2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

മല്യയെ സംരക്ഷിക്കുന്നതാര്?

ഗിരീഷ് കെ. നായര്‍

 

വീര്യം പകര്‍ന്നും പകര്‍ത്തിയും നല്‍കി കിങ്ഫിഷറിലൂടെ ചിറകു നേടി പറന്നകന്ന രാഷ്ട്ര സാമ്പത്തിക ചോരന്‍ വിജയ് മല്യയെ സംരക്ഷിച്ചത് ആര്, സംരക്ഷിക്കുന്നത് ആര്.
രാഷ്ട്രീയക്കാര്‍ പരസ്പരം വാളോങ്ങി നില്‍ക്കുന്ന കാഴ്ച മല്യ മുങ്ങിയ അന്നു തുടങ്ങിയതാണ്. സത്യത്തില്‍ മല്യയെ സംരക്ഷിച്ചതാരായിരുന്നു. ഇയാളെ ഇന്ത്യയുടെ കൊച്ചുണ്ണിയാക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരാരാണ്.
മല്യ കോടീശ്വരനാണെന്നതു നേര്. ആ കോടികള്‍ വിവിധ ബാങ്കുകളില്‍ നിന്നു വെട്ടിച്ചതാണെന്നു രാഷ്ട്രീയക്കാരും ഇപ്പോള്‍ ശൗചാലയം തേടി ഓടുന്നതുപോലെ മല്യക്കു പിന്നാലെ പായുന്ന എന്‍ഫോഴ്‌സ്‌മെന്റും സി.ബി.ഐയുമൊക്കെ നേരത്തേ അറിഞ്ഞില്ലെന്നു പറയുന്നതില്‍ ന്യായമില്ല.
അപ്പോള്‍ കളങ്കിത രാഷ്ട്രീയത്തിന്റെ സന്തതിയാണു വിജയ് മല്യ എന്നുറപ്പിക്കാം. മല്യ രാജ്യം വിടുമെന്നു കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോടു പറഞ്ഞെന്ന് ആരോപിക്കുന്നിടത്തും താന്‍ കണ്ടിട്ടും കേട്ടിണ്ടിട്ടുമില്ലെന്നു ജെയ്റ്റ്‌ലി ആണയിടുന്നിടത്തും വരെയെത്തി കാര്യങ്ങള്‍. മല്യയുടേതല്ല, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ബിനാമി കമ്പനിയാണ് കിങ്ഫിഷറെന്ന ബി.ജെ.പിയുടെ ആരോപണം അവര്‍ നിലയില്ലാക്കയത്തിലേയ്ക്കു താഴുകയാണെന്നതിന്റെ തെളിവല്ലാതെ മറ്റൊന്നുമല്ല.

മല്യയുടെ വല രാഷ്ട്രീയം
ഗ്രേഡ് അനുസരിച്ചുള്ള രാഷ്ട്രീയക്കാരെ അടുപ്പക്കാരാക്കിയാല്‍ സമൂഹത്തില്‍ മാന്യത കിട്ടുമെന്നു കരുതുന്നവര്‍ ധാരാളം. കോടീശ്വരനാണെങ്കിലും മല്യ രാഷ്ട്രീയത്തിലെത്തിയത് ഒന്നും കാണാതെയായിരുന്നില്ല. വ്യക്തമായ അജണ്ടയുണ്ടായിരുന്നുവെന്ന് ഇനിയും മനസിലാകാത്തവരുണ്ടെന്നു തോന്നുന്നില്ല. ജനതാദള്‍ സെക്യുലര്‍ എന്ന പാര്‍ട്ടിയെ ശ്രദ്ധേയമാക്കിയതില്‍ മല്യക്കുള്ള പങ്കു ചെറുതല്ല. കാരണം, ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും തങ്ങളുടെ വരുതിയിലാക്കാന്‍ ജെ.ഡി.എസ്സിനു സാധ്യമായതു മല്യയുടെ പണസാമര്‍ത്ഥ്യത്തിലൂടെയായിരുന്നു.
2002ല്‍ ആദ്യമായി മല്യ കര്‍ണാടകയില്‍ നിന്നു രാജ്യസഭയിലെത്തുന്നതു ജെ.ഡി.എസിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ്. 2010 ആയപ്പോഴേയ്ക്കും രാഷ്ട്രീയമാറ്റം കണ്ടറിഞ്ഞ മല്യ കളംമാറ്റിച്ചവിട്ടി. അത്തവണ ബി.ജെ.പി പിന്തുണയോടെയായി രാജ്യസഭാ പ്രവേശം.

