2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

എന്നെ പിന്തുണയ്ക്കുന്ന ഒരുലക്ഷം പേരെയും ഡി.എം.കെ പുറത്താക്കുമോ?- പാര്‍ട്ടിയില്‍ കലാപക്കൊടിയുമായി അഴകിരി

ചെന്നൈ: ഡി.എം.കെയില്‍ കലാപക്കൊടി താഴ്ത്താതെ എം.കെ അഴകിരി. പിതാവും ഡി.എം.കെയുടെ ദീര്‍ഘകാല അധ്യക്ഷനുമായിരുന്ന എം കരുണാനിധിയെ അനുസ്മരിച്ച് നടത്തിയ സമാധാന റാലിയെ അഭിസംബോധന ചെയ്ത അഴകിരി, തന്നെ പിന്തുണയ്ക്കുന്ന ഒരു ലക്ഷം പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമോയെന്ന് ചോദിച്ചു.

8000 ത്തില്‍ അധികം പേരാണ് റാലിയില്‍ സംബന്ധിച്ചിരുന്നത്. കരുണാനിധിയുടെ മരണത്തിനു മുന്‍പേ സഹോദരന്‍ എം.കെ സ്റ്റാലിനുമായി തുടങ്ങിയ ഉള്‍പ്പോര് പിന്നീടും കടുത്തിരുന്നു. ഡി.എം.കെയുടെ അധ്യക്ഷനാവാന്‍ യോഗ്യന്‍ താനാണെന്നും അഴകിരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്റ്റാലിനാണ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അതിനു ശേഷം വിമതപ്രവര്‍ത്തനവുമായി തന്നെ മുന്നോട്ടുപോവുകയാണ് അഴകിരി.

‘പാര്‍ട്ടിയുടെ രക്ഷകന്‍’ എന്ന തരത്തിലുള്ള മുദ്രാവാക്യം വിളികളും റാലിയില്‍ ഉണ്ടായിരുന്നു. അഴകിരിക്ക് മേല്‍ക്കൈയുള്ള മധുരൈയില്‍ നിന്ന് നിരവധി ആളുകളാണ് റാലിക്കെത്തിയത്.

നിരവധി പേര്‍ ‘രണ്ടാം കലൈഞ്ജര്‍’ എന്നെഴുതി അഴകിരിയുടെ ചിത്രമുള്ള ടി ഷര്‍ട്ടും ധരിച്ചെത്തി.

അഴകിരിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പോയ വേളച്ചേരി ഏരിയ സെക്രട്ടറിയെ ഡി.എം.കെയില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെയാണ് പുതിയ പരാമര്‍ശം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.