2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

വസല്‍ ശൈഖ് ഖലീല്‍- രക്തസാക്ഷിത്വത്തെ പുഞ്ചിരിയോടെ വരിച്ച പെണ്‍കുട്ടി

എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പെടെ അറുപതിലേറെ ആളുകളെയാണ് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊന്നു കളഞ്ഞത്.

‘മരണത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് അവള്‍ ആപ്രതിഷേധച്ചൂടിലേക്കിറങ്ങിയത്. പ്രതിഷേധസമരത്തിനിറങ്ങുമ്പോള്‍ മരണത്തിന്റെ മാലാഖമാര്‍ തന്നെ തലോടുന്നതിനെ കുറിച്ചാണവള്‍ സംസാരിച്ചത്. താന്‍ മരിച്ചു വീഴുന്നിടത്ത് തന്നെ ഖബറടക്കണമെന്ന് അവള്‍ എന്നോട് പറഞ്ഞു’- ഇത് റീം അബു ഇര്‍മാന. കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ വെടിവയ്പില്‍ രക്തസാക്ഷിയായ പതിനാലുകാരി വസലിന്റെ ഉമ്മ.

രക്തസാക്ഷിത്വമാണ് അവള്‍ ആശിച്ചത്. എല്ലാ പ്രതിഷേധങ്ങളിലും പ്രകടനങ്ങളിലും അവള്‍ പങ്കെടുക്കാറുണ്ടായിരുന്നു. തന്നെ രക്തസാക്ഷിയാക്കേണമേ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നു.- ഇരുമ്പു മേല്‍ക്കൂര തീര്‍ത്ത കൂരയിലിരുന്ന് റീം പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് അവല്‍ പതിനാലു വയസ്സു തികഞ്ഞത്. അന്നു മുതല്‍ രക്തസാക്ഷിത്വത്തെ കുറിച്ചായിരുന്നു അവളുടെ ചിന്ത. കഴിഞ്ഞ ദിവസം മാര്‍ച്ചിനു പോവരുതെ കളിയായി അവളുടെ 21കാരന്‍ സഹോദരന്‍ അവളോട് പറഞ്ഞിരുന്നു. പോയാല്‍ കാല് തല്ലിയൊടിക്കുമെന്ന അവന്റെ ഭീഷണിക്ക് ഒരു കാലാണെങ്കിലും പോവുമെന്നായിരുന്നു വസലിന്റെ മറുപടി. രണ്ടു കാലും മുറിച്ചാല്‍ ഇഴഞ്ഞു പോവും. അവള്‍ പറഞ്ഞു. അത്രയ്ക്ക് ധീരയായിരുന്നു എന്റെ വസല്‍- റീം വികാരാധീനയായി. തന്റെ പിറന്നാളിനു വേണ്ടി വസല്‍ എഴുതിയ കവിതയിലെ വരികള്‍ അവര്‍ ഓര്‍ത്തെടുത്തു. മരിക്കുമ്പോള്‍ പതിനൊന്നുകാരന്‍ സഹോദരനും വസലിന് സമീപമുണ്ടായിരുന്നു. വസലില്ലെന്നതൊഴിച്ചാല്‍ തങ്ങളുടെ ജീവിതം പഴയതു പോലെ തന്നെയാണെന്ന് അവര്‍ ആവര്‍ത്തിക്കുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇസ്‌റാഈലും ഈജിപ്തും ഗസയിലെ ജനങ്ങള്‍ക്കു മേല്‍ കടുത്ത ഉപരോധമാണ് ഏര്‍പെടുത്തിയിട്ടുള്ളത്. ഏഴുമക്കളുള്ള തന്റെ കുടുംബം പുലര്‍ത്താന്‍ ഈ നിയന്ത്രണങ്ങള്‍ കാരണം ഏറെ പാടാണെന്ന് അവര്‍ പറയുന്നു. വീടിന്റെ വാടക പോലും നല്‍കാന്‍ കഴിയുന്നില്ല. അള്ളാഹു ഞങ്ങളെ സഹായിക്കുമെന്ന വിശ്വാസമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്- നിശ്ചയദാര്‍ഢ്യത്തില്‍ റീം കൂട്ടിച്ചേര്‍ത്തു.

ലോകം മുഴുവന്‍ ഗസ എന്ന ഈ ചെറിയ പ്രദേശത്തെ ഞെരിക്കുകയാണ്- പറയുന്നത് വെടിവയ്പില്‍ കൊല്ലപ്പെട്ട 23കാരന്‍ തൗബസിയുടെ ഉപ്പ ഇബ്‌റാഹിം. രണ്ടു വയസ്സുള്ള ഒരു കുഞ്ഞുണ്ട് തൗബസിക്ക്.

എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഖബറടക്കത്തിനിടെ

എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പെടെ അറുപതിലേറെ ആളുകളെയാണ് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊന്നു കളഞ്ഞത്. ജറൂസലമില്‍ യു.എസ് എംബസി തുറന്നതില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കുനേരെ ഇസ്‌റാഈല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പ്പറത്തി ഇസ്‌റാഈല്‍ സൈന്യം നരനായാട്ട് നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.