2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് മെയിലും സെപ്റ്റംബറിലും കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നതായി വാട്‌സാപ്പ്

 

ന്യൂഡല്‍ഹി: ഇസ്രായേല്‍ ചാര ആപ്പായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ദലിത് ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ വാട്‌സാപ്പ് ചാറ്റുകള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് രണ്ടുതവണ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായി വാട്‌സാപ്പ് വെളിപ്പെടുത്തി. 121 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് മെയ് മാസത്തിലും സെപ്റ്റംബറിലും ഐ.ടി മന്ത്രാലയത്തെയാണ് അറിയിച്ചത്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്നും വാട്‌സാപ്പ് വ്യക്തമാക്കി.

മെയ് മാസത്തില്‍ സുരക്ഷ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് പരിഹരിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഇക്കാര്യം അറിയിച്ചു. പെഗാസസ് ചാരസോഫ്റ്റ്‌വെയറിനു പിന്നിലുള്ള ഇസ്രായേല്‍ കമ്പനി എന്‍.എസ്.ഒ ഗ്രൂപ്പിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും വാട്‌സാപ്പ് അറിയിച്ചു.

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആരാണ് ചോര്‍ത്തിയതെന്ന് വാട്‌സാപ്പ് അറിയിച്ചില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. മെയ് മാസത്തില്‍ വാട്‌സാപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ ചോര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിച്ചില്ല. പെഗാസസ്, എന്‍.എസ്.ഒ ഗ്രൂപ്പ് എന്നിവയെ കുറിച്ചും വാട്‌സാപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാട്‌സാപ്പിന്റെ വിശദീകരണം. വിഷയത്തില്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് വാട്‌സാപ്പിന്റെ വിശദീകരണം.

വാട്‌സാപ്പ് വീഡിയോ കോളിലൂടെ 1,400 ഓളം വ്യക്തികളുടെ ഫോണുകള്‍ ഇസ്രായേല്‍ സര്‍ക്കാരിന് വേണ്ടി എന്‍.എസ്.ഒ എന്ന ഐ.ടി കമ്പനി ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് യു.എസ് ഫെഡറല്‍ കോടതിയില്‍ വാട്‌സാപ്പ് കഴിഞ്ഞദിവസം ഹരജി നല്‍കിയിരുന്നു. ഇരുപതോളം രാജ്യത്തെ നയതന്ത്രജ്ഞരടക്കമുള്ളവരുടെ ഫോണുകള്‍ ഹാക്ക് ചെയ്‌തെന്നായിരുന്നു പരാതി. ചോര്‍ത്തലിന് ഇരയായവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരമാണ് വിവാദമായത്.

WhatsApp responds to government; says it informed in September Indian users were impacted of malware


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.