2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ദുര്‍ബലനായ പ്രധാനമന്ത്രി’; ചൈനീസ് ആക്രമണത്തില്‍ മൗനം തുടരുന്ന മോദിക്കെതിരെ ഹാഷ്ടാഗ് ട്രെന്റിങ്ങാവുന്നു

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നതിനെതിരെ രൂക്ഷ വിമര്‍ശനം. മോദിക്കെതിരെ ‘#WeakestPMModi’ (ദുര്‍ബലനായ പ്രധാനമന്ത്രി) എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ട്രെന്റാവുന്നത്.

20 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും മോദി ഇതുവരെ പ്രതികരണം അറിയിച്ചില്ല. എന്താണ് സംഭവിച്ചതെന്നും പോലും വ്യക്തത വരുത്തിയിട്ടുമില്ല. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു. മോദി എന്തിനാണ് ഒളിക്കുന്നതെന്നും എന്താണ് സംഭവിച്ചതെന്നറിയാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്. സംഭവം നടന്നതിനു ശേഷം കൊവിഡ് മരണ നിരക്കുകളെ കുറിച്ച് സംസാരിച്ച പ്രധാന മന്ത്രി അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് ഒന്നും മിണ്ടിയില്ല.

അക്സായി ചിന്‍ പ്രവിശ്യയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ഗാല്‍വന്‍ താഴ്‌വര സ്ഥിതി ചെയ്യുന്നത്. ലഡാക്കിനും അക്സായി ചിനിനും ഇടയിലാണ് ഈ താഴ്‌വര. വിവാദഭൂമിയായ അക്സായി ചിനില്‍ വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ചൈനയുമായി മാത്രമല്ല കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയുടെ വിവിധ അതിര്‍ത്തികളില്‍ സഘര്‍ഷം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യം കേണല്‍ റാങ്ക് ഉദ്യോഗസ്ഥനടക്കം മൂന്ന് പേരുടെ മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ രാത്രിയോടെയാണ് മറ്റു 17 ജവാന്‍മാര്‍ കൂടി കൊല്ലപ്പെട്ട വിവരം സൈന്യം സ്ഥിരീകരിച്ചത്.

മോദി പറഞ്ഞ കരുത്തുറ്റ സര്‍ക്കാര്‍

അധികാരത്തിലേറുന്നതിനു മുന്‍പ് മോദി ചെയ്ത ട്വീറ്റുകളും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. 2014 ഫെബ്രുവരി എട്ടിന് ചെയ്ത ട്വീറ്റ് ഇങ്ങനെ: ‘നമ്മുടെ മഹത്തായ രാജ്യം നിരന്തരം അയല്‍ രാഷ്ട്രങ്ങളാല്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ സര്‍ക്കാര്‍ നിസ്സഹായരായതാണ് ഇതിന് കാരണം. ഈ സ്ഥിതി മാറണമെങ്കില്‍ കരുത്തുറ്റ ഒരു സര്‍ക്കാര്‍ വരണം’.

ചൈനയുടെ ആക്രമണം 45 വര്‍ഷത്തിന് ശേഷം ആദ്യം

1975ല്‍ അരുണാചല്‍പ്രദേശ് അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ സൈനികര്‍ ചൈനീസ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. 1975 ഒക്ടോബര്‍ 20ന് അരുണാചലിലെ തുലാങ് ലായില്‍ കടന്ന് കയറിയ ചൈനീസ് സൈനികര്‍ ആസാം റൈഫിള്‍സിന്റെ ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന പട്രോളിങ് ജീപ്പിന് നേരെ വെടിവയ്ക്കുകയും നാലുപേരെ കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവത്തില്‍ ചൈന ഇന്ത്യയെ കുറ്റപ്പെടുത്തിയെങ്കിലും ആക്രമണം നടന്നത് ഇന്ത്യന്‍ മണ്ണിലാണെന്ന് വ്യക്തമായിരുന്നു. 1967ല്‍ സിക്കിമില്‍ 80 ഇന്ത്യന്‍ സൈനികരും ഏതാനും ചൈനീസ് സൈനികരും കൊല്ലപ്പെട്ട സംഘര്‍ഷമാണ് ഇന്ത്യാ- ചൈന അതിര്‍ത്തിയിലെ ആദ്യത്തെ സംഘര്‍ഷം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.