2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മ്യാന്‍മര്‍ അറസ്റ്റ് ചെയ്ത റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഴു വര്‍ഷം തടവ്

യാങ്കൂണ്‍:  മ്യാന്മര്‍ ഭരണകൂടം പിടികൂടി കുറ്റം ചുമത്തിയ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഴു വര്‍ഷം തടവ്.  റോഹിംഗ്യന്‍ മുസ്്‌ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവം അന്വേഷിക്കാനെത്തിയ വാ ലോണ്‍ (32), ക്യാ സോ ഓ (28) എന്നിവരെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തിരുന്നത്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. യാങ്കോണിലെ ഇന്‍സെയിന്‍ ജയിലില്‍ കഴിയുകയാണ് ഇവര്‍. മ്യാന്മറിലെ പടിഞ്ഞാറന്‍ സ്റ്റേറ്റായ റാഖൈനിലെ ഒരു ഗ്രാമത്തില്‍  കുട്ടികളടക്കം പത്ത് റോഹിംഗ്യന്‍ മുസ്്‌ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവം അന്വേഷിക്കുന്നതിനിടെയാണ് പത്രപ്രവര്‍ത്തകരെ മ്യാന്മര്‍ അധികൃതര്‍ ജയിലിലടച്ചത്.

റാഖൈനിലെ മൌങ്‌ഡോ ജില്ലയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സൈനിക നീക്കങ്ങളെകുറിച്ചുള്ള രേഖകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തുവെന്നാണ് പോലിസ് പറയുന്നത്. ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി മ്യാന്‍മര്‍ കോടതി ഇവരുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

മ്യാന്മറിലെ പത്ര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ആഗോള ശ്രദ്ധയാകര്‍ഷിച്ച കേസാണിത്. യു.എന്‍ ഉള്‍പെടെ മ്യാന്‍മറിന്റെ പ്രവൃത്തിക്കെതിരെ രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് കൊളോണിയന്‍ കാലഘട്ടത്തെ നിയമം മുന്‍നിര്‍ത്തി മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത് മനുഷ്യാവകാശ ലംഘനമാണെന്നും അവരെ വിട്ടയക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടിരുന്നു.  


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.