2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എല്ല് തേയുന്നുണ്ടോ?

 

എന്തുകൊണ്ട് ആര്‍ത്രൈറ്റിസിന് ഇത്രയും പ്രാധാന്യം എന്നു ചിലപ്പോള്‍ ചിന്തിക്കുന്നുണ്ടാകും. നിത്യ ജീവിതത്തിലെ, സാധാരണ പ്രവൃത്തികളെ വളരെ വലിയതോതില്‍ ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് ആര്‍ത്രൈറ്റിസ്. അതായത് നടക്കാനും പടികള്‍ കയറാനും ജോലി ചെയ്യാനും ഒക്കെ രോഗാവസ്ഥയില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നു.

ആര്‍ത്രൈറ്റിസിനെ കുറിച്ചു പറയുമ്പോള്‍ പ്രധാനമായും, ഓസ്റ്റിയോആര്‍ത്രൈറ്റിസ് (osteoarthritis) അഥവാ തേയ്മാനം സന്ധിവാതത്തെ കുറിച്ചു പറയണം. എന്താണ് ഓസ്റ്റിയോആര്‍ത്രൈറ്റിസ് എന്നു നോക്കാം.

ഈ അസുഖത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നുവച്ചാല്‍ ദിനോസറുകളുടെ ഫോസിലുകളില്‍ നിന്ന് പോലും ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്‌ന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

‘തേയ്മാനം എന്നൊരു സംഭവമേ ഇല്ല, അതൊക്കെ തട്ടിപ്പാണ്, എല്ലുകള്‍ എവിടെയാണ് തേഞ്ഞുപോകുന്നത്’ എന്നൊക്കെയാണ് പല സ്വയംപ്രഖ്യാപിത ചികിത്സകരും പറയുന്നത്. അതുകൊണ്ട് തന്നെ ഡോക്ടര്‍മാര്‍ തേയ്മാനം എന്നു പറയുമ്പോള്‍ പല രോഗികളും സംശയത്തോടെ എഴുന്നേറ്റ് പോകുന്നതും കണ്ടിട്ടുണ്ട്.

എന്താണ് തേയ്മാനം? എവിടെയാണ് തേയ്മാനം?

തേയ്മാനത്തെ കുറിച്ചു പറയണമെങ്കില്‍, ആദ്യം സന്ധികളുടെ ഘടനാ ശാസ്ത്രം പറയണം. രണ്ട് എല്ലുകള്‍ ചേരുന്നിടത്താണ് സന്ധി രൂപപ്പെടുന്നത്. എല്ലുകള്‍ക്കിടയില്‍ അവയെ പൊതിഞ്ഞുകൊണ്ട് തരുണാസ്ഥിയും, സൈനോവിയല്‍ ഫ്‌ലൂയിഡും ഉണ്ട്. ഇത് കൂടാതെ എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌നായുക്കള്‍ അഥവാ ലേിറീി െഉണ്ട്.

ഇനി ഓസ്റ്റിയോആര്‍ത്രൈറ്റിസില്‍ സംഭവിക്കുന്നത് പറയാം. സന്ധികളിലെ തരുണാസ്ഥിയിലുണ്ടാകുന്ന പരുക്കോ, മറ്റു സന്ധീ കോശങ്ങള്‍ക്കുണ്ടാകുന്ന ഘടനാപരമായ പരുക്കുകളോ ആണ് പ്രധാനമായും ഓസ്റ്റിയോആര്‍ത്രൈറ്റിസിന് തുടക്കം കുറിക്കുന്നത്. തരുണാസ്ഥിയിലെ കോലാജിന്‍, പ്രോട്ടിയോ ഗ്ലൈക്യാന്‍ എന്നീ ഘടകങ്ങളിലുണ്ടാകുന്ന വ്യതിയാനമാണ് തരുണാസ്ഥിയുടെ നാശത്തിനുള്ള പ്രധാന കാരണം. സ്‌നായുക്കള്‍ക്കും സൈനോവിയല്‍ ഫ്‌ലൂയിഡിനും കട്ടി കൂടുന്നതാണ് മറ്റൊരു കാരണം. നാശം സംഭവിക്കുന്ന തരുണാസ്ഥിക്കു പകരമായി, പുതുഅസ്ഥികള്‍ സ്വാഭാവികമായി ഉണ്ടാകുന്നു. ഇവ പക്ഷെ സന്ധികളില്‍ വേദനക്ക് കാരണമാകുന്നു.

സന്ധികളിലെ വേദന, ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. സന്ധികള്‍ ചലിക്കുന്ന സമയത്ത് സന്ധികളിന്മേല്‍ സ്പര്‍ശിക്കുമ്പോള്‍ അനുഭവപ്പെടുന്ന ‘നുറുങ്ങല്‍ ഫീലിംഗ്’ അഥവാ പൊടിയുന്നത് പോലെ തോന്നുന്നതിനെയാണ് രൃലുശൗേ െഎന്നു പറയുന്നത്. ഓസ്റ്റിയോആര്‍ത്രൈറ്റിസ് ഉറപ്പിക്കുന്നതിനു ഇത് അനുഭവിച്ചറിയേണ്ടതുണ്ട്. ഓസ്റ്റിയോആര്‍ത്രൈറ്റിസ് ചെറിയ സന്ധികളെയാണ് ബാധിക്കുന്നതെങ്കില്‍ കാണപ്പെടുന്ന ചെറിയ എല്ലുമുഴകളാണ് മറ്റു ലക്ഷണങ്ങള്‍. നമ്മുടെ നാട്ടില്‍ പുരുഷന്മാരില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് ഓസ്റ്റിയോആര്‍ത്രൈറ്റിസ് കാണപ്പെടുന്നത്. osteoarthritis നെ രണ്ടായി തിരിക്കാം. പ്രൈമറി ഓസ്റ്റിയോ ആര്‍ത്രൈറ്റിസും, സെക്കണ്ടറി ഓസ്റ്റിയോആര്‍ത്രൈറ്റിസും.

