2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

സൗഹാര്‍ദ്ദത്തിനുള്ള ക്ഷണം ദൗര്‍ബല്യമായി കാണരുത്- ഇന്ത്യന്‍ ഭരണകൂടത്തോട് ഇമ്രാന്‍

ഇസ്‌ലാമാബാദ്: സൗഹൃദ ചര്‍ച്ചകള്‍ക്കുള്ള ക്ഷണത്തെ പാകിസ്താന്റെ ദൗര്‍ബല്യമായി കാണേണ്ടെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യന്‍ നേതൃത്വം അഹങാകാരം ഉപേക്ഷിക്കണമെന്നും സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ അഹങ്കാരം ഉപേക്ഷിച്ച് ഇന്ത്യന്‍ നേതൃത്വം സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാവുമെന്നാണ് എന്റെ പ്രതീക്ഷ. സൗഹാര്‍ദ്ദത്തിനുള്ള ഞങ്ങളുടെ ക്ഷണം ഞങ്ങളുടെ ദൗര്‍ബല്യമായി കാണരുത്. ഇന്ത്യക്കും പാകിസ്താനുമിടയിലെ സൗഹൃദം ദാരിദ്ര്യത്തെ മറികടക്കാന്‍ സഹായിക്കും’- ഇമ്രാന്‍ പറഞ്ഞു.

പാകിസ്താനെ ഭീഷണിപ്പെടുത്തേണ്ട. ഒരു വിധത്തിലുള്ള ആക്രമണവും തങ്ങള്‍ അനുവദിക്കില്ല. ഒരു ലോക ശക്തികളില്‍ നിന്നുള്ള സമ്മര്‍ദ്ദവും തങ്ങള്‍ എടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുമായുള്ള കൂടിക്കാഴ്ചക്കുള്ള ശ്രമങ്ങള്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ ഇമ്രാന്‍ ഖാന്‍ തിടുക്കം കാട്ടിയെന്നും നയതന്ത്ര മേഖലയിലെ പതനത്തിനു പ്രധാനമന്ത്രിയാണ് ഉത്തരവാദിയെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് (പി.എം.എല്‍ എന്‍), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) എന്നിവയാണ് ഇമ്രാന്‍ ഖാനെതിരേ രംഗത്തെത്തിയത്. ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്കു മുന്‍പു പ്രധാനമന്ത്രി ഗൃഹപാഠം ചെയ്തില്ലെന്നും അവര്‍ കുറ്റപ്പെടുത്തി
ഇമ്രാന്‍ ഖാന്‍ ഇന്ത്യയ്ക്കയച്ച കത്തില്‍ പാക്ക് ഭീകരവാദത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് എഴുതിയത് ശരിയായില്ലെന്നു മുന്‍ വിദേശകാര്യ മന്ത്രിയും പി.എം.എല്‍ എന്‍ നേതാവുമായ ഖ്വാജ ആസിഫ് മുഹമ്മദ് പറഞ്ഞു. ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി അമിതോത്സാഹം കാട്ടിയതു പാകിസ്താന്റെ ഭാഗത്തെ ദൗര്‍ബല്യം തുറന്നുകാട്ടി. ഇന്ത്യാ പാകിസ്താന്‍ ബന്ധം സാധാരണ രീതിയിലാക്കുന്നതിന് എതിരല്ല. പക്ഷേ, അന്തസ്സ് നിലനിര്‍ത്തണമായിരുന്നെന്നും ആസിഫ് ചൂണ്ടിക്കാട്ടി.

അടുത്തിടെ യുഎസും ഇന്ത്യയും പാകിസ്താനെതിരെ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ഇരു രാഷ്ട്രങ്ങളും എല്ലാ തരത്തിലുള്ള ആരോപണങ്ങളും പാകിസ്താനെതിരെ ഉന്നയിച്ചിട്ടുണ്ട്. എന്നിട്ടും കത്തില്‍ തീവ്രവാദത്തെക്കുറിച്ചു സംസാരിക്കുന്നു. പാകിസ്താന്റെ ഭാഗത്താണു ദൗര്‍ബല്യം എന്നതിനു തെളിവാണിെതന്നും ആസിഫ് പറഞ്ഞു. പിപിപി ഉപാധ്യക്ഷന്‍ ഷെറി റഹ്മാനും ഇമ്രാന്‍ ഖാനെതിരെ വിമര്‍ശനമുന്നയിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.