2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘നിങ്ങളുടെ കാല്‍മുട്ട് ഞങ്ങളുടെ കഴുത്തില്‍ നിന്ന് എടുത്ത് മാറ്റുക’ – ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ നിന്ന് അവര്‍ പറയുന്നു ‘ഇനിവരുന്നത് ഞങ്ങളുടെ സമയമാണ്’

മിനിസോട്ട: എട്ടു മിനുട്ട് 46 സെക്കന്റ് മൗനാചരണം. എട്ടു മിനുട്ട് 46 സെക്കന്റ് പ്രാര്‍ത്ഥന. പിന്നെ വീണ്ടും ഒരു എട്ടു മിനുട്ട് 46 സെക്കന്റ് കൂടി, വെള്ളക്കാരന്റെ കാല്‍ മുട്ടിനുള്ളില്‍ ഞെരിഞ്ഞമര്‍ന്ന അവരുടെ പ്രിയ സുഹൃത്തിന്റെ ഓര്‍മകള്‍ നെഞ്ചേറ്റി മിനിയാപോളീസ തലകുനിച്ചു. നിരായുധനും നിസ്സഹായനുമായി വെള്ളപ്പൊലിസിന്റെ കാല്‍മുട്ടിനുള്ളില്‍ എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലാ..എന്നു കരഞ്ഞ്….പിടഞ്ഞ് പിടഞ്ഞ്…അങ്ങിനെ അധികാരത്തിന്റെ, വര്‍ണത്തിന്റെ ധാര്‍ഷ്ട്യം അവനെ കൊന്നു കളയാനെടുത്ത സമയമായിരുന്നു അത്. എട്ടുമിനുട്ട് 46 സെക്കന്റ്. ഒരിത്തിരി ശ്വാസത്തിനായി ജോര്‍ജ്ജ് ഫ്‌ളോയിഡ് എന്ന കറുത്തവന്‍ ആര്‍ത്തു കരഞ്ഞ സമയം.

ആയിരങ്ങളാണ് മിനിസോട്ടയില്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ ഓര്‍മകളുമായി ഒത്തു കൂടിയത്.

‘കാലം കുറേ ആയിരിക്കുന്നു’- കൂടിയ നില്‍ക്കുന്ന ആയിരങ്ങളെ സാക്ഷിയാക്കി അമേരിക്കന്‍ അമേരിക്കന്‍ പൗരാവാകാശപ്രവര്‍ത്തകനും, രാഷ്ട്രീയക്കാരനുമായ ആല്‍ഫ്രഡ് ചാള്‍സ് ഷാര്‍പ്പ്ടണ്‍ പറഞ്ഞു തുടങ്ങി. ‘ഇനി ഒരു ഒഴിവുകഴിവുമില്ല. അവര്‍ക്ക് മതിയായ സമയമുണ്ടായിരുന്നു’- അദ്ദേഹം പറഞ്ഞു.

‘ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കഥ മുഴുവന്‍ കറുത്തവന്റേയും കഥയാണ്. കഴിഞ്ഞ 401 വര്‍ഷമായി ആശിക്കാനും സ്വപ്‌നങ്ങള്‍ കാണാനും അര്‍ഹതയില്ലാത്തവരാണ് ഞങ്ങള്‍. കാരണം ഇത്രയും കാലം നിങ്ങളുടെ കാല്‍മുട്ടുകള്‍ ഞങ്ങളുടെ കഴുത്തിലായിരുന്നു’- അദ്ദേഹം പറഞ്ഞു.
‘ഇനി അത് പറ്റില്ല. ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ പേരില്‍ എഴുന്നേറ്റ് നിന്ന് നാം ഉറക്കെ പറയേണ്ട സമയമാണിത്. നിങ്ങളുടെ കാല്‍മുട്ടുകള്‍ ഞങ്ങളുടെ കഴുത്തില്‍ നിന്ന് മാറ്റുക’-തനിക്കു മുന്നില്‍ തടിച്ചു കൂടിയ ആയിരങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ജോര്‍ജ്ജിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ നാട്ടില്‍ നടത്തിയ ആദ്യ പരിപാടിയായിരുന്നു ഇത്.

തന്റെ സഹോദരന്‍ ഒരു ജനറലിനെ പോലെ ആയിരുന്നുവെന്നും ജനങ്ങള്‍ അദ്ദേഹത്തെ പിന്തുടരാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ജോര്‍ജ്ജിന്റെ സഹോദരന്‍ ഫിലോനൈസ് ഫ്‌ളോയിഡ് ഓര്‍ത്തെടുത്തു. ഒരു പ്രസിഡന്റാണെന്ന് ആളുകളെ തോന്നിപ്പിച്ചിരുന്നു അവന്‍. അവനെ അഭിവാദ്യം ചെയ്യാനും അവനോടൊപ്പം കളിതമാശകള്‍ പങ്കിടാനും എല്ലാവരും ഇഷ്ടപ്പെട്ടു- ഫിലോനൈസ് പറഞ്ഞു.

‘നാം വീഡിയോയില്‍ കണ്ടത് അങ്ങേഅറ്റം ഹീനമായ പ്രവൃത്തിയാണ്. ജോര്‍ജ്ജിനെ ഓര്‍ക്കുന്ന നാം ഒരിക്കലും ഈ തിന്മയെ അംഗീകരിക്കരുത്. അതിനാല്‍ പ്രിയരേ ഈ തിന്മക്കെതിരെ പോരാടുക. നമുക്ക് തിന്മയുമായി സഹകരിക്കാനാവില്ല. ഈ പീഡനങ്ങള്‍ ഇനി സഹിക്കാനാവില്ല’-ജോര്‍ജ്ജിന്റെ കുടുംബത്തിന്റെ അഭിഭാഷകനായ ബെഞ്ചമിന്‍ ക്രംപ് പറഞ്ഞു.

യു.എസ് നഗരങ്ങളില്‍ ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ഇപ്പോഴും വ്യാപകമായി തുടരുകയാണ്.

ജോര്‍ജ് ഫ്‌ളോയ്ഡിനെ കാല്‍മുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഡെറിക് ഷൗവിന്‍ എന്ന പൊലിസുകാരനെ അറസ്റ്റ് ചെയ്തിരുന്നു. നിരായുധനായ ഫ്‌ളോയിഡിനെ നിലത്ത് കിടത്തി പൊലിസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.