2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വയനാടന്‍ വയലും വീടും

കന്നിനെ പാല്‍ കുടിക്കാന്‍ അനുവദിച്ച് ഒന്നുരണ്ടു തവണ വേലായുധസ്വാമിയെ വിളിച്ചു വല്യമ്മ വീട്ടിലേക്കു കയറിപ്പോയി. ഈ സമയം വലിയൊരു കണ്ടം കരിക്കലടിച്ചു കഴിഞ്ഞ് അടുത്ത കണ്ടത്തിലേക്ക് ഏരിനെ തെളിക്കുകയായിരുന്നു അച്ഛന്‍. പുള്ളിച്ചിപ്പട്ടിയും വിശ്രമസ്ഥലം മാറ്റി. കിടുകിടുങ്ങനെയുള്ള തണുപ്പും വിണ്ട കാലടിയുടെ വേദനയും അച്ഛനോടു തോറ്റുവെന്നു തന്നെ പറയാം

പി.കെ ജയചന്ദ്രന്‍

വെളിച്ചം കീറി വരുന്നതേയുള്ളു. അടുപ്പിന്‍ തിണ്ണയിലെ മുട്ടവിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ അമ്മ അടുപ്പില്‍ തീക്കുട്ടി കട്ടന്‍ കാപ്പി തിളപ്പിച്ചു. അച്ഛനത് ചൂടോടെ കുടിച്ചു. കുത്തിക്കയറുന്ന തണുപ്പിനൊരാശ്വാസം!
ഇറയത്തെ അയലില്‍ ആറിയിട്ട തോര്‍ത്തുടുത്തു. മറ്റൊന്നു തലയില്‍ കെട്ടി. തലേന്നു ചെത്തിമിനുക്കി വച്ച പാണല്‍വടികളില്‍ രണ്ടെണ്ണം എടുത്തുലച്ചു ശൂന്യതയില്‍ വീശി. കനത്ത മഞ്ഞിനെയും ഇരുട്ടിനെയും വകവയ്ക്കാതെ അച്ഛന്‍ നടന്നു. മുന്നോട്ടുപോകുന്തോറും ഇരുട്ടിന്റെ കനം കുറയുമെന്നു കരുതിയെങ്കിലും ഇരുട്ട് കട്ടപിടിച്ചു നില്‍ക്കുക തന്നെയാണ്. പുരികത്തിലും നരച്ച താടിരോമങ്ങളിലും മഞ്ഞുതുള്ളികള്‍ തങ്ങിനിന്നു. വിള്ളല്‍ വീണ ഉപ്പൂറ്റിയില്‍ മാനിപുല്ലിന്റെ കുറ്റികള്‍ കുത്തിക്കയറി. വേദനിച്ച് അച്ഛന്‍ മുന്നോട്ടാഞ്ഞു. കോഴികള്‍ കൂവി തുടങ്ങുന്നതേയുള്ളൂ. തോട്ടിന്‍കരയില്‍നിന്നു കുറുക്കന്‍ മിന്നല്‍വേഗത്തില്‍ ഓടിമറയുന്നതു കണ്ടു.
അച്ഛന്റെ നടത്തം പാലൂക്കാപ്പ് തറവാട്ടിലേക്കാണ്. നേരിയ വയല്‍വരമ്പിലൂടെയുള്ള ഈ നടത്തം വെളിച്ചമില്ലാതെയും ഏറെ പരിചയം. തറവാട്ടിലെ കളത്തിന്നരികെയുള്ള പുളിമരച്ചോട്ടില്‍ വച്ച നേഞ്ഞലും നുകവും തോളിലേറ്റി. ആലയില്‍നിന്നു പോത്തുകളുടെ കയറഴിച്ചു. പരിചിതമായ ശബ്ദം കേട്ട പുള്ളിച്ചിപ്പട്ടി വാലാട്ടി ആലയിലെത്തി ഉരുക്കളുടെ കൂടെ പാടത്തേക്ക്. അവയ്ക്കു പിന്നാലെ നേഞ്ഞലും നുകവും തോളിലേറ്റി അച്ഛനും.’ഓവ് ഓവ്വെ’ന്ന ശബ്ദം കേട്ടതോടെ പോത്തുകള്‍ നിന്നു. പുള്ളിച്ചിപ്പട്ടി വരമ്പില്‍നിന്നു പോത്തിന്റെ കയറ് കടിച്ചുവലിച്ചു നിയന്ത്രണം ഏറ്റെടുത്തു.
