2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മോദിക്കു കീഴില്‍ തങ്ങളുടെ ഭാവി എന്താവും- ആശങ്കയും ഭീതിയും വിടാതെ ഇന്ത്യയിലെ മുസ്‌ലിങ്ങള്‍; ബി.ബി.സി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ ആശങ്ക ലോകത്തിനു മുന്നില്‍ തുറന്നു കാട്ടി ബി.ബി.സി. വീണ്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ തങ്ങളുടെ ഭാവി എന്താവുമെന്നതിനെ കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ ജാനാധിപത്യ രാജ്യത്തിലെ ന്യൂനപക്ഷമായ മുസ്‌ലിങ്ങള്‍ ഭീതിതരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹിന്ദു ദേശീയവാദികളായ ബി.ജെ.പിക്കു കീഴില്‍ രാജ്യം കടുത്ത അസഹിഷ്ണുതയിലേക്ക് മാറുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

തെരഞ്ഞെടുപ്പിനടുത്ത് നടന്ന ചില അക്രമസംഭവങ്ങളും അതിന്റെ ഇരകളമായി നടത്തിയ സംഭാഷണങ്ങളുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ആദ്യഘട്ട തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അസമില്‍ ആള്‍ക്കൂട്ട അക്രമണത്തിനിരയായ ഷൗക്കത്ത് അലിയുടെ അനുഭവമാണ് ആദ്യം പങ്കുവെച്ചിരിക്കുന്നത്.

ഷൗക്കത്ത് അലി

വ്യാപാരിയായ ഷൗക്കത്ത് ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അക്രമത്തിനിരയായത്. ഷൗക്കത്തിനെ തടഞ്ഞ സംഘം ചളിയില്‍ മുട്ടികുത്തി ഇരിപ്പിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഷൗക്കത്തിന്റെ പൗരത്വത്തെ അവര്‍ ചോദ്യം ചെയ്തു. മര്‍ദ്ദിക്കുന്നതിനിടെ ‘നിങ്ങള്‍ ബംഗ്ലാദേശിയാണോ?’ എന്ന് ചോദിക്കുണ്ടായിരുന്നു. ‘നിങ്ങള്‍ എന്തിനാണ് ഇവിടെ ബീഫ് വില്‍ക്കുന്നത്?’ എന്നും അവര്‍ ചോദിച്ചു.

ഇതുകണ്ട് കൂടിയ ആള്‍ക്കൂട്ടം ഷൗക്കത്തിനെ സഹായിക്കുന്നതിനു പകരം മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ജോലി വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇയാള്‍.
ആക്രമണം നടന്ന് ഒരുമാസത്തിനിപ്പുറവും ഷൗക്കത്തിന് നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ‘ഒരു വടിയെടുത്താണ് അവരെന്നെ അടിച്ചത്. അവര്‍ മുഖത്ത് ചവിട്ടി’ ആ 48കാരന്‍ ഓര്‍ക്കുന്നു. മാത്രമല്ല. അവര്‍ അയാളെ പന്നി ഇറച്ചി നിര്‍ബന്ധമായി തീറ്റിക്കുയുമുണ്ടായി.

അവര്‍ ആ ചെറിയ കടയില്‍ നിന്നും ബീഫ് കറി വിളമ്പി നല്‍കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഇതുവരെ അവര്‍ക്ക് ഇത്തരമൊരു ആക്രമണം നേരിടേണ്ടി വന്നിരുന്നില്ല.

‘എനിക്ക് ജീവിച്ചിരിക്കാന്‍ തോന്നുന്നില്ല. ഇത് എന്റെ വിശ്വാസത്തിനു നേരെയുള്ള ആക്രമണമാണ്.’ അദ്ദേഹം പറയുന്നു.

2015 മെയ് മാസത്തിനും 2018 ഡിസംബറിനും ഇടയില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ട 44 പേരില്‍ 36 പേരും മുസ്‌ലീങ്ങളാണെന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ 2019 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ കാലയളവില്‍ രാജ്യമെമ്പാടുമുണ്ടായ 100ലേറെ അക്രമ സംഭവങ്ങളില്‍ 280 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ഇതുവരെയുള്ളതില്‍ അവസാനത്തെ ഇര മാത്രമാണ് ഷൗക്കത്ത് അലി.