സ്വാഭാവികമായി രൂപപ്പെടുന്ന, പ്രായം കൂടുന്നതിനനുസരിച്ച് ഉണ്ടാക്കുന്നതാണ് പ്രൈമറി. ഇത് സഹോദരങ്ങളില്‍ കാണാനുള്ള സാധ്യതയും, തലമുറയിലൂടെ കൈമാറി വരാനുള്ള സാധ്യതയും കൂടുതലാണ്. ശരീരഭാരം കൂടുന്നത്, ഹോര്‍മോന്‍ വ്യതിയാനങ്ങള്‍, മുന്‍പ് സംഭവിച്ച പരുക്കുകള്‍ തുടങ്ങിയവ ഇതിന് ആക്കം കൂട്ടുന്നു. അടുത്തത് സെക്കണ്ടറി ഓസ്റ്റിയോആര്‍ത്രൈറ്റിസ്. ഇത് ചെറു പ്രായക്കാരിലും കാണപ്പെടുന്നു. പ്രമേഹരോഗം, ജനിതക വൈകല്യങ്ങള്‍, സന്ധികളിലെയും അതിനു ചുറ്റുപാടുമായി ഉണ്ടാകുന്ന അണുബാധ, പരുക്ക് എന്നിവയാണ് പ്രധാന കാരണങ്ങള്‍.

എങ്ങനെ കണ്ടെത്താം?

എക്‌സ് റേ, എം.ആര്‍.ഐ എന്നിവയിലൂടെ ഓസ്റ്റിയോആര്‍ത്രൈറ്റിസ് സ്ഥിരീകരിക്കാം.
സ്ഥിരീകരിച്ചതിനു ശേഷം ചികിത്സയിലേക്ക് കടക്കാം. വന്നുകഴിഞ്ഞ തേയ്മാനത്തെ തിരിച്ചുകൊണ്ടുപോകാന്‍ കഴിയില്ലെങ്കിലും, തേയ്മാനം കൂടുതലായി ഉണ്ടാകുന്നത് തടയാനും അതിന്റെ വേഗത കുറക്കാനും ആധുനിക വൈദ്യശാസ്ത്രത്തിനു കഴിയും. പറയുന്നത് പോലെ എളുപ്പമല്ലെങ്കിലും ശരീരവണ്ണം കുറയ്ക്കലാണ് പ്രധാനമായും ചെയ്യേണ്ടത്. അടുത്തത് വ്യായാമം ആണ്. ശരിയായ വ്യായാമം വഴി പേശികളുടെയും സ്‌നായുക്കളുടെയും പ്രവര്‍ത്തന ക്ഷമതയും ബലവും വര്‍ധിപ്പിക്കാന്‍ സാധിക്കുന്നു. ഇതുവഴി സന്ധികളുടെ മേല്‍ വന്നുവീഴുന്ന ഭാരവും, സന്ധികള്‍ക്കു ചെയ്യേണ്ടി വരുന്ന പ്രവര്‍ത്തിഭാരവും കുറക്കാന്‍ സാധിക്കുന്നു. വേദനസംഹാരികളാണ് അടുത്തത്. ഇവ താല്‍ക്കാലിക ആശ്വാസം തരുന്നു. മുട്ടിനിടുന്ന ഉറകളും ഉപയോഗിച്ചുവരുന്നുണ്ട്. സന്ധികളില്‍ നല്‍കുന്ന ഗ്ലുക്കോകോര്‍ട്ടികൊയ്ഡ് ഇന്‍ജക്ഷനുകളും ചെറിയ സമയത്തേക്ക് (ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ) വേദന കുറയാന്‍ സഹായിക്കുന്നു. തേയ്മാനം കൂടുതലായി സംഭവിച്ച അവസരങ്ങളില്‍ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും ചെയ്യുന്നുണ്ട്.

വ്യാജ ചികിത്സയും തട്ടിപ്പുകളും വ്യാജ പരസ്യ പ്രചരണങ്ങളും വളരെ വലിയ തോതില്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് സന്ധിവാതം. താല്‍ക്കാലിക ആശ്വാസമല്ല, മറിച്ച് കൃത്യസമയത്ത് ശരിയായ ശാസ്ത്രീയ ചികിത്സയാണ് ആവശ്യമെന്നു മറക്കാതിരിക്കുക. ലക്ഷണങ്ങളെ അവഗണിക്കാതെ, ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചു ചികിത്സ മുന്നോട്ട് കൊണ്ടുപോകുക.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.