2019 March 21 Thursday
ഉജ്ജ്വലമായ ആത്മാവിന് ഒരിക്കലും അടിതെറ്റില്ല – അരിസ്‌റ്റോട്ടില്‍

Editorial

സി.ബി.ഐ അന്വേഷണത്തെ എന്തിന് ഭയപ്പെടണം


മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിക്കേണ്ടതില്ല എന്ന് പറയുന്നതുപോലെ ശുഹൈബ് വധത്തില്‍ സി.പി.എമ്മിന് പങ്കില്ലെങ്കില്‍ സി.ബി.ഐ അന്വേഷണത്തെ എന്തിന് എതിര്‍ക്കണം. കണ്ണൂര്‍ മട്ടന്നൂര്‍ എടയന്നൂരിലെ കോണ്‍ഗ്രസ് യുവനേതാവായിരുന്ന ശുഹൈബ് കൊത്തിനുറക്കപ്പെട്ട കൊലപാതക കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടു ഹൈക്കോടതി ഉത്തരവായതിനെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നും സി.പി.എമ്മില്‍ നിന്നും ഉയരുന്ന പ്രതിഷേധങ്ങള്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റ വിമുക്തമാക്കിയ ചരിത്രം സി.ബി.ഐക്ക് ഉണ്ടല്ലോ.
കൊലപാതകത്തിന്റെ തുടക്കത്തില്‍ തന്നെ വധവുമായി സി.പി.എമ്മിന് ബന്ധമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഇതു തന്നെയാണ് ജില്ലാ സെക്രട്ടറി പി. ജയരാജനും പറഞ്ഞത്. പിന്നെ എന്തിന് സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കണം. ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ അറിയുമെന്നും സി.ബി.ഐയെ കാണിച്ചുവിരട്ടേണ്ടെന്നും ഇപ്പോള്‍ പി. ജയരാജന്‍ പറയുന്നു.
കേസില്‍ സി.പി.എം പ്രവര്‍ത്തകരുണ്ടെന്ന് കോടിയേരി ബാലകൃഷ്ണനും ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ശുഹൈബ് വധിക്കപ്പെട്ട് 26 ദിവസം കഴിഞ്ഞിട്ടും പ്രതികളായി പിടിക്കപ്പെട്ടവര്‍ക്കെതിരെ സി.പി.എം നടപടികളൊന്നും എടുത്തിട്ടില്ല. സി.പി.എം പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞതാണ്. പ്രതികളാക്കപ്പെട്ടവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ സുരക്ഷിതരാണ്. പാര്‍ട്ടിയെ കളങ്കപ്പെടുത്തിയ ഇവരെ എന്ത്‌കൊണ്ട് പുറത്താക്കുന്നില്ല. തള്ളിപ്പറയുന്നില്ല. ഇവരെ പുറത്താക്കി പാര്‍ട്ടിയുടെ നിഷ്പക്ഷത വെളിപ്പെടുത്തുകയായിരുന്നില്ലേ വേണ്ടിയിരുന്നത്.
കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മന്ത്രി എ.കെ ബാലന്‍ പറഞ്ഞത് ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ മറ്റ് ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്നായിരുന്നു. അത്തരമൊരന്വേഷണത്തില്‍ സി.ബി.ഐ അന്വേഷണം പെടില്ലെന്നുണ്ടോ? കഴിഞ്ഞ ദിവസം നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ശുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്ന ഉറച്ച നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു. അന്ന് ഉച്ചയ്ക്കു ശേഷമാണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവായത്. സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോവുകയാണെങ്കില്‍ സര്‍ക്കാരിനെ അത് പ്രതിക്കൂട്ടിലാക്കുന്നതിന് തുല്യമായിരിക്കും.
പ്രതികളെന്ന് പറയപ്പെടുന്നവര്‍ അഞ്ച് ദിവസം പൊലിസ് കസ്റ്റഡിയിലായിട്ടും ആയുധങ്ങള്‍ കണ്ടെടുക്കുവാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. പ്രതികളുടേതെന്ന് പറയപ്പെടുന്ന വസ്ത്രങ്ങള്‍ ആയുധങ്ങളാവുകയില്ല. കേസ് പരിഗണിക്കുന്നതിനിടയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സിംഗിള്‍ ബെഞ്ച് ഇത്തരം കേസ് പരിഗണിക്കുന്നതിനെതിരേ പ്രതികരിച്ചിരുന്നു. തന്നെ മാറ്റിനിര്‍ത്താനാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന കോടതിയുടെ മറുപടി സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയാണ് ചോദ്യം ചെയ്യുന്നത്.
