2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കാലുകുത്താന്‍ അനുവദിക്കില്ല; നവാസ് ശരീഫിനെ വഴിമധ്യെ അറസ്റ്റ് ചെയ്യാന്‍ നീക്കം

ലാഹോര്‍: നവാസ് ശരീഫിനേയും മകളേയും പാകിസ്താനില്‍ കാലുകുത്തും മുമ്പ് തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. അബുദബി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രത്യേക എന്‍.എ.ബി സംഘമാണ് (നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ) ഇവരെ അറസ്റ്റു ചെയ്യുക. എന്നാല്‍ എന്‍.എ.ബി സംഘം അബുദബിയിലേക്കു തിരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നവാസ് ശരീഫസഞ്ചരിക്കുന്ന ഫ്‌ലൈറ്റില്‍ വച്ചു തന്നെ അറസ്റ്റ് ചെയ്യാനാണിതെന്നും റിപ്പോര്‍ട്ടുണ്ട്. ലാഹോറിലേക്കാണ് കൊണ്ടു വരിക.  

അറസ്റ്റുമായി ബന്ധപ്പെട്ട പതിനായിരത്തിലെറെ പൊലിസുകാരെ ലാഹോറില്‍ വിന്യസിച്ചിട്ടുണ്ട്. നേതാവിന്റെ അറസ്റ്റിനെ പ്രതിരോധിക്കാന്‍ ആയിരക്കണക്കിന് അനുയായികളാണ് ഇവിടെ തടിച്ചു കൂടിയിരിക്കുന്നത്.  

അഴിമതിക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ശരീഫിന് കോടതി 10 വര്‍ഷവും മകള്‍ക്ക് ഏഴു വര്‍ഷവും തടവും വിധിച്ചിരുന്നു. കൂടാതെ രാജ്യംവിടാന്‍ അനുമതിയില്ലാത്തവരുടെ ലിസ്റ്റിലും ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ട്.

ശരീഫിന്റെ ഭാര്യ ബീഗം കുല്‍സൂം നവാസിന്റെ ചികിത്സയ്ക്കായി നിലവില്‍ ഇരുവരും ലണ്ടനിലാണ്. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച ബീഗം കുല്‍സൂമിന് കഴിഞ്ഞ മാസം 14 ന് ഹൃദയാഘാതം കൂടി സംഭവിക്കുകയായിരുന്നു. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ലണ്ടനിലായതിനാല്‍ തനിക്കെതിരായ വിചാരണ ഒരാഴ്ച വൈകിപ്പിക്കണമെന്ന് ഷെരീഫ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു.

തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ശരീഫും കുടുംബാംഗങ്ങളും വിദേശരാജ്യങ്ങളില്‍ കോടികളുടെ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനു പുറമെ പാനമ പേപ്പറുമായി ബന്ധപ്പെട്ട കേസ്, മക്കള്‍ ലണ്ടനില്‍ ആഡംബര ഫല്‍റ്റുകള്‍ വാങ്ങിക്കൂട്ടിയ കേസ്, മകള്‍ മറിയം വ്യാജരേഖ ചമച്ചതുള്‍പ്പടെ നിരവധി കേസുകളിലാണ് നവാസ് ശരീഫും മകളും പ്രതികളായിട്ടുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.