2020 February 23 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് സര്‍വിസസിലെ 11 താരങ്ങള്‍ വിശ്വപോരിന് ‘സൈന്യം’ ദോഹയിലേക്ക്

.

 

യു.എച്ച് സിദ്ദീഖ്

ആലപ്പുഴ: അത്‌ലറ്റിക്‌സിന്റെ വിശ്വപോരിനായി ദോഹയിലേക്ക് ഇന്ത്യന്‍ സൈന്യവും. ദോഹയില്‍ 27 മുതല്‍ ഒക്ടോബര്‍ ആറ് വരെ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള 25 അംഗ ഇന്ത്യന്‍ ടീമിലെ 11 കായിക താരങ്ങളും സൈന്യത്തിന്റെ സംഭാവനയാണ്. ജിന്‍സന്‍ ജോണ്‍സണ്‍ (1500 മീ., കരസേന), എം.പി ജാബിര്‍ (400 മീ. ഹര്‍ഡില്‍സ്, നാവിക സേന), കെ.ടി ഇര്‍ഫാന്‍, ദേവേന്ദര്‍ സിങ് (20 കി.മീ. നടത്തം, കരസേന), ടി. ഗോപി (മാരത്തണ്‍, കരസേന), അവിനാഷ് സബ്‌ലേ (3000 മീ. സ്റ്റീപ്പിള്‍ചേസ്, കരസേന), തജീന്ദര്‍ പാല്‍ സിങ് തൂര്‍ (ഷോട്പുട്ട്, നാവിക സേന), ശിവ്പാല്‍ സിങ് (ജാവലിന്‍ ത്രോ, വ്യോമസേന), 4-400 റിലേ, മിക്‌സഡ് റിലേ താരങ്ങളായ മുഹമ്മദ് അനസ് ( നാവിക സേന), നോഹ നിര്‍മല്‍ ടോം, അലക്‌സ് ആന്റണി (വ്യോമസേന) എന്നിവരാണ് സര്‍വിസസിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള സംഭാവന.
സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പുകളിലും ഫെഡറേഷന്റെ ജൂനിയര്‍ മീറ്റുകളിലും തിളങ്ങിയവരും അല്ലാത്തവരുമാണ് ഇവരില്‍ മിക്ക താരങ്ങളും. കര, നാവിക, വ്യോമ സേനകളുടെ ഭാഗമായി സര്‍വിസസിന് കീഴില്‍ എത്തിയതോടെയാണ് ഈ താരങ്ങളുടെ കായിക ജീവിതത്തില്‍ വഴിത്തിരിവായതും. ചിട്ടയായ മികവുറ്റ പരിശീലനവും മികച്ച പരിശീലകരുടെ ശിക്ഷണവും താരങ്ങളെ ട്രാക്കിലും ഫീല്‍ഡിലും വിജയങ്ങളുടെ ഉയരങ്ങളിലേക്ക് എത്തിച്ചു. ദോഹയിലേക്ക് 25 പേരെ ടീം തിരഞ്ഞെടുക്കുമ്പോഴും ഈ 11 പേരുടെ കാര്യത്തില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെലക്ടര്‍മാര്‍ ഒരു സംശയവും ഉയര്‍ത്തിക്കാണില്ല. കഠിനാധ്വാനത്തിലൂടെ മികവ് തെളിയിച്ച് തന്നെയാണ് പട്ടാളം ദോഹ പോരിനായി യോഗ്യത നേടിയത്. ആ 11 പേരിലെ പ്രധാനികള്‍ ഇവരാണ്.

ജിന്‍സന്‍ ജോണ്‍സണ്‍ (3:25.24)
1500 മീറ്ററിലെ ദേശീയ റെക്കോര്‍ഡ് ഒരിക്കല്‍കൂടി തിരുത്തിയാണ് ജിന്‍സന്‍ ജോണ്‍സണ്‍ ദോഹയിലേക്ക് യോഗ്യത നേടിയത്. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ യോഗ്യതാമാര്‍ക്ക് 3:36.00 സെക്കന്‍ഡ്. കഴിഞ്ഞ ഒന്നിന് ജര്‍മനിയിലെ ബെര്‍ലിനില്‍ 3:25.26 സെക്കന്‍ഡ് സമയം കുറിച്ചാണ് ജിന്‍സന്‍ ദോഹയിലേക്ക് യോഗ്യത ഉറപ്പിച്ചത്. 11 വര്‍ഷമായി ജിന്‍സന്‍ ജോണ്‍സണ്‍ കരസേനയില്‍ എത്തിയിട്ട്. ജിന്‍സന്റെ കായിക ജീവിതത്തില്‍ വഴിത്തിരിവായതും പട്ടാളത്തിന്റെ പരിശീലനമാണ്. അമേരിക്കയിലാണ് ജിന്‍സന്റെ പരിശീലനം.

കെ.ടി ഇര്‍ഫാന്‍ (1:20:57)
20 കി.മീ. നടത്ത താരമായ കെ.ടി ഇര്‍ഫാന്‍ എന്ന ഇര്‍ഫാന്‍ കോലത്തും തൊടി രണ്ട് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1:22:30 സെക്കന്‍ഡ് ആയിരുന്നു യോഗ്യതാ മാര്‍ക്ക്. കഴിഞ്ഞ മാര്‍ച്ചില്‍ ജപ്പാനിലെ നോമിയില്‍ ഒരു മണിക്കൂര്‍ 20 മിനുട്ട് 57 സെക്കന്‍ഡില്‍ ദോഹയിലേക്കു നടന്നു കയറി. ഒളിംപ്യന്‍ ഇര്‍ഫാന്‍ കരസേനയുടെ ഭാഗമായിട്ട് 10 വര്‍ഷമാകുന്നു.
എം.പി ജാബിര്‍ (49.13)

ഈ വര്‍ഷം ആദ്യം ദോഹയിലാണ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക ചാംപ്യന്‍ഷിപ്പിനായി യോഗ്യത നേടിയത്. യോഗ്യതാ മാര്‍ക്ക് 49.30 സെക്കന്‍ഡ് ആയിരുന്നു. ജാബിര്‍ 49.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യത ഉറപ്പിച്ചു. നാവിക സേനയുടെ ഭാഗമായതോടെയാണ് ദേശീയ, രാജ്യാന്തര വേദികളില്‍ എം.പി ജാബിര്‍ നേട്ടങ്ങളിലേക്ക് ഓടിച്ചാടി കയറിയത്.

ടി. ഗോപി (2:13:39)

സഹതാരത്തിന് പ്രചോദനം നല്‍കാന്‍ മുംബൈ മാരത്തണില്‍ ഇറങ്ങി റിയോ ഒളിംപിക്‌സിലേക്ക് ഓടിക്കയറിയ താരമാണ് വയനാട്ടുകാരന്‍ തോന്നക്കല്‍ ഗോപി. 2:16:00 സെക്കന്‍ഡ് ആയിരുന്നു ലോക ചാംപ്യന്‍ഷിപ്പിലെ യോഗ്യതാ മാര്‍ക്ക്.
രണ്ട് മണിക്കൂര്‍ 13 മിനുട്ട് 39 സെക്കന്‍ഡില്‍ കൊറിയയിലെ സോളില്‍ നടന്ന മീറ്റില്‍ മാരത്തണ്‍ ഫിനിഷ് ചെയ്താണ് ഗോപി ദോഹയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. 11 വര്‍ഷമായി ഗോപി കരസേനയില്‍ എത്തിയിട്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.