കത്‌വയിലെ എട്ടുവയസ്സുകാരിയുടെ കൊലപാതകവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു ക്ഷേത്രത്തിനുള്ളില്‍ മയക്കിക്കിടത്തി അതിക്രൂരമായി ബലാത്സംഗം ചെയ്താണ് അവളെ കൊലപ്പെടുത്തിയത്. ബിന്ദു ഭീകരസംഘടനയുടെ ആളുകളായിരുന്നു ഇതിലെ പ്രതികള്‍. സംഭവത്തിനു ശേഷം വീട് വിട്ടു പോവാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നതായി കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. പോയില്ലെങ്കില്‍ തല്ലിയോടിക്കുമെന്നാണ് ഭീഷണിയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബി.യജെ.പി മന്ത്രിമാര്‍ വരെ ഉള്‍പെട്ട കേസായിരുന്നു ഇത്. സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി പക്ഷേ മന്ത്രിമാരോട് രാജിവെക്കാന്‍ പോലും ആവശ്യപ്പെട്ടില്ല. ആഴ്ചകള്‍ക്കു ശേഷമാണ് ഇവര്‍ രാജിവെക്കുന്നത്. ബി.ജെ.പി ജനറല്‍ സെക്രട്ടറി ഇവരെ പരസ്യമായി പിന്തുണച്ച് രംഗത്തു വരികയും ചെയ്തിരുന്നു.

കത്‌വ ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം നിരവധി കേസുകള്‍, ബി.ജെ.പിയുടേയും മറ്റ് ഹിന്ദുത്വ സംഘടനകളുടേയും നേതാക്കള്‍ക്ക് പങ്കുള്ള നിരവധി കേസുകള്‍ ഈ അഞ്ചുവര്‍ഷക്കാലത്തിനിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒന്നിലും നടപടികള്‍ ഉണ്ടായിട്ടില്ല.

ഹിന്ദു ദേശീയത എന്ന ആശയമാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്. ചില പാര്‍ട്ടി നേതാക്കള്‍ ഹിന്ദു രാജ്യമെന്ന ആവശ്യം പരസ്യമായി പറയുകയും ചെയ്യുന്നു. ന്യൂനപക്ഷ വിരുദ്ധരല്ല തങ്ങളെന്ന് പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്നതാണ് വൈരുദ്ധ്യം.

2015ലാണ് മുഹമ്മദ് അഖ്‌ലാഖ് എന്ന 50കാരനെ ഗോസംരക്ഷരെന്നവകാശപ്പെടുന്ന ഒരു കൂട്ടം അടിച്ചു കൊല്ലുന്നത്. പശുവിനെ കൊന്നെന്നാരോപിച്ചായിരുന്നു ഇത്. ഇതിലെ പ്രതികള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്‍ സന്നിഹിതരായിരുന്നു. മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പെടുത്തിയ നേതാവാണ് യോഗിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആള്‍ക്കൂട്ടക്കൊലയില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടവരുടെ കേസിന്റെ ചെലവ് നടത്തുന്നത് താനാണെന്ന് കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. അവര്‍ കുറ്റക്കാരല്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സിന്‍ഹ ബി.ബി.സിയോട് പറയുന്നു. ഭീകരരുടെ പുറംപണിക്കാരെന്നാണ് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ് ഇവരെ വിശേഷിപ്പിക്കുന്നത്.

അസമിലെ പൗരത്വപ്പട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. മുസ്‌ലിങ്ങളൊഴികെ മറ്റാരേയും പട്ടിക പുറത്താക്കുന്നില്ല. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന പലരും ഈ രാജ്യക്കാരല്ലാതാവുകയാണ്. ഒന്നു രണ്ടുമല്ല നാല്‍പത് ലക്ഷം ആളുകളാണ് ഒരു പ്രഭാതത്തില്‍ ഈ നാട്ടുകാരല്ലാതായി മാറിയത്.


പൗരത്വം തെളിയിക്കാന്‍ രേഖകളുമായി നില്‍ക്കുന്ന ബാലന്‍

അനധികൃത കുടിയേറ്റക്കാരെയാണ് ഉന്നമിടുന്നത് ബി.ജെ.പി ആവര്‍ത്തിച്ചു പറയുമ്പോഴും അത് മുസ്‌ലിങ്ങള്‍ക്കെതിരായ ആയുധമാണെന്ന ഭീതി നിലനില്‍ക്കുകയാണ്. ഏത് നിമിഷവും പുറത്തേക്കെറിയപ്പെട്ടേക്കാമെന്ന ഭീതിയിലാണ് ഇവിടെ മുസ്‌ലിങ്ങള്‍ ജീവിക്കുന്നത്.

വൈവിധ്യത്തിലാണ് ഇന്ത്യയുടെ ശക്തി നിലനില്‍ക്കുന്നത്. എല്ലാ വിശ്വാസങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ ആ അവസ്ഥ ഇല്ലാതാവും എന്നതാണ് രാജ്യത്തെ ഭൂരപക്ഷത്തേയും അലട്ടുന്ന അവസ്ഥയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News