2017 December 10 Sunday
പെണ്‍കുട്ടിയോട് നീതി കാണിക്കുന്നവര്‍ സ്വര്‍ഗാവകാശിയാണ്
-മുഹമ്മദ് നബി (സ)

ആബെയ്ക്ക് ഗുജറാത്തില്‍ സ്വീകരണം: വിമർശനവുമായി കോണ്‍ഗ്രസ്; ദുരുദ്ദേശപരമെന്ന് ആരോപണം

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് ഗുജറാത്തില്‍  സ്വീകരണമൊരുക്കിയതിന് വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. തലസ്ഥാന നഗരിക്കു പകരം ഗുജറാത്തില്‍ സ്വീകരണമൊരുക്കയത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഡല്‍ഹിയ്ക്കു പകരം അഹമ്മദാബാദില്‍ ഒരു വിദേശ പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിച്ചത് തികച്ചും അസ്വാഭാവികമായ നടപടിയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ജപ്പാന്‍ പ്രധാനമന്ത്രി, ഇന്ത്യയുടെ പ്രധാന നയതന്ത്ര പങ്കാളികൂടിയാണ്. ആ നിലയ്ക്ക് കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള ഇത്തരമൊരു നടപടി തീര്‍ത്തും അംഗീകരിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ജപ്പാനുമായി ഇന്ത്യയ്ക്ക് ആഴത്തിലുള്ള നയതന്ത്ര ബന്ധമാണുള്ളത്. അത് സ്ഥാപിക്കപ്പെടുന്നതും ഉറപ്പിക്കപ്പെടുന്നതും യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. ഒരു വിദേശ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

റോഡ് ഷോ അടക്കമുള്ള പരിപാടികളാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സ്വീകരണത്തിനായി ഒരുക്കിയിരുന്നത്. സബര്‍മതി ഗാന്ധി ആശ്രമം വരെയുള്ള എട്ടു കിലോമീറ്റര്‍ ദൂരമായിരുന്നു റോഡ് ഷോ. ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്നാണ് ഷോ നടത്തിയത്. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ തീവണ്ടിപ്പാതയുടെ നിര്‍മാണോദ്ഘാടനം അടക്കം രണ്ടു ദിവസത്തെ പരിപാടികളാണ്  ആബെയ്ക്ക് ഇന്ത്യയില്‍ ഉള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.