2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ഭാഗ്യം വന്ന വഴിയേ…രണ്ടു കുപ്പി വെള്ളം കൊടുത്ത റസ്റ്ററന്റ് ജീവനക്കാരിക്ക് ടിപ്പ് കിട്ടിയത് ഏഴു ലക്ഷം!

വാഷിങ്ടണ്‍: ഇപ്പോഴും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല അമേരിക്കയിലെ ഒരു ഭക്ഷണ ശാലയിലെ ജീവനക്കാരി അലൈന കസ്റ്റര്‍ക്ക്. എങ്ങനെ മാറും. ആയിരവും പതിനായിരവുമല്ല രൂപ ഏഴു ലക്ഷമാണ് ഒറ്റയടിക്ക് കയ്യില്‍ തടഞ്ഞത്. വെറും രണ്ടുകുപ്പി വെള്ളം വാങ്ങിയ ആള്‍ ടിപ്പായി നല്‍കിയതാണ് ഈ വമ്പന്‍ തുക.

അമേരിക്കയിലെ നോര്‍ത്ത് കരോലീനയില്‍ ഗ്രീന്‍വില്ലെയിലെ സപ് ഡോഗ്‌സ് എന്ന ഭക്ഷണശാലയിലെ ജീവനക്കാരിയാണ് അലൈന കസ്റ്റര്‍. ‘മിസ്റ്റര്‍ ബീസ്റ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന യു ട്യൂബ് താരമാണ് അലിയാനയ്ക്ക് വന്‍തുക ടിപ്പ് നല്‍കിയത്. ‘സ്വാദിഷ്ഠമായ വെള്ളത്തിന് നന്ദി’ എന്നൊരു കുറിപ്പിനൊപ്പമാണ് പണം ടിപ്പായി വച്ചിരുന്നത്. പതിനായിരം ഡോളര്‍ (ഏകദേശം 7,37,950 രൂപ) ആയിരുന്നു ടിപ്പ്. യു ട്യൂബില്‍ 89ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ളയാളാണ് മിസ്റ്റര്‍ ബീസ്റ്റ്.

‘ആരോ കളിപ്പിക്കുകയാണെന്നാണ് കരുതിയിരുന്നത്. നൂറിന്റെ നോട്ടുകളുടെ ഒരു വലിയകെട്ടായിരുന്നു കുറിപ്പിനൊപ്പം’- അലൈന പറയുന്നു. ഇത്രയും വലിയ തുക ടിപ്പായി ലഭിച്ചതില്‍ സന്തോഷമുണ്ട്. സപ് ഡോഗ്‌സില്‍ ജോലി ചെയ്യുന്ന വലിയൊരു ശതമാനം പേരും കോളേജ് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരാണ്. ഈ തുക എനിക്ക് വളരെ സഹായകരമാകുമെന്നാണ് കരുതുന്നത്. ഈ തുക ഞങ്ങളെല്ലാവരും ചേര്‍ന്ന് പങ്കുവച്ചെടുക്കും. അത് ഒരുപാടു പേര്‍ക്ക് ഗുണകരമാകും- അലൈന കൂട്ടിച്ചേര്‍ത്തു.

ടിപ്പ് കിട്ടിയതിനു ശേഷമുള്ള അലൈനയുടെ ഭാവം ഫോട്ടോയില്‍ പകര്‍ത്താന്‍ രണ്ടുപേരെ മിസ്റ്റര്‍ ബീസ്റ്റ് ചുമതലപ്പെടുത്തിയിരുന്നു. പിന്നീട് തിരികെയെത്തി അലൈനയുടെയും സപ് ഡോഗ്‌സിലെ ജീവനക്കാരുടെയും സന്തോഷത്തില്‍ മിസ്റ്റര്‍ ബീസ്റ്റ് പങ്കുചേരുകയും ചെയ്തു.

അലൈന പണവുമായി നില്‍ക്കുന്നതിന്റെ ചിത്രം സപ് ഡോഗ്‌സ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.