2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

യു.എസ് റദ്ദാക്കിയെന്നു പറയുന്നത് ഞങ്ങളുടെ പണം, അത് തിരിച്ചു തരണം- നിലപാട് കടുപ്പിച്ച് പാകിസ്താന്‍

വാഷിംഗ്ടണ്‍: സൈനിക സഹായം നിര്‍ത്തലാക്കിയെന്ന യു.എസ് തീരുമാനത്തോട് രൂക്ഷമായി പ്രതികരിച്ച് പാകിസ്താന്‍. റദ്ദാക്കിയെന്ന് അവര്‍ പറയുന്നത് തങ്ങളുടെ പണമാണെന്നും അത് യു.എസ് തിരികെ നല്‍കണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു.’അത് ഞ്ങ്ങളുടെ പണമാണ്. ഭീകരതക്കെതിരായ യുദ്ധത്തിന് ഞങ്ങള്‍ ചെലവഴിച്ച പണം. അത് യു.എസ് തിരികെ നല്‍കണം’- പാക് വിദേശകാര്യ മന്ത്ര ഷാ മഹമൂദ് ഖുറൈശി പറഞ്ഞു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ചര്‍ച്ച നടത്തുമെന്നും ഉഭയകക്ഷി ബന്ധം നന്നാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്താന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാമ്പത്തിക സഹായം റദ്ദാക്കിയെന്ന് കഴിഞ്ഞ ദിവസമാണ് യു.എസ് പ്രഖ്യാപിച്ചത്. അഫ്ഗാനിസ്ഥാനെതിരായി 17 വര്‍ഷമായി ഭീകര പ്രവര്‍ത്തനം നടത്തുന്ന തീവ്രവാദികള്‍ക്ക് പാകിസ്താന്‍ സുരക്ഷാ താവളം ഒരുക്കുന്നുവെന്ന് കാണിച്ചാണ് പാക്കിസ്താന് നല്‍കാമെന്നേറ്റ സഹായം അമേരിക്ക റദ്ദാക്കിയത്.

ഈ വര്‍ഷമാദ്യമാണ് ട്രംപ് പാകിസ്താന് സഹായം പ്രഖ്യാപിച്ചത്. സഹായം റദ്ദാക്കിയെങ്കിലും ഭാവിയില്‍ പാകിസ്താന്‍ നയം മാറ്റുകയും ഭീകരര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്താല്‍ നിലപാട് മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. 2002 മുതല്‍ അമേരിക്ക 3300 കോടിയിലധികം ഡോളറിന്റെ സാമ്പത്തിക സഹായമാണ് പാകിസ്താന് നല്‍കിയിട്ടുള്ളത്. ഇതില്‍ 99 കോടിയും സി.എസ്.എഫ് ഫണ്ടാണ്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും മുതിര്‍ന്ന യു.എസ് സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡും ഇസ്‌ലാമാബാദിലേക്ക് പോകാനിരിക്കെയാണ് സൈന്യം സഹായം നിര്‍ത്തലാക്കിയത്. ഭീകരരെ നേരിടുന്നത് ഉള്‍പ്പെടെയുള്ളവ ഇവരെത്തുന്ന യോഗത്തില്‍ ചര്‍ച്ചയാകുമെന്നു യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.