2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റാഹിം അക്തര്‍, 22 വയസ്സ്, ബംഗ്ലാദേശ് സര്‍വ്വകലാശാല പുറത്താക്കി; കാരണം- റോഹിംഗ്യന്‍ വംശജ

ധാക്ക: എങ്ങും അഭയമില്ലാത്ത, പീഢനത്തിന്റെ കൊടുമുടികള്‍ നിറഞ്ഞ, ശബ്ദിക്കാന്‍ ആരുമില്ലാത്ത റോഹിംഗ്യകളുടെ, തന്റെ ജനതയുടെ ശബ്ദമാവണം. ഉന്നത പഠനത്തിനെത്തുമ്പോള്‍ ഇതു മാത്രമായിരുന്നു റാഹിമ അക്തര്‍ എന്ന 20കാരിയുടെ സ്വപ്നം. എന്നാല്‍ അതേ വിലാസം അവളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്.

ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ സ്വകാര്യ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്നു റാഹിമ. കുതുപലോങ് അഭയാര്‍ഥി ക്യാംപിലെ അന്തേവാസിയായിരുന്നു അവള്‍. സ്‌കൂള്‍ വിദ്യാഭ്യാസം പോലും നിഷേധിക്കുന്ന ബംഗ്ലാദേശിലെ വിദ്യാഭ്യാസത്തിനായുള്ള റോഹിംഗ്യകളുടെ സമരത്തിന്റെ മുഖമായിരുന്നു അവള്‍.

കഴിഞ്ഞ ഒക്ടോബറില്‍ അസോസിയേറ്റഡ് പ്രസ് ഷൂട്ട് ചെയ്ത വീഡിയോയില്‍ റാഹിമ തന്റെ സ്വപ്‌നങ്ങള്‍ പങ്കുവെച്ചിരുന്നു. റോഹിംഗ്യകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തലാണ് തന്റെ സ്വപ്നമെന്ന് അവള്‍ പങ്കുവെച്ചു. അതിനായാണ് താന്‍ പഠിക്കുന്നതെന്നും റാഹിമ വ്യക്തമാക്കിയിരുന്നു. വീഡിയോ പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം വൈറലായി.

‘റോഹിംഗ്യയാണോ എന്ന് ക്യാംപസില്‍ ഓരോരുത്തരം എന്നോട് ചോദിക്കാന്‍ തുടങ്ങി. ചിലര്‍ എനിക്കെതിരെ ക്യാംപയിന്‍ ആരംഭിച്ചു. എന്നെ തിരിച്ചയക്കണമെന്ന് ശക്തമായി വാദിക്കാന്‍ തുടങ്ങി’- റാഹിമ പറയുന്നു. പഠിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ആരാണെന്ന കാര്യം മറച്ചുവെച്ചത്. എനിക്ക് കുറ്റബോധം ഉണ്ടായിരുന്നു. എന്നാല്‍ ഇതല്ലാതെ എനിക്കു മുന്നില്‍ മറ്റൊരു വഴി ഇല്ലായിരുന്നു. റോഹിംഗ്യയായി ജനിച്ചു എന്നത് എന്റെ കുറ്റമല്ല- അവര്‍ വികാരാധീനയായി.

താന്‍ ആരാണെന്ന് വെളിപെട്ടതോടെ തന്റെ ജീവന്‍ പോലും അപകടത്തിലായെന്ന് റാഹിമ പറയുന്നു. ഒരു ബന്ധുവിന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു പിന്നീട്. 12 വയസ്സായപ്പോള്‍ തന്റെ പഠനം അവസാനിപ്പിച്ച് വിവാഹം കഴിപ്പിക്കാന്‍ പിതാവ് ഒരുപാട് ശ്രമിച്ചിരുന്നു. ഒരുപാട് കേണപേക്ഷിച്ച ശേഷമാണ് തുടര്‍ന്ന് പഠിക്കാന്‍ അനുവാദം ലഭിച്ചത്.

1992ല്‍ ബംഗ്ലാദേശില്‍ കുടിയേറിയതാണ് അക്തറിന്റെ കുടുംബം. എന്നാല്‍ റാഹിമ ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്. രജിസ്റ്റര്‍ ചെയ്യപ്പെട്ട 33,000 അഭയാര്‍ഥികളില്‍ പെട്ടവരാണ് ഇവര്‍.

അഭയാര്‍ഥി ക്യാംപുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്‌കൂളുകളില്‍ പഠിക്കാന്‍ മാത്രമാണ് ഇവര്‍ക്ക് അനുവാദമുള്ളത്. ചിലര്‍ കൃത്രിമ രേഖകളുണ്ടാക്കി മക്കളെ ബംഗ്ലാദേശ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നുണ്. 2019 വരെ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ പോവുക.ാ.ിരുന്നു ഈ നീക്കങ്ങള്‍. എന്നാല്‍ ഇപ്പോള്‍ കഥമാറി- റാഹിമ പറയുന്നു.

പ്രതീക്ഷയറ്റ ജീവിത്തിലേക്കാണ് റോഹിംഗ്യകളുടെ ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത്. ഇതവസാനിപ്പിക്കണം. അനൗദ്യോഗികമെങ്കിലും 2000 സ്‌കൂളുകളാണ് ക്യാംപുകളിലുള്ളത്. അത് തന്നെ വെറും രണ്ടു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നവ. ഇപ്പോള്‍ തന്നെ അരലക്ഷത്തിലേറെ കുട്ടികള്‍ ബംഗ്ലാദേശിലെ ക്യാംപുകളിലുണ്ട്. 15- 18 പ്രയമുള്ള കുട്ടികളില്‍ 97 ശതമാനവും പഠിക്കുന്നില്ല. ഇവര്‍ക്കെല്ലാം നല്ലൊരു ഭാവിയുണ്ടാക്കണം. എന്റെ പഠനം തുടരണം. എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അവര്‍ക്ക് കവര്‍ന്നെടുക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ എന്നിലെ അറിവിനെ അവര്‍ക്കൊന്നും ചെയ്യാനാവില്ല- ആര്‍ജ്ജവത്തോടെ ആത്മവിശ്വാസത്തോടെ ആ ഇരുപതുകാരി പറയുന്നു.

കടപ്പാട് അല്‍ജസീറ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.