അടിച്ചുമാറ്റലിന് വിമാനക്കമ്പനി
രാജ്യത്തെ ബാങ്കുകളിലെ സമ്പത്തില്‍ കണ്ണുവച്ചാണു മല്യ 2005ല്‍ വിമാനക്കമ്പനി തുടങ്ങിയത്. കാരണം, 2009 ആകുമ്പോഴേക്കും കമ്പനി കഴുത്തോളം കടത്തിലെത്തിയിട്ടും രാഷ്ട്രീയക്കാരന്റെ പിന്‍ബലത്തില്‍ വായ്പകള്‍ യഥേഷ്ടം അനുവദിക്കപ്പെട്ടു. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ഇത്രയധികം വായ്പ ലഭിച്ചതു ഭരണക്കാര്‍ അറിയാതെയാണെന്നു പറയുന്നതു കൈകഴുകി രക്ഷപ്പെടാനുള്ള ശ്രമം തന്നെയാണ്.
കാരണം, 17 ബാങ്കുകളുടെ കൂട്ടായ്മ കടത്തില്‍ മുങ്ങിയ മല്യക്കു ദാനമായി നല്‍കിയത് ഏഴായിരം കോടി രൂപയായിരുന്നു. അതിന്റെ വിഹിതം ഇന്നും പളപളാ മിന്നുന്ന ധോത്തിയും മറ്റും ധരിച്ചു നടക്കുന്ന നിരവധി രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെയും അലമാരകളിലുണ്ടാവും. മല്യക്കു പണം നല്‍കിയതിനേക്കാള്‍ അയാള്‍ എങ്ങനെ രാജ്യത്തു നിന്നു രക്ഷപ്പെട്ടുവെന്നതാണ് ഇന്നത്തെ ചോദ്യം.

മല്യയെ കണ്ട വിവാദം
കടത്തില്‍ മുങ്ങി പിടിയിലാകുമെന്ന ഘട്ടത്തില്‍ രാജ്യം വിടാനൊരുങ്ങിയ മല്യ പാര്‍ലമെന്റ് മന്ദിരത്തില്‍ ധനമന്ത്രിയെ കണ്ടു കടമടയ്ക്കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നുവെന്ന വാര്‍ത്ത രാജ്യത്തെ ഞെട്ടിച്ചതാണ്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ മല്യ, തന്നെ നാടുകടക്കാന്‍ ആരെങ്കിലും സഹായിച്ചിരുന്നോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് ഈ വിശദീകരണം നല്‍കിയത്.
2014നു ശേഷം മല്യക്ക് താന്‍ സന്ദര്‍ശനാനുമതി നല്‍കിയിട്ടില്ലെന്നും മല്യ കള്ളം പറയുകയാണെന്നുമായിരുന്നു ജെയ്റ്റ്‌ലിയുടെ വിശദീകരണം. പാര്‍ലമെന്റില്‍ ഇതിന്റെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ നിസാരമായി സാധിക്കും.
അതിനു വഴിയൊരുങ്ങാത്തതു കള്ളന്‍ കപ്പലില്‍ത്തന്നെയുള്ളതു കൊണ്ടല്ലേ. ജനങ്ങളെ വിഡ്ഢികളാക്കുന്നതാണിതൊക്കെ. മല്യയെ ഇന്ത്യയിലേയ്ക്കു തിരിച്ചയയ്ക്കണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ ലണ്ടന്‍ മജിസ്‌ട്രേറ്റ് എമ്മ ആര്‍ബത്‌നോ ഡിസംബര്‍ 10 നാണു വിധി പറയുക.
മല്യ വിഷയത്തില്‍ രാഷ്ട്രീയത്തിലെ ഉന്നതര്‍ക്കു പങ്കുണ്ടെന്നു പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. കിങ്ഫിഷറിന്റെ ക്രമരഹിതമായ പണമിടപാടുകള്‍ അന്വേഷിച്ചിരുന്ന സി.ബി.ഐ മല്യ വിദേശത്തേയ്ക്കു രക്ഷപ്പെട്ടേയ്ക്കുമെന്നു നേരത്തേ മനസിലാക്കിയിരുന്നു. അതനുസരിച്ച് അവര്‍ 2005ല്‍ ഒക്ടോബറില്‍ തന്നെ ഇയാള്‍ കടന്നുപോകാതിരിക്കാന്‍ നോട്ടിസും പുറപ്പെടുവിച്ചു. ഇക്കാര്യം ബി.ജെ.പിക്കാരന്‍ തന്നെയായ സുബ്രഹ്മണ്യന്‍ സ്വാമിയും കോണ്‍ഗ്രസും ഇന്നും ആരോപിക്കുന്നതാണ്.
നോട്ടിസ് നിലനില്‍ക്കേ പുറത്തുപോകാന്‍ കഴിയില്ലെന്നിരിക്കേയാണ് ജെയ്റ്റ്‌ലി കൂടിക്കാഴ്ചയും മോദി ബന്ധവുമൊക്കെ ഗുരുതര സ്ഥിതിവിശേഷത്തിലേയ്ക്കു വിരല്‍ചൂണ്ടുന്നത്. ഒരുമാസം കൊണ്ടു സി.ബി.ഐയുടെ നോട്ടിസ് ആവിയായി. മല്യ വിദേശത്തേയ്ക്കു കടക്കുന്നതു തടയണമെന്ന നോട്ടിസ്, മല്യ വിദേശത്തേയ്ക്കു കടന്നാല്‍ അറിയിക്കണമെന്നു മാറ്റപ്പെട്ടു.
സി.ബി.ഐ നല്‍കുന്ന വിശദീകരണം സാങ്കേതിക പിഴവാണെന്നാണ്. അത് ആടിനെ പട്ടിയാക്കലല്ലേ. അതുമാത്രമോ, മല്യയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ടു ബാങ്കുകള്‍ റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ച അതേ ദിവസം, ബാങ്കുകള്‍ സി.ബി.ഐ ഡയരക്ടറെ കാര്യങ്ങള്‍ ധരിപ്പിക്കുന്ന അതേ ദിവസമാണു മല്യ പൂട്ടിക്കെട്ടി വിദേശത്തേയ്ക്കു പറന്നത്.