രാഷ്ട്രീയ പാര്‍ട്ടികളല്ല സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വധിക്കപ്പെട്ട ശുഹൈബിന്റെ കുടുംബമാണ്. ശുഹൈബിന്റെ അന്ത്യത്തോടെ ഒരു കുടുംബമാണ് അനാഥമാക്കപ്പെട്ടത്. അപ്പോള്‍ കൊല ചെയ്തവരെക്കുറിച്ചും കൊല്ലിച്ചവരെക്കുറിച്ചും അറിയുക എന്നത് ആ കുടുംബത്തിന്റെ ന്യായമായ ആവശ്യമാണ്. ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമല്ലെന്ന് അവര്‍ക്ക് തോന്നുന്നുവെങ്കില്‍ അവര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റ്? ശരിയായ വഴിക്ക് തന്നെയാണ് കേസന്വേഷണം മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും വീട്ടുകാര്‍ക്ക് അത് വിശ്വസിക്കാനാവുന്നില്ല. മാത്രമല്ല പൊലിസ് ഭരണകൂടത്താല്‍ ബന്ധിതമാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധങ്ങള്‍ ഇതുവരെ പൊലിസിന് കണ്ടെടുക്കാന്‍ കഴിയാത്തതില്‍ നിന്ന് തന്നെ കോടതിയുടെ നിരീക്ഷണം ശരിയാണെന്ന വിശ്വാസമാണ് പൊതുസമൂഹത്തിനുള്ളത്. ഇപ്പോള്‍ അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളല്ലെങ്കില്‍ യഥാര്‍ഥപ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ട്. അവര്‍ക്ക് ആയുധം നല്‍കി കൊല്ലുവാന്‍ പ്രചോദനം കൊടുത്ത ഗൂഢാലോചനക്കാരെയും വെളിച്ചത്ത് കൊണ്ടുവരേണ്ടതുണ്ട്. അതിപ്പോള്‍ പൊതുസമൂഹത്തിന്റെയും കൂടി ആവശ്യമാണ്. കാരണം ഇതുവഴിയെങ്കിലും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക പരമ്പര അവസാനിച്ചുകിട്ടും എന്നാണ് സമാധാനം കാംക്ഷിക്കുന്ന പൊതുസമൂഹം കരുതുന്നത്.
ടി.പി ചന്ദ്രശേഖരന്റെ വധത്തോടെ ഇത്തരം കൊലപാതകങ്ങള്‍ക്ക് അറുതിവരുമെന്ന് ഗൂഢാലോചനകളിലേക്ക് അന്വേഷണം നീണ്ടപ്പോള്‍ കരുതിയതാണ്. പക്ഷെ പാതിവഴിയില്‍ അവസാനിച്ച അന്വേഷണത്തിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ നടന്ന ശുഹൈബിന്റെ കൊലപാതകം. കുറ്റപത്രം തയ്യാറാക്കുമ്പോള്‍ പഴുതുകളില്ലാതെ അത് നിര്‍വഹിച്ചാല്‍ മാത്രമേ പ്രതികള്‍ക്ക് തക്കതായ ശിക്ഷ കോടതിയില്‍ നിന്നു വാങ്ങിക്കൊടുക്കാന്‍ കഴിയൂ. കുറ്റപത്രം തയ്യാറാക്കുമ്പോള്‍ അത് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന് കുടുംബം കരുതിയാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ? കൊല്ലിച്ചവര്‍ ഇപ്പോഴും തിരശ്ശീലക്ക് പിന്നിലാണ്. സി.ബി.ഐ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമാണെന്നാണ് ഒരു ആരോപണം. കേരള പൊലിസിന്റെ കൈകള്‍ ബന്ധിതമാണെന്ന് പൊതുജനവും വിശ്വസിക്കുന്നു. കോടതിയും അതുതന്നെ പറയുന്നു. പിന്നെ ഇവിടെ വിരട്ടലിന്റെ ആവശ്യം എന്താണ്. ആകാശ് തില്ലങ്കേരി തനിച്ചിരുന്ന് പ്ലാന്‍ ചെയ്ത് തയ്യാറാക്കിയതാണ് അതിനിഷ്ഠൂരമായ ശുഹൈബിന്റെ കൊലപാതകമെന്ന് ആരും കരുതുന്നില്ല. സി.ബി.ഐ വരട്ടെ. അത് വഴി നേരറിയുമെങ്കില്‍, ഇനിയൊരു രാഷ്ട്രീയ കൊലപാതകത്തിന് കണ്ണൂര്‍ സാക്ഷിയാവാതിരിക്കുവാന്‍ അത്തരമൊരു അന്വേഷണത്തെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.