2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

കശ്മീരില്‍ ചരിത്രത്തിലാദ്യമായി തഴ്‌വരയില്‍ മുഹര്‍റം ആഘോഷങ്ങള്‍ മുടങ്ങിയേക്കും; ശിയാക്കള്‍ക്കും ബി.ജെ.പിയോട് അസംതൃപ്തി പടരുന്നു

 

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മുന്‍ മുഖ്യമന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവരെ തടവിലിട്ടതിന് പിന്നാലെ മുതിര്‍ന്ന ശിയാ നേതാവിനെ കൂടി കസ്റ്റഡിയിലെടുത്തതോടെ ചരിത്രത്തിലാദ്യമായി തഴ്‌വരയില്‍ മുഹര്‍റം ആഘോഷങ്ങള്‍ മുടങ്ങിയേക്കുമെന്ന ആശങ്കയില്‍ ശിയാ വിശ്വാസികള്‍. ശിയാ നേതാവും മുന്‍ മന്ത്രിയുമായ ഇംറാന്‍ റസാ അന്‍സാരി ദിവസങ്ങളായി പൊലിസ് കസ്റ്റഡിയിലാണ്. മുഹര്‍റം ആഘോഷം സംബന്ധിച്ച് അന്‍സാരിയുടെ നിര്‍ദേശങ്ങള്‍ അറിയുന്നതിനായി ശിയാ വിശ്വാസികള്‍ അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. ശ്രീനഗറിലെ ഡിവിഷണല്‍ കമ്മീഷണറുടെ ഓഫീസില്‍ നിന്ന് അനുമതി ലഭിച്ചെങ്കിലും അന്‍സാരിയെ കാണാന്‍ ശിയാ നേതാക്കളെ അനുവദിച്ചിരുന്നില്ല.

ഇതോടെ ഈ വര്‍ഷത്തെ മുഹര്‍റം ഘോഷയാത്ര ഏറെക്കുറേ മുടങ്ങുമെന്ന് ഉറപ്പായി. സംസ്ഥാനത്ത് ഇതുവരെ മുഹര്‍റം ആഘോഷപരിപാടികള്‍ മുടങ്ങിയിട്ടില്ല. പുതിയ നടപടി ബി.ജെ.പിയോട് ശിയാക്കള്‍ക്കിടയില്‍ അസംതൃപ്തി പടരാന്‍ കാരണമായിട്ടുണ്ട്. മുഹര്‍റം പത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ സെപ്റ്റംബര്‍ 10ന് നടത്താനാണ് ശിയാ സംഘടനകളുടെ ആലോചന.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും ഗ്രൂപ്പുകളിലും ഉള്‍പ്പെട്ട 40തിലേറെ നേതാക്കള്‍ക്കൊപ്പം അന്‍സാരിയേയും സെന്റ്വര്‍ ഹോട്ടലില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. അദ്ദേഹമാണ് മുഹര്‍റം ആഘോഷത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടയാളെന്നും ശിയാ നേതാക്കളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഞങ്ങള്‍ക്ക് ഈ പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല. അതിനാല്‍ ഞങ്ങളെ സംബന്ധിച്ച് അദ്ദേഹത്തെ കാണേണ്ടത് അത്യാവശ്യമാണ്. മതപരമായ എല്ലാ ആചാരങ്ങളേയും ഇത് ബാധിച്ചിട്ടുണ്ട്. അന്‍സാരിയുടെ സാന്നിധ്യമില്ലാതെ വിവാഹം പോലും ഞങ്ങള്‍ നടത്താറില്ലെന്നും ശിയാ വിഭാഗത്തിലുള്ള ഒരാള്‍ പറഞ്ഞു.

എന്നാല്‍, മുഹര്‍റം ഘോഷയാത്ര റദ്ദാക്കിയിട്ടില്ലെന്നാണ് ശ്രീനഗര്‍ ഡപ്യൂട്ടി കമ്മിഷനര്‍ ഷാഹിദ് ചൗധരി പ്രതികരിച്ചത്.

With top Shia leader in detention, uncertainty over Muharram in Kashmir


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News