മോദി ബന്ധം
പ്രധാനമന്ത്രി നരേന്ദ്രമോദിയറിയാതെ മല്യ പറക്കില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിക്കുന്നതു ഗൗനിക്കേണ്ടതുണ്ട്. സി.ബി.ഐ പുറപ്പെടുവിച്ച നോട്ടീസ് മയപ്പെടാനുള്ള കാരണത്തിലേയ്ക്കാണു രാഹുല്‍ രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്.
സി.ബി.ഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയാണ് മല്യ നാടുവിടുന്നതു തടയണമെന്നു നിര്‍ദേശിച്ച് നോട്ടീസ് പുറപ്പെടുവിച്ചത്. എന്നാല്‍, സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എ.കെ. ശര്‍മ ഈ നോട്ടീസില്‍ വെള്ളം ചേര്‍ത്തെന്നാണു രാഹുല്‍ പറയുന്നത്. തടയണമെന്ന ആവശ്യം അങ്ങനെയാണ് അറിയിക്കണമെന്നു മാറിയത്.
കാരണം, 9000 കോടി വെട്ടിച്ചാണു മല്യ രാജ്യം വിട്ടത്. വിദേശത്തേയ്ക്കു കടക്കുന്നതു തടയണമെന്ന നോട്ടീസ് മയപ്പെടുത്തണമെങ്കില്‍ ഡയറക്ടര്‍ക്കു മാത്രമേ സാധ്യമാകൂ. 60 കോടി രൂപ വരെ വെട്ടിക്കുന്നവര്‍ക്ക് അനുകൂലമായി മാത്രമേ എന്തെങ്കിലും നടപടി മയപ്പെടുത്താന്‍ ജോയിന്റ് തസ്തികയിലുള്ള ഉദ്യോഗസ്ഥനു കഴിയുകയുള്ളുവെന്നിരിക്കെയാണു ശര്‍മ കൈവിട്ടു കളിച്ചതെന്ന ആരോപണത്തില്‍ കഴമ്പുണ്ട്. പ്രത്യേകിച്ച്, ഇയാള്‍ ഗുജറാത്ത് കേഡര്‍ ഓഫീസര്‍ കൂടിയാവുമ്പോള്‍.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.