2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ആശങ്കപ്പെടണോ ഈ വേനല്‍ക്കാലത്തെ

കെ. ജംഷാദ് http://www.facebook.com/kjamshad

ലോകം രൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകുമ്പോഴാണ് ഇന്ന് വീണ്ടും ലോക കാലാവസ്ഥാ ദിനം കടന്നുപോകുന്നത്. 2018ല്‍ കേരളം കടുത്ത പ്രളയത്തിനു സാക്ഷിയായി. തുടര്‍ന്ന് ഇന്നുവരെ കേരളം കടന്നുപോയത് അസാധാരണ കാലാവസ്ഥാ സാഹചര്യത്തിലൂടെയാണ്. കേരളം ഇതുവരെ സാക്ഷിയാകാത്ത വിധത്തില്‍ തണുപ്പുകാലത്ത് ശൈത്യം കൂടി. വേനല്‍ തുടങ്ങും മുന്‍പെ ചൂട് 37 ഡിഗ്രിയും പിന്നിട്ട് കുതിക്കുന്നു. ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണം അനുസരിച്ച് ഈ മാസം അവസാനം വേനല്‍മഴക്ക് സാധ്യതയുണ്ടെന്നും ഏപ്രില്‍ പകുതിക്ക് ശേഷം ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നതുമാണ് ആശ്വാസം. ഇതിനിടെ എല്‍നിനോ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരാനിരിക്കുന്ന കാലവര്‍ഷം ദുര്‍ബലപ്പെടുത്തുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ആഗോള കാലാവസ്ഥാ സ്ഥിതിയും കേരളവും

ഇന്നലെ ഇതെഴുതുമ്പോള്‍ ഭൂമിയുടെ ദക്ഷിണാര്‍ധ ഗോളത്തില്‍ കേരളത്തില്‍ നിന്ന് ഏകദേശം 7000 കിലോമീറ്റര്‍ അകലെ മൂന്നു ചുഴലിക്കാറ്റുകളാണ് ഉള്ളത്. ഇതില്‍ ഒന്ന് വെറോണിക്ക, മറ്റൊന്ന് ടെറെവര്‍. ഇവ രണ്ടും ആസ്‌ത്രേലിയയിലേക്ക് ഒന്നിച്ചു പ്രവേശിക്കുകയാണ്. അടുത്ത ദിവസം ആസ്‌ത്രേലിയയില്‍ പേമാരിക്കും പ്രളയത്തിനും ഇതു കാരണമാകും. സാവന്ന എന്ന പേരിലുള്ള മറ്റൊരു ചുഴലിക്കാറ്റും ഇതേ നിരയില്‍ ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ട്. ഇതിനു സമീപത്തായി മറ്റൊരു ചുഴലിക്കാറ്റും രൂപപ്പെടാനിരിക്കുന്നു. ആ മേഖലയില്‍ കാലവര്‍ഷം സജീവമാക്കുന്നതാണ് ഈ ചുഴലിക്കാറ്റുകള്‍. കഴിഞ്ഞ കുറേ മാസങ്ങളായി ഇവിടെ ന്യൂനമര്‍ദങ്ങളോ ചുഴലിക്കാറ്റുകളോ രൂപപ്പെടാത്തത് പസഫിക് സമുദ്രത്തിലെ ചൂട് കൂടാനും എല്‍നിനോ സാധ്യത വര്‍ധിപ്പിക്കാനും കാരണമായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ എല്‍നിനോ സൂചിക ഇപ്പോഴും ന്യൂട്രലില്‍ തുടരുന്നതിനാല്‍ ഈ വേനല്‍കാലത്ത് കേരളത്തില്‍ കൊടുംവരള്‍ച്ചക്ക് കാരണമാകുന്ന എല്‍നിനോ എത്തില്ലെന്ന് ആശ്വസിക്കാം. എന്നാല്‍, കാലവര്‍ഷം തുടങ്ങുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ എല്‍നിനോ സാധ്യത കേരളത്തെ ബാധിക്കുമോയെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ഇപ്പോഴത്തെ നിരീക്ഷണ പ്രകാരം ജൂലൈയില്‍ നേരിയതോതില്‍ എല്‍നിനോ സാധ്യത നിലനില്‍ക്കുന്നതായി ആഗോള കാലാവസ്ഥാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സൂര്യന്‍, ഭൂമി, കാലാവസ്ഥ

