2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കും; ഭീഷണിയുമായി വീണ്ടും ഇസ്‌റാഈല്‍

തെല്‍അവീവ്: സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന ഭീഷണിയുമായി വീണ്ടും ഇസ്‌റാഈല്‍. സിറിയയും ഇറാനും പുതിയ സുരക്ഷാ സഹകരണ കരാറില്‍ ഒപ്പുവച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

‘സിറിയയില്‍ സൈന്യത്തെ വിന്യസിക്കാനും ആധുനിക ആയുധങ്ങള്‍ സ്ഥാപിക്കാനുമുള്ള ഇറാന്റെ ഏത് നീക്കത്തെയും ശക്തമായി ചെറുക്കും. സിറിയയും ഇറാനും തമ്മിലുള്ള ഒരു കരാറും ഇതില്‍ നിന്ന് ഞങ്ങളെ തടയില്ല. ഒരു ഭീഷണിയും ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തടസ്സമാവില്ല’- നെതന്യാഹു പറഞ്ഞു. ഇസ്‌റാഈലിന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ പേര് നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു. ശക്തിയുള്ളവരുടെ കൂടെയാണ് എപ്പോഴും ലോകമെന്നും ശക്തിയില്ലാത്തവര്‍ എപ്പോഴും ആക്രമിക്കപ്പെടുമെന്നുമുള്ള തത്വം ലോകത്തെവിടെയുമെന്ന പോലെ ഇവിടെയും നിലനില്‍ക്കുമെന്നും നെതന്യാഹു തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

സിറിയയുമായി ഉണ്ടാക്കിയ സുരക്ഷാ സഹകരണ കരാറിന്റെ അടിസ്ഥാനത്തില്‍ ഇറാന്‍ സൈന്യം സിറിയയില്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം ഡമസ്‌ക്കസിലെ ഇറാന്‍ സൈനിക സ്ഥാനപതി പറഞ്ഞിരുന്നു.

സിറിയയില്‍ ഇറാന്റെ കടന്നു കയറ്റം അനുവദിക്കില്ലെന്ന് നേരത്തെയും നെതന്യാഹു പ്രസ്താവിച്ചിരുന്നു. സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരേ നേരത്തെ ഇസ്‌റാഈല്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ലബനാനിലെ ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ലയ്ക്ക് ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.

ഏഴുവര്‍ഷത്തിലേറെയായി തുടരുന്ന സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ വിമത സൈനികര്‍ക്കെതിരായ പോരാട്ടത്തില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ പിന്തുണ ഇറാന്‍ നല്‍കിവരുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.