
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഇപ്പോള്‍ രാജിവയ്ക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
2008ല്‍ സമാന സാഹചര്യം ഉണ്ടായപ്പോള്‍ യെദ്യൂരപ്പ രാജിവച്ചിട്ടില്ലെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷമുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ ഇന്നു തീരുമാനമെടുക്കണമെന്ന് സ്പീക്കറോട് സുപ്രിംകോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം. രാജിക്കത്ത് നല്കിയ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരുടെ കാര്യത്തില്‍ തീരുമാനമാക്കണമെന്നാണ് നിര്‍ദേശം. ഇവരെല്ലാം വൈകിട്ട് ആറു മണിക്ക് മുന്‍പായി സ്പീക്കര്‍ക്കു മുന്‍പാകെ ഹാജരാകണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.