2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

‘ഇപ്പോഴും വാതില്‍ തുറന്നിട്ടിരിക്കുന്നു’; സഖ്യ ചര്‍ച്ചയില്‍ കെജ്രിവാള്‍ യു- ടേണ്‍ അടിച്ചെന്ന് രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്- എ.എ.സി സഖ്യ സാധ്യത അവസാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എ.എ.പിക്ക് നാലു സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ കെജ്രിവാള്‍ യു- ടേണ്‍ അടിച്ചെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആരോപിച്ചു.

ഞങ്ങളുടെ വാതില്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും പക്ഷെ, സമയം അതിക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇതാദ്യമായാണ് ഡല്‍ഹിയിലെ സഖ്യ ചര്‍ച്ചകളുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പരസ്യമായി രംഗത്തെത്തുന്നത്.

എന്നാല്‍ യു- ടേണ്‍ അടിച്ചിട്ടില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമുള്ള മറുപടിയുമായി കെജ്രിവാള്‍ രംഗത്തെത്തി. ട്വിറ്ററിലൂടെ തന്നെയാണ് കെജ്രിവാളിന്റെ മറുപടി. മോദി- ഷാ ഭീഷണിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ് ഇന്നത്തെ പ്രധാന മിഷന്‍. യു.പിയിലും മറ്റു സംസ്ഥാനങ്ങളിലും നിങ്ങള്‍ മോദി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

മോദി അമിത്ഷാ കൂട്ടുകെട്ടില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എന്തിനും തയാറാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കോണ്‍ഗ്രസുമായി ചര്‍ച്ച തുടരാന്‍ സന്നദ്ധത അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, അഭിഷേക് മനു സിങ്‌വി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം.

ചോദ്യമുയര്‍ന്നപ്പോള്‍ ഡല്‍ഹി സഖ്യം ഏകദേശം തീരുമാനമായതാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ക്കൂടി സഖ്യം വേണമെന്ന ആവശ്യമാണ് പ്രശ്‌നമുണ്ടാക്കിയതെന്നും കെജ്‌രിവാളിന് അക്കാര്യമെല്ലാം അറിയാമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതേത്തുടര്‍ന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

ആദ്യഘട്ടത്തില്‍ എ.എ.പിയുമായി സഖ്യത്തിനില്ലെന്ന് ഉറച്ച നിലപാടെടുത്ത ഡല്‍ഹി കോണ്‍ഗ്രസ് ഘടകം പിന്നീട് അയഞ്ഞിരുന്നു. ഡല്‍ഹിയില്‍ സഖ്യമാവാമെന്ന് കോണ്‍ഗ്രസ് അറിയിച്ചതോടെ എ.എ.പി ഹരിയാനയിലും സഖ്യത്തിലാവണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ ചര്‍ച്ച വീണ്ടും ഉലഞ്ഞു.

സഖ്യചര്‍ച്ചകള്‍ പ്രതിസന്ധിയിലായതോടെ ആകെയുള്ള ഏഴില്‍ നാലുമണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിരുന്നു. ആംആദ്മി പാര്‍ട്ടി നേരത്തെ തന്നെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 23 ആണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. നാളെ മുതല്‍ പത്രിക സ്വീകരിച്ചു തുടങ്ങും.

ഡല്‍ഹില്‍ സഖ്യം വേണമെങ്കില്‍ ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്നും ഹരിയാനയിലെ ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഗുഡ്ഗാവ്, ഫരീദാബാദ്, കര്‍ണാല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്നും ആംആദ്മി ആവശ്യപ്പെട്ടതോടെയാണ് സഖ്യചര്‍ച്ച പ്രതിസന്ധിയിലായത്.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.