2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ട്രംപുമായി ഉടക്കി; സി.എന്‍.എന്‍ റിപ്പോര്‍ട്ടറുടെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി

വാഷിങ്ടണ്‍: നേരത്തെ ന്യൂസ് കോണ്‍ഫറന്‍സില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉടക്കിയ സി.എന്‍.എന്‍ റിപ്പോര്‍ട്ടറുടെ പ്രസ് പാസ് റദ്ദാക്കി. ജിം അകോസ്റ്റക്കെതിരെയാണ് നടപടിയുണ്ടായത്. വൈറ്റഹൗസ് ഇന്റേണ്‍ ആയ പെണ്‍കുട്ടിയുടെ കയ്യില്‍ ജിം പിടിച്ചെന്നും അവരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് ഇറക്കിയ പ്രസ്താവനയില്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത് നുണയാണ് എന്ന് അകോസ്റ്റ ട്വീറ്റ് ചെയ്തു.

ട്രംപ് മാധ്യമസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നയാളാണെന്നും തന്റെ ഭരണത്തെക്കുറിച്ച് കടുത്ത ചോദ്യങ്ങളെ നേരിടാന്‍ അദ്ദേഹം തയ്യാറാണെന്നും സാറ സാന്‍ഡേഴ്‌സിന്റെ പ്രസ്താവന പറയുന്നുണ്ട്. മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ ജിം അകോസ്റ്റയെ വൈറ്റ് ഹൗസ് റിപ്പോര്‍ട്ടിങ്ങില്‍ നിന്നും വിലക്കുന്നതായും സാറ പറയുന്നു.

സി.എന്‍.എന്നുമായി കടുത്ത വിയോജിപ്പുകള്‍ ട്രംപിനുണ്ട്. ഇവര്‍ പ്രസിഡന്റിന്റെ കടുത്ത വിമര്‍ശകരാണ് എന്നതാണ് കാരണം. ഇപ്പോള്‍ നടന്നതിനു സമാനമായ സംഭവങ്ങള്‍ നേരത്തെയും സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് വൈറ്റ് ഹൗസില്‍ നേരിടേണ്ടി വന്നിട്ടുമുണ്ട്. ജിം അകോസ്റ്റ നേരത്തെയും ട്രംപിന് ഇഷ്ടപ്പെടാത്ത ചോദ്യങ്ങളുന്നയിച്ച് വൈറ്റ് ഹൗസിന്റെ അപ്രീതി നേടിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.