2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഒരമ്മയ്ക്ക് മകന്‍ എന്താണ് കൊടുക്കേണ്ടത്? ഒരു മകന്റെ കണ്ണു നനയിപ്പിക്കുന്ന കുറിപ്പ്

വയസ്സായ അമ്മയ്ക്കു വേണ്ടി ഒരു മകന്‍ ചെയ്തുകൊടുക്കേണ്ടത് എന്തൊക്കെയാണ്? ഉത്തരം കിട്ടാന്‍ പ്രയാസമാവുന്നുണ്ടെങ്കില്‍ ഈ കുറിപ്പ് പറഞ്ഞുതരും എന്താണതെന്ന്. ബയോമെഡിക്കല്‍ എന്‍ജിനിയറായ സോമരാജന്‍ പണിക്കരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിച്ചുതീര്‍ക്കുമ്പോള്‍ ഒരിറ്റ് കണ്ണുനീര്‍ വീണിട്ടുണ്ടാവും. കുറിപ്പ് വായിക്കാം:

രാവിലെ അമ്മയെ ചായ കുടിപ്പിക്കാൻ ഇരുന്നപ്പോൾ വലിയ മഴ വരുന്നതു നോക്കി അമ്മ കുറേ നേരം ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു ..

അടുത്ത കാലം വരെ രാവിലത്തെ ചായ അമ്മ തന്നെ എടുത്തു കുടിക്കുമായിരുന്നു‌…രണ്ടു മൂന്നു ദിവസം ആയി ചായ കുടിക്കാൻ പറഞ്ഞാൽ ചായ കൈകൊണ്ടു ഒരൽപ്പം മാറ്റി വെക്കും …

ചായ ചൂടു പോകുന്നതിനു മുൻപ് കുടിപ്പിക്കണം എന്നതിനാൽ പിന്നെ ചുണ്ടിൽ മുട്ടിച്ചു പിടിപ്പിക്കണം ..കുഞ്ഞുങ്ങൾ പാലു കുടിക്കുന്നതു പോലെ അതു സാവധാനം ആണെങ്കിലും മുഴുവൻ കുടിക്കും ..

ഒരമ്മക്കു മകന്റെ എന്താണു ആവശ്യം എന്നു ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടു ..

പണം അല്ല ‌‌‌..പൂക്കൾ അല്ല …സമ്മാനങ്ങൾ അല്ല ..ഓണപ്പുടവ അല്ല ‌..ആഭരണങ്ങൾ അല്ല …

അതിലെല്ലാം പ്രധാനപ്പെട്ടതു

സമയം

ആണു …അമ്മക്കു അതു മാത്രം മതി ..അതു നൽകിയാൽ ബാക്കി എല്ലാം അതിന്റെ കൂടെ നൽകുന്നവ ആണു‌.

അമ്മ എന്റെ പേർ മറന്നു പോയിട്ടു വർഷങ്ങൾ ആയി …അടുത്തകാലം വരെ ഏതു കുറ്റിരിട്ടത്തും അച്ഛനെ അച്ഛൻ എന്നു തന്നെ പറഞ്ഞു തിരിച്ചറിഞ്ഞു വിളിക്കുമായിരുന്നു‌..

ഇപ്പോൾ അതാരാ എന്നു ചോദിച്ചാൽ

അതു ഹരിയണ്ണൻ എന്നു പറയും‌..ഹരിമാമൻ അമ്മയുടെ സഹോദരൻ ആണു .

അമ്മയോടൊപ്പം ചിലവഴിക്കുന്ന സമയം മുഴുവൻ ഞാൻ അമ്മയേ ഒരോ ചോദ്യങ്ങളും വാക്കുകളും പറഞ്ഞു അമ്മ എന്തെങ്കിലും ഓർക്കുന്നുവോ എന്നു അന്വേഷിക്കും‌..

സ്വർണ്ണ നിക്ഷേപം ഉള്ള ചില സ്ഥലങ്ങളിൽ ചിലർ അരുവിയിലെ മണ്ണു അരിച്ചു സ്വർണ്ണത്തിന്റെ തരികൾ വേർതിരിക്കാൻ ശ്രമിക്കുന്നതു പോലെ ഒരു പരീക്ഷണം ആണതു …നൂറോ ആയിരമോ കൊട്ട മണ്ണു അരിക്കുമ്പോൾ ആണു ഒന്നോ രണ്ടോ തരി സ്വർണ്ണം കിട്ടുന്നതു …അമ്മയുടെ ഓർമ്മശക്തിയും ഇപ്പോൾ അതു പോലെയാണു …വളരെ നാൾ കൂടുമ്പോൾ എന്തെങ്കിലും ഒരു വാക്കോ ആളെയോ ഓർമ്മിച്ചു എന്തെങ്കിലും ശരിയായി പറഞ്ഞാൽ അതു കേൾക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റാത്തതാണു .‌

ഒരോ നേരവും ഭക്ഷണം വാരിക്കൊടുക്കുമ്പോൾ ഒരോ ഇനവും എന്താണു എന്നു അമ്മയോടു ചോദിക്കും‌..മിക്കതിനും ” അമ്മയാണു ” എന്നു മാത്രമായിരിക്കും മറുപടി …പിന്നെ നമ്മൾ തന്നെ അതിന്റെ പേർ പറഞ്ഞിട്ടു അതെന്താണു എന്നു വീണ്ടും ചോദിക്കും ..അപ്പോൾ അമ്മക്കു ദേഷ്യം വരും ..

