2019 August 17 Saturday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ശ്രീലങ്ക സ്‌ഫോടന പരമ്പര: ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന്റെ പ്രതികാരമെന്ന വാദം തള്ളി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

ഓക്‌ലാന്‍ഡ്: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പര ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിം പള്ളിക്കുനേര്‍ക്കുണ്ടായ ആക്രമണത്തിന്റെ തിരിച്ചടിയാണെന്ന തരത്തിലുള്ള രഹസ്യന്വേഷണ വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേര്‍ണ്‍. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ബോംബാക്രമണം കഴിഞ്ഞമാസമുണ്ടായ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന്റെ പ്രതികാരമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ശ്രീലങ്കന്‍ പ്രതിരോധമന്ത്രി റുവാന്‍ വിജയവര്‍ധനെ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞമാസം 15നാണ്‌ ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിം പള്ളിയിലെത്തിയവര്‍ക്കു നേര്‍ക്കു വെടിവയ്പുണ്ടായത്. വെടിവയ്പില്‍ 50പേര്‍ കൊല്ലപ്പെട്ടിരുന്നു.

റുവാന്‍ വിജയവര്‍ധനെയുടെ പ്രസ്താവനയെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന്റെ ഓഫീസ് അറിയിച്ചു. ‘ഈസ്റ്റര്‍ ദിനത്തിലെ ആക്രമണങ്ങള്‍ സംബന്ധിച്ച് ശ്രീലങ്കയുടെ അന്വേഷണം പ്രഥമിക ഘട്ടത്തിലാണെന്ന് മനസ്സിലാക്കുന്നു. അവരുടെ നിഗമനത്തിന് ആസ്പദമായ ഒരു രഹസ്യാന്വേഷണ വിവരവും ന്യൂസിലാന്‍ഡ് അധികൃതര്‍ക്ക് കാണാന്‍ സാധിച്ചിട്ടില്ല.’ – പ്രധാനമന്ത്രി ആര്‍ഡേണിന്റെ വക്താവ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ആക്രമണത്തിനു പിറകിലുള്ളവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുന്നതായും അവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നതായും ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീലങ്കയിലെ കൊളംബോ നഗരത്തിലെ മൂന്നു വീതം ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമായിരുന്നു ബോംബാക്രമണമുണ്ടായത്. 360ഓളം പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം സായുധ സംഘടനയായ ഐഎസ് ഏറ്റെടുത്തിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.