2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

കനാലില്‍ വീണ ഒന്നര വയസുകാരന് പുതുജീവന്‍

കുറ്റ്യാടി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കനാലിലേക്ക് വീണ ഒന്നരവയസുകാരന് തൊഴിലുറപ്പ് തൊഴിലാളികളുടെയും വിദ്യാര്‍ഥിയുടെയും സമയോചിത ഇടപെടലില്‍ പുതുജീവന്‍. വേളം പുത്തലത്ത് ആയാട്ടുമീത്തല്‍ നജീറിന്റെ മകന്‍ മുഹമ്മദ് ഹാമിസാണ് കളിച്ചുകൊണ്ടിരിക്കെ കനാലില്‍ വീണത്.

സംഭവസമയം പരിസരത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഇതു കാണുകയും തുടര്‍ന്ന് ഇവരില്‍പെട്ട മലയില്‍ സജിത എന്ന സ്ത്രീ കനാലില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

ഒരു ചുവന്ന വസ്ത്രം ഒഴുകുന്നത് പോലെയാണ് തോന്നിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുട്ടി വീഴുന്നതിന് അല്‍പം മുന്‍പാണ് കനാല്‍ തുറക്കുന്നത്. വീട്ടില്‍ നിന്നു ഏകദേശം 200 മീറ്ററോളം ദൂരം കുട്ടി ഒഴുകിപ്പോയ ശേഷമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ കാണുന്നതും രക്ഷപ്പെടുത്തുന്നതും.

കനാല്‍ ഇന്നലെ തുറക്കുന്നതിനാല്‍ വൃത്തിയാക്കാനെത്തിയതായിരുന്നു തൊഴിലാളികള്‍. അതേസമയം അബോധാവസ്ഥയിലായിരുന്ന കുട്ടിക്ക് അയല്‍വാസിയായ രാഹുലാണ് കൃത്രിമ ശ്വാസം നല്‍കിയത്. തൊഴിലാളികളുടെ ബഹളം കേട്ടതിനെതുടര്‍ന്ന് ഓടിയെത്തിയതായിരുന്നു വടകര മാസറ്റേഴ്‌സ് കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിയായ രാഹുല്‍. മാതാവടക്കമുള്ളവര്‍ ചുറ്റും കൂടി പരിഭ്രമിച്ചു നില്‍ക്കവെ ആണ് കുട്ടിക്ക് രാഹുല്‍ പ്രാഥമിക ചികിത്സ നല്‍കിയത്.

തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചതും രാഹുലും മറ്റൊരയല്‍വാസി കൂടിയായ ഗിരീഷും കൂടിയാണ്. അതേസമയം മുന്നറിയിപ്പു കൂടാതെയാണ് കനാല്‍ തുറന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.