പോത്തുകളുടെ മുതുകില്‍ നുകം വച്ചുകെട്ടി. നുകത്തില്‍ നേഞ്ഞലും. അച്ഛന്‍ വടിനിലത്തൂന്നി. അരക്കെട്ടിലെ മുണ്ടില്‍ തിരുകിസൂക്ഷിച്ച മുറുക്കാന്‍കെട്ടില്‍നിന്നു വെറ്റിലയും അടക്കയും എടുത്തു വായിലിട്ടു. തലയില്‍ കെട്ടിയ തോര്‍ത്ത് ഒന്നഴിച്ചുകെട്ടി. മുണ്ടു മുറുക്കി ഉടുത്തതേയുള്ളൂ, ഉരുക്കള്‍ നടക്കാന്‍ തുടങ്ങി. പുള്ളിച്ചിപ്പട്ടി മുന്നോട്ടുവച്ചു കൈകളില്‍ തലചായ്ച്ചു വരമ്പില്‍ കാവല്‍ കിടക്കുകയായിരുന്നു അന്നേരം. ഏരിനെ തെളിക്കുന്ന ശബ്ദംമാത്രം അവിടെ തങ്ങിനിന്നു. പാലൂകാപ്പ് വീടിന്റെ അടുക്കള ഭാഗത്ത് ലൈറ്റ് തെളിഞ്ഞുവരുന്നു. ഉമ്മറവാതില്‍ മുറുമുറെ ശബ്ദത്തോടെ തുറന്നു. കോലായില്‍ വല്ല്യമ്മ നിലവിളക്കു വച്ച് ഓട്ടുപൂജാവും ഓട്ടുഗ്ലാസുമായി വല്യമ്മ പടിയിറങ്ങി വന്നു. കറുമ്പിപ്പൈ കിടന്നിടത്തുതന്നെ ചാണകമിട്ടതില്‍ അതിനെ ചീത്ത പറഞ്ഞു വല്യമ്മ. കന്നിനോടു കിന്നാരം പറഞ്ഞത് അനുസരിച്ച മാതിരി തള്ളപ്പയ്യിന്റെ അകിടില്‍ രണ്ടുമൂന്നു വട്ടം മുട്ടി മുട്ടി പാല്‍ നുകര്‍ന്നു കന്ന്. കന്നിന്റെ വായില്‍ പാല്‍നുര.
കന്നിനെ പാല്‍ കുടിക്കാന്‍ അനുവദിച്ച് ഒന്നുരണ്ടു തവണ വേലായുധസ്വാമിയെ വിളിച്ചു വല്യമ്മ വീട്ടിലേക്കു കയറിപ്പോയി. ഈ സമയം വലിയൊരു കണ്ടം കരിക്കലടിച്ചു കഴിഞ്ഞ് അടുത്ത കണ്ടത്തിലേക്ക് ഏരിനെ തെളിക്കുകയായിരുന്നു അച്ഛന്‍. പുള്ളിച്ചിപ്പട്ടിയും വിശ്രമസ്ഥലം മാറ്റി. കിടുകിടുങ്ങനെയുള്ള തണുപ്പും വിണ്ട കാലടിയുടെ വേദനയും അച്ഛനോടു തോറ്റുവെന്നു തന്നെ പറയാം. അയല്‍പക്ക വീടുകളില്‍നിന്ന് ഒച്ചയും അനക്കവും വെളിച്ചവും വലുതായി കൊണ്ടിരുന്നു. പല്ലുതേപ്പും അതിനോടനുബന്ധിച്ചുള്ള ഒച്ചകളും ഇപ്പോള്‍ ചുറ്റും കേള്‍ക്കാം. അയല്‍വീട്ടിലെ കോഴികള്‍ കൂട്ടത്തോടെ തോട്ടത്തിലേക്കു കൊക്കിപ്പാറി വന്നു.
പുള്ളിച്ചിപ്പട്ടി ചെവി വട്ടംപിടിച്ചു. മെല്ലെ എഴുന്നേറ്റു ശബ്ദം കേട്ട ദിക്ക് ഉറപ്പാക്കി. പിന്നീട് മുറുമുറുത്തു കൊണ്ടു തോട്ടത്തിലേക്കു പാഞ്ഞു. കോഴികളെ അതിര്‍ത്തിവരെ തുരത്തിയോടിച്ചു അത്. തിരികെ അതേ സ്ഥാനത്തു വന്നു വിശ്രമിച്ചു. അതിനിടെ വല്യമ്മ കാപ്പിയും ദോശയുമായി വയലിലേക്കു വന്നു. അതുകണ്ട് അച്ഛന്‍ ഏരു നിര്‍ത്തി. വയലിലെ തെളിവെള്ളത്തില്‍ കൈകഴുകി വരമ്പത്തിരുന്നു കത്തലടക്കാന്‍ തുടങ്ങി. പുള്ളിച്ചിപ്പട്ടി വാലാട്ടി അല്‍പം ദൂരെ ദോശകഷണത്തിനു കാത്തുനിന്നു. പതുക്കെ വയലില്‍ കൊറ്റികള്‍ കൂട്ടത്തോടെ നിരനിരന്നു. കാലിക്കിളികള്‍ കൂട്ടത്തോടെ വന്ന് ഇരതേടി. ഇന്ന് അവരുടെ ഉത്സവമാണ്. കാലിക്കിളികളില്‍ ചിലര്‍ പോത്തിന്റെ ചെവിയില്‍ എന്തോ വന്നു മന്ത്രിച്ചു. തലയാട്ടി പോത്തത് ശരിവയ്ക്കുകയും ചെയ്തു.
