2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

സിറിയയില്‍ നിന്ന് ട്രംപ് സൈന്യത്തെ പിന്‍വലിച്ചത് തന്നിഷ്ടപ്രകാരം- വിമര്‍ശനവുമായി സൈനിക മേധാവി

വാഷിങ്ടണ്‍: തന്നോട് അഭിപ്രായം ചോദിക്കാതെയാണ് സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചുകൊണ്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനമെടുത്തതെന്ന് മുതിര്‍ന്ന അമേരിക്കന്‍ സൈനിക മേധാവി ജനറല്‍ ജോസഫ് വെറ്റല്‍. ഇന്നലെ ചേര്‍ന്ന സെനറ്റ് കമ്മിറ്റി യോഗത്തിലാണ് സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍.

‘ഈ പ്രഖ്യാപനത്തെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള പിന്മാറ്റത്തെ കുറിച്ച് അദ്ദേഹം നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്‍വലിക്കുന്ന കാര്യം ട്രംപ് ആരുമായും ചര്‍ച്ച ചെയ്തിരുന്നില്ല’- വൈറ്റല്‍ പറഞ്ഞു.

സൈന്യത്തെ പിന്‍വലിച്ച ട്രംപിന്റെ തീരുമാനത്തെ ഇതിനകം പല സൈനിക മേധാവികളും വിമര്‍ശിച്ചിട്ടുണ്ട്. അറേബ്യന്‍ മേഖലയിലെ സൈനിക ചുമതലയുള്ള മുതിര്‍ന്ന അമേരിക്കന്‍ സൈനിക മേധാവിയാണ് ജനറല്‍ ജോസഫ് വെറ്റല്‍.

സിറിയയില്‍ ഐ.എസിന് 88,000 സ്‌ക്വയര്‍ കിലോമീറ്ററിലാണ് സ്വാധീനമുള്ളത്. എന്നാല്‍ അമേരിക്കന്‍ സൈന്യത്തിന് വെറും 52 സ്‌ക്വയര്‍ കിലോമീറ്ററില്‍ മാത്രമേ എത്തിപ്പെടാനായിട്ടുള്ളൂവെന്നും വെറ്റല്‍ പറഞ്ഞു. ഐ.എസിനോടും മറ്റു തീവ്രവാദ സംഘങ്ങളോടുമുള്ള അമേരിക്കയുടെ നീക്കം അവസാനിച്ചിട്ടില്ലെന്നും ലക്ഷ്യം മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനോടകം തന്നെ സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇക്കാര്യം അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. നൂറ് സൈനിക ഗ്രൂപ്പുകളെയാണ് നിലവില്‍ പിന്‍വലിച്ചത്. സൈന്യത്തെ പിന്‍വലിച്ച ട്രംപിന്റെ തീരുമാനം വിവിധ സഖ്യരാഷ്ട്രങ്ങളെയും സൈനിക മേധാവികളെയും ഞെട്ടിപ്പിച്ച ഒന്നായിരുന്നു. ഇത് പിന്നീട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെയും ബ്രെറ്റ് മെഗര്‍ക്കിന്റേയും രാജിയില്‍ കൊണ്ടെത്തിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.