്.

മേയര്‍മാരും ഗവര്‍ണര്‍മാരും ക്രമസമാധാനം പുനഃസ്ഥാപിക്കണം. നഗരങ്ങളില്‍, തെരുവുകളില്‍ ആവശ്യത്തിന് നാഷണല്‍ ഗാര്‍ഡുകളെ വിന്യസിക്കണം. ഗവര്‍ണര്‍മാര്‍ വിഷയം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ‘ആയിരമായിരം’ അമേരിക്കന്‍ സൈന്യത്തെ ഇറക്കി പ്രശ്‌നം പരിഹരിക്കും- ട്രംപ് ഭീഷണി മുഴക്കുന്നു.

ലോകത്തെ മഹത്തായ രാജ്യമാണ് നമ്മുടേത്. നമ്മള്‍ അത് ഭദ്രമായി കാത്തുസൂക്ഷിക്കും. ഞാന്‍ നിങ്ങളെ സംരക്ഷിക്കാനായി പോരാടും. ഞാനാണ് നിങ്ങളുടെ ക്രമസമാധാനപാലകന്‍. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ ഒപ്പവും ഞാനുണ്ട് ട്രംപ് വ്യക്തമാക്കി.

സംഭവത്തില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ വംശവെറിക്കെതിരെ ആരംഭിച്ച പ്രക്ഷോഭം ഒരാഴ്ചയായി തുടരുകയാണ്. റോഡ് ഗാര്‍ഡനില്‍ ട്രംപ് പ്രഭാഷണം നടത്തുമ്പോള്‍ വൈറ്റ് ഹൗസിന് എതിര്‍വശത്തെ പാര്‍ക്കില്‍ പ്രതിഷേധക്കാര്‍ക്കു നേരെ നാഷണല്‍ ഗാര്‍ഡ്‌സ് കണ്ണീര്‍ വാതകം പ്രയോഗിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേതൃത്വത്തിന്റെ കഴിവില്ലായ്മയാണ് മിനിയപൊളിസില്‍ പ്രതിഷേധം പടരാന്‍ കാരണമായതെന്നും മേയര്‍ക്ക് ജോലി ചെയ്യാന്‍ കഴിവില്ലെങ്കില്‍ താന്‍ അമേരിക്കന്‍ സൈന്യത്തെ അയക്കുമെന്നും ട്രംപ് നേരത്തെ തന്നെ കുറ്റപ്പെടുത്തിയിരുന്നു.

മിനിയപൊളിസില്‍ പൊലിസുകാരന്‍ കാല്‍മുട്ട് കഴുത്തിലമര്‍ത്തി ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തുകയായിരുന്നു. മിനിയപൊളിസ് സ്റ്റേഷനിലെ പൊലിസുകാരായ ഡെറിക് ചൗലിന്‍ അഞ്ച് മിനിറ്റോളം ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി നില്‍ക്കുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് ആളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. റെസ്റ്ററന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ഫ്‌ളോയിഡിനെ പൊലിസ് ആളുമാറി പിടിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.