2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

റാഫേല്‍ വിവാദം: റിലയന്‍സിനെ പങ്കാളിയാക്കിയത് കമ്പനി തീരുമാനം- വിശദീകരണവുമായി സി.ഇ.ഒ

പാരീസ്: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊടിപൊടിക്കുന്നതിനിടെ വിശദീകരണവുമായി ഇടപാടുകാരായ ഫ്രഞ്ച് കമ്പനി ദസോ ഏവിയേഷന്‍ സി.ഇ.ഒ രംഗത്ത്. ഇടപാട് സംബന്ധിച്ച വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് എറിക് ട്രാപ്പിയര്‍ ചൂണ്ടിക്കാട്ടി. റിലയന്‍സിനെ പങ്കാളിയായി തീരുമാനിച്ചത് കമ്പനി തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദസോ ഏവിയേഷനുമായുള്ള കരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്നുള്ള കര്‍ശന നിര്‍ദേശം ഇന്ത്യന്‍ സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരിന് നല്‍കിയിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിരിക്കുന്നത്.

ആരെ പങ്കാളിയാക്കാമെന്ന് കമ്പനിക്ക് തീരുമാനിക്കാം. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ചാണ് പങ്കാളിയെ തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ ദീര്‍ഘകാല സാന്നിധ്യത്തിനു വേണ്ടിയാണ് റിലയന്‍സിനെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പത്തു ശതമാനം മാത്രമാണ് റിലയന്‍സിന്റെ നിക്ഷേപമെന്നും പറഞ്ഞു. ഇന്ത്യയുമായി 65 വര്‍ഷമായി നല്ല ബന്ധമാണ് തുടരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമം നടത്തിയ വെളിപെടുത്തല്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. നേരത്തെ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഹൊളാന്തെയും ഇതേരീതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇത് സംബന്ധിച്ച് ആരോപണം ഉന്നയിച്ചെങ്കിലും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇത് നിഷേധിച്ചിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ വ്യക്തമായ ഒരുപ്രതികരണവും നടത്തിയിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.