സൂര്യന്‍, ഭൂമി, കാലാവസ്ഥ എന്നതാണ് ഈ വര്‍ഷത്തെ ലോക കാലാവസ്ഥാ ദിനാചരണത്തിന്റെ യു.എന്‍ സന്ദേശം. കാലാവസ്ഥാ വ്യതിയാനമായിരുന്നു 2018ലെ സന്ദേശം. കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാനമായും ഹേതുവാകുന്നത് കാര്‍ബണ്‍ അസന്തുലിതാവസ്ഥയാണ്. ഇന്ധനങ്ങള്‍ കത്തുമ്പോഴുള്ള പുകയും മറ്റുമാണ് ആഗോളതാപനത്തിന് കാരണമെന്ന് പാരിസ് ഉച്ചകോടിയില്‍ ലോകം അംഗീകരിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്. ഇന്ത്യയില്‍ ഭാരത് 4 മാനദണ്ഡപ്രകാരമുള്ള വാഹനങ്ങള്‍ ഈ ലക്ഷ്യത്തിന്റെ ഭാഗമായി ഇറക്കിയതാണ്. സൂര്യന്‍, കാറ്റ് തുടങ്ങിയ ഊര്‍ജ സ്രോതസുകളിലൂടെ ഊര്‍ജം ഉത്പാദിപ്പിക്കുകയാണ് ഭൂമിയെ രക്ഷിക്കാനുള്ള ഏക പോംവഴി. ഇതോടൊപ്പം ഹരിതവല്‍കരണവും വേണം. സൗഊദി റിയാദ് നഗരത്തില്‍ 75 ലക്ഷം മരങ്ങള്‍ നട്ട് ഹരിതവല്‍ക്കരിക്കാന്‍ പോകുന്നു. വാഹനങ്ങള്‍ പുറം തള്ളുന്ന പുക ശുദ്ധീകരിക്കാന്‍ റോഡിന് ഇരുവശത്തും ധാരാളം മരങ്ങള്‍ വേണം. ഇലക്ട്രിക് വാഹനങ്ങളിലൂടെ പ്രകൃതിയെ സംരക്ഷിക്കണം. ഇത്തരം രീതിയിലേക്ക് മാറിയില്ലെങ്കില്‍ കാലാവസ്ഥ തകരുകയും ഭൂമിയില്‍ മനുഷ്യവാസം അസാധ്യമായിത്തീരുകയും ചെയ്യും. ജലസംരക്ഷണവും വനവല്‍ക്കരണവും മഴവെള്ള സംഭരണവും ഇനിയെങ്കിലും ചെയ്തില്ലെങ്കില്‍ ഭൂമി മരുഭൂവല്‍ക്കരിക്കപ്പെടുമെന്ന തിരിച്ചറിവാണ് യു.എന്നിന്റെ കീഴിലുള്ള വേള്‍ഡ് മെറ്റിയോറോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എം.ഒ) ഈ സന്ദേശത്തിലൂടെ നല്‍കുന്നത്.

വേനല്‍ വരളുമോ

കേരളത്തില്‍ വേനല്‍ വരളുമോയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. പ്രളയത്തിനു പിന്നാലെ കടുത്ത വരള്‍ച്ചയാണ് വരാന്‍ പോകുന്നതെന്നും 28 ദിവസം കൊണ്ട് കേരളം വരണ്ടുപോകുമെന്നുമുള്ള വ്യാജ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതിന് ശാസ്ത്രീയ അടിത്തറയൊന്നുമില്ല. കേരളത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ 20 വരെ ലഭിക്കേണ്ട മഴയുടെ അളവില്‍ 37 ശതമാനത്തിന്റെ കുറവുണ്ട്. കഴിഞ്ഞ മാസവും മഴക്കുറവുണ്ടായി. കാസര്‍കോട്,കോഴിക്കോട്, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ആണ് മഴ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. അടുത്ത രണ്ടു ദിവസം ചൂട് ശരാശരിയില്‍ നിന്ന് 3 ഡിഗ്രിവരെ കൂടുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. എന്നാല്‍ ശക്തമായ വേനല്‍മഴ ലഭിച്ചാല്‍ ഇത്തവണയും വേനലിനെ വരള്‍ച്ചയില്ലാതെ മറികടക്കാനാകും. കഴിഞ്ഞ വര്‍ഷം കുളങ്ങളും പൊതുജലസ്രോതസുകളും വ്യാപകമായി ശുചീകരിച്ചത് ആണ് ഇത്തവണ ചൂട് കൂടിയിട്ടും ജലക്ഷാമം അനുഭവപ്പെടാതിരിക്കാന്‍ കാരണം. പ്രളയത്തില്‍ പലതും പഴയപടിയായെങ്കിലും ആശങ്കപ്പെടാനുള്ള അളവില്‍ ഭൂഗര്‍ഭ ജലം കുറഞ്ഞിട്ടില്ലെന്നു വേണം അനുമാനിക്കാന്‍. ഈ മാസം അവസാനത്തോടെ ഒറ്റപ്പെട്ട വേനല്‍മഴയും ഏപ്രില്‍ പകുതിയോടെ ഏതാനും മഴയും പ്രതീക്ഷിക്കുന്നുണ്ട്. അവ ഗണ്യമായ തോതില്‍ ലഭിച്ചാല്‍ കുടിവെള്ള ക്ഷാമത്തിന് വലിയതോതില്‍ പരിഹാരമാകും. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിരിക്കുന്ന ചുഴലിക്കാറ്റുകളും ന്യൂനമര്‍ദങ്ങളും കേരളത്തിന് ഗുണമാകുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. അടുത്ത രണ്ടു മാസക്കാലത്തെ ഭൂമധ്യരേഖാ പ്രദേശത്തെ കാലാവസ്ഥാ മാറ്റം കേരളത്തിന് ഗുണം ചെയ്യുമെന്നാണ് നിലവിലുള്ള പ്രതീക്ഷ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.