” പറഞ്ഞില്ലെ …അതു അതൊക്കെ തന്നെയാണു എന്നു “

എല്ലാ ദിവസവും 8.30 നു അമ്മക്കു പ്രഭാത ഭക്ഷണം നൽകും ..അതിനു 15 മിനിട്ടു മുൻപു ഇൻസുലിൻ ഇഞ്ചക്ഷൻ ഒക്കെ കൊടുത്തു ബാത്ത് റൂമിൽ കൊണ്ടു പോയി മുടി ഒക്കെ ചീകി ഹെയർ ബാൻഡ് ഒക്കെ ഒന്നു കൂടി ശരിയാക്കി മായ്ച്ചു കളഞ്ഞ ചന്ദനം ഒക്കെ ഒന്നു കൂടി തൊടുവിച്ചു സിന്ദൂരം ഇട്ടു , ഉടുപ്പിൽ മൂത്രത്തിന്റെ തുള്ളികൾ വീണു എങ്കിൽ ഉടുപ്പും മാറ്റി അമ്മയേ സുന്ദരിയാക്കി ആണു ഊണുമേശക്കരുകിൽ കൊണ്ടിരുത്തും‌…

പോകുന്ന വഴിയും വരുന്ന വഴിയും എല്ലാം അമ്മയോട് എന്തെങ്കിലും ഒക്കെ ചോദിച്ചു കൊണ്ടേയിരിക്കും‌..ഒരു തരം സ്പീച്ച് തെറാപ്പി എന്നു വേണമെങ്കിൽ പറയാം ..ഒരു വാക്കു എങ്കിലും ശരിയായി പറഞ്ഞാൽ എനിക്കു സ്വർണ്ണ മെഡൽ കിട്ടിയതു പോലെയാണു ..അല്ലെങ്കിൽ അമ്മ വല്ലാതെ ദേഷ്യപ്പെട്ടു

” ശെന്താ ഞാൻ ചെയ്യുന്നതു ? “

എന്നു പറഞ്ഞു എന്റെ കൈ വിടുവിക്കുവാൻ ശ്രമിക്കും‌…ഞാൻ വിടില്ല എന്നു മാത്രം ..

അമ്മക്ക് അരി ഭക്ഷണം …പ്രത്യേകിച്ചു ഇടിയപ്പം‌, ഇഡ്ലി , ദോശ ഇവയാണു ഇഷ്ടം ‌‌..വളരെ ഇഷ്ടപ്പെട്ടാൽ ചിലപ്പോൾ കൈ കൊണ്ടു വാരി വായിൽ കൊണ്ടു ചെല്ലാൻ ശ്രമിക്കും ..അതൊരു ” ഗുഡ് സൈൻ ” ആണു‌..ഭക്ഷണം നന്നായി എന്നർഥം .

4 ഇഡ്ലിയുടെ മുകളിൽ സാമ്പാർ ഒഴിച്ചു ഞാൻ അതിന്റെ കൂടെ രാവിലത്തെ ഗുളികകൾ എല്ലാം പൊടിച്ചതു ചേർത്തു ചെറു കഷണങ്ങളായി മുറിച്ചു സ്പൂണിൽ വാരിക്കൊടുക്കും‌..

” അമ്മേ ഇതെന്താണു‌..? “

” ഇതൊക്ക സോമനാണു “

” സോമനോ ..അതാരാ …”

.” അതാ ഇതു “

” ഇതു ഇഡ്ലി അല്ലേ ..”

” ഇതു സോമനാ ..”

” അല്ല ഇഡ്ലിയാ …”

അമ്മക്കു ദേഷ്യം വന്നു …

” ശെന്താ ഞാൻ ചെയ്യുന്നെ …”

പാവം അമ്മ …
ഒരിക്കൽ എങ്കിലും

” ഇതു സോമനാണു …എന്റെ രണ്ടാമത്തെ മകൻ ആണു …ഞാൻ ഗുണദോഷിച്ചും പ്രാർഥിച്ചും കരഞ്ഞു വിളിച്ചും തല്ലിപ്പഴുപ്പിച്ചും നേരേയാക്കിയ ചെറുക്കൻ ..”

എന്നു പറയാൻ അമ്മക്കു കഴിഞ്ഞിരുന്നെങ്കിൽ എന്നു ഓർത്ത് എന്റെ കണ്ണ് നിറഞ്ഞു‌..


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.