2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

വിളക്കോട് കാട്ടാനയുടെ വിളയാട്ടം

ഇരിട്ടി: ജനങ്ങളെ ഭീതിയിലാഴ്ത്തി മുഴക്കുന്ന് പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കാട്ടാനയിറങ്ങി. ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ചാക്കാട് സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശുവിനെ കുത്തിക്കൊല്ലുകയും വനംവകുപ്പിന്റെ ജീപ്പ് ആക്രമിക്കുകയും ചെയ്തു. കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു ഫോറസ്റ്റ് വാച്ചര്‍മാര്‍ രക്ഷപ്പെട്ടതു ജീപ്പ് ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍മൂലം.
ഇന്നലെ പുലര്‍ച്ചെ ആറോടെയായിരുന്നു വിളക്കോട് ഹാജി റോഡിനു സമീപം കാട്ടാനയെ നാട്ടുകാര്‍ കണ്ടത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയ വിളക്കോട് ചാക്കാട്ടെ വലിയമറ്റത്തില്‍ പുരുഷോത്തമനാണ്(48) കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇയാള്‍ പ്രഭാതസവാരിക്കിടെ ചാക്കാട് നിന്നു ഹാജിറോഡിലേക്കു നടക്കുന്നതിനിടെ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. കാട്ടാനയുടെ കുത്തേറ്റ് നാഭിക്കും വയറിനും നട്ടെല്ലിനും ഗുരുതരപരുക്കേറ്റ പുരുഷോത്തമനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലേക്കു മാറ്റി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പൊലിസും വനംവകുപ്പും സ്ഥലത്തെത്തി. പ്രദേശവാസികള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയ പൊലിസ് വീടുകളില്‍ നിന്നു പുറത്തിറങ്ങുന്നതിനു വിലക്കി. ഇതിനിടെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കാട്ടാന സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നു റോഡിലേക്കു പലതവണ കയറുകയും വീണ്ടും മുന്‍പത്തെ സ്ഥാനത്തു നിലയുറപ്പിക്കുകയും ചെയ്തു. ഒരുതവണ റോഡിലുണ്ടായിരുന്ന പൊലിസ് ജീപ്പ് ആക്രമിക്കാനായി ഓടിയടുത്ത ശേഷം പിന്തിരിഞ്ഞു. ഹര്‍ത്താല്‍ കാരണം സമീപ പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ വിവരമറിഞ്ഞ് ഇവിടെയെത്തി തമ്പടിച്ചതും കാട്ടാനയെ തുരത്തുന്നതിനു പ്രയാസമുണ്ടാക്കി. ഉച്ചയ്ക്ക് ഒന്നോടെ ഹാജിറോഡ്-അയ്യപ്പന്‍കാവ് റോഡില്‍ ഇറങ്ങിയ കാട്ടാന വനംവകുപ്പിലെ രണ്ടു വാച്ചര്‍മാര്‍ക്കു നേരെ ഓടിയടുത്തത് ആശങ്കയ്ക്കിടയാക്കി. ഇതേസമയം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വനം വകുപ്പിന്റെ ജീപ്പ് ആനയുടെ മുന്നിലേക്കെടുത്ത് ഡ്രൈവര്‍ ഇവരെ രണ്ടുപേരെയും ആനയില്‍ നിന്ന് അകറ്റിയതുകാരണം ദുരന്തം ഒഴിവാക്കാനായി.

എന്നാല്‍ വാച്ചര്‍മാരെ കിട്ടാത്തതിലുള്ള അരിശം ആന ജീപ്പ് കുത്തിമറിച്ചിട്ട് തീര്‍ത്തു. ചാക്കാട് ജനവാസ കേന്ദ്രത്തിലേക്കു നീങ്ങിയ ആന പിന്നീട് മമ്മാലി ഹൗസില്‍ റിജേഷിന്റെ പശുവിനെ ആക്രമിച്ചു കൊന്നു. ആനയുടെ കുത്തേറ്റ് പശുവിന്റെ കുടല്‍ പൊട്ടി പുറത്തുവന്നു. മുന്‍പും നിരവധി തവണ മുഴക്കുന്നിന്റെ ജനവാസകേന്ദ്രത്തില്‍ കാട്ടാനകള്‍ ഇറങ്ങി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. രണ്ടുമാസം മുന്‍പ് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനടുത്തുവരെ എത്തി വട്ടപ്പൊയില്‍ സ്വദേശിയായ ബൈക്ക് യാത്രികനെ ആക്രമിച്ചിരുന്നു.
ആറളം വനത്തില്‍ നിന്ന് ഫാമിലൂടെയാണു കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ എത്തുന്നത്.

കഴിഞ്ഞദിവസം ഫാമില്‍നിന്നു തുരത്തിയ കാട്ടാനക്കൂട്ടത്തില്‍ നിന്നു കൂട്ടംതെറ്റി എത്തിയ കാട്ടാനയാണ് ഇതെന്നാണ് സംശയിക്കുന്നത്. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചലിലും ആറളം ഫാമിനെയും വനമേഖലയെയും വേര്‍തിരിക്കുന്ന ആനമതില്‍ നിരവധി സ്ഥലങ്ങളില്‍ തകര്‍ന്നതും ആനകള്‍ക്കു ഫാമിലും ജനവാസ കേന്ദ്രത്തിലും ഇറങ്ങുന്നതിന്റെ തടസങ്ങള്‍ ഇല്ലാതാക്കി.
സ്ഥലത്തെത്തിയ ഡി.എഫ്.ഒ സുനില്‍ പാമിടിയും പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫും നാട്ടുകാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.
ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.കെ അനൂപ് കുമാര്‍, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.വി ജയപ്രകാശ്, ഫ്‌ളൈയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫിസര്‍ പി. പ്രസാദ്, വെറ്ററിനറി ഡോക്ടര്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് അധികൃതരും ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, സി.ഐ രാജീവന്‍ വലിയവളപ്പില്‍, എസ്.ഐ അനില്‍കുമാര്‍, മുഴക്കുന്ന് എസ്.ഐ വിജേഷ്, വനിതാ എസ്.ഐ ശ്യാമള, എസ്.ഐ രാജേഷ്, സീനിയര്‍ സി.പി.ഒമാരായ ശശീന്ദ്രന്‍, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസാണ് സ്ഥലത്തെത്തിയത്. ആനയെ വനത്തിലേക്കു കടത്തിവിടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.