ഉഴുതുമറിച്ച മണ്‍കട്ടയിലെ പുല്‍ക്കൊടിത്തുമ്പത്തിരുന്ന തല തടിയന്‍ പച്ചപ്പുഴു കാലിക്കിളി കാണാതൊളിച്ചു. വലിയ പച്ചത്തവള വരമ്പില്‍നിന്നു കണ്ടത്തിലേക്ക് എടുത്തുചാടി. പെട്ടെന്നുള്ള ശബ്ദം കേട്ടു കൊറ്റികള്‍ അല്‍പം മാറി നിന്നു. എത്രയോ തവണ ചെളിയില്‍ വീണിട്ടും ചേറോ വെള്ളമോ പറ്റാതെ കിടക്കുകയാണു മണ്ണട്ട. കുതിര്‍ന്ന മണ്‍കട്ട സുഷിരത്തിലൂടെ ഊളിയിട്ടുവത്.
നേഞ്ഞലിന്റെ കൊഴുവില്‍ കുടുങ്ങിയ നീര്‍ക്കോലിയെ കണ്ടു പുള്ളിച്ചിപ്പട്ടി കുരച്ചു. അച്ഛനതിനെ വളരെ സൂക്ഷ്മതയോടെ സ്വതന്ത്രമാക്കി. ഏരിറങ്ങിയ കണ്ടത്തിലെ ചെളിവെള്ളത്തില്‍നിന്നു കുഞ്ഞന്‍ പരല്‍മീനും നെറ്റിയാപൊട്ടനും തോടനും മുഷുവും ചെറിയ നിലംപറ്റിമീനും അടുത്ത കണ്ടത്തിലേക്കു ധൃതിയില്‍ പാഞ്ഞു. എഴുത്തച്ഛന്‍ പ്രാണി വെള്ളത്തിനു മീതെ എഴുത്തും വരയും തുടര്‍ന്നു. ഫേസ്ബുക്ക് എഴുത്തുകാരെപ്പോലെ അവയൊന്നും പ്രസിദ്ധീകരിച്ചു കാണാന്‍ അവയ്ക്കു താല്‍പര്യമില്ലെന്നു തോന്നുന്നു.
പതുക്കെ തണുപ്പകന്നു വെയിലിനു ചൂടേറി വന്നു. തലയില്‍നിന്നു തോര്‍ത്തെടുത്തു വിയര്‍പ്പ് തുടച്ചു അച്ഛന്‍. ഉരുക്കള്‍ ക്ഷീണിച്ചു തുടങ്ങിയിരിക്കുന്നു. അവയുടെ മൂക്കില്‍നിന്നും വായില്‍നിന്നും കൊഴുത്ത ദ്രാവകം ഒലിച്ചുവരുന്നുണ്ട്. ഏര് സാവകാശം വരമ്പരികെ വന്നു നിന്നു. നേഞ്ഞലും നുകവും അഴിച്ചുമാറ്റിക്കൊടുത്തു അച്ഛന്‍. മേലെ വീട്ടിലെ മെര്‍ഫി റേഡിയോയില്‍നിന്ന് 12.30ന്റെ പ്രാദേശിക വാര്‍ത്തകള്‍ വായിച്ചുതുടങ്ങിയിരുന്നു അന്നേരം. ഏരിനെ മേയാന്‍ വിട്ട ഇടവേളകളില്‍ അച്ഛന്‍ വരമ്പ് ചെത്തി. ചെടികളുടെയും പുല്ലിന്റെയും വേരുകള്‍ പൊട്ടി. മണ്ണിന്റെ വേരായ മണ്ണിരയും മറിഞ്ഞു. അവയില്‍ പലതും മണ്ണിന്റെ പുതിയ തളിര്‍പ്പുകളായി. എലിമടയും ഞണ്ടിന്‍മടയും അടച്ച് അച്ഛന്‍ കണ്ടത്തില്‍ വെള്ളം കെട്ടിനിര്‍ത്തി.
അതിനിടെ പാലപൊയില്‍ കോളനിയിലെ കറുപ്പിയും മക്കളും കണ്ടത്തിലിറങ്ങി. ചിലര്‍ ഞണ്ടുംമടയില്‍നിന്നു പാല്‍ ഞണ്ട് പിടിക്കാന്‍ തുടങ്ങി. ഉപ്പേരിക്കുള്ള പൊന്നാംകണ്ണിയും ചൂലുണ്ടാക്കാന്‍ കോവപ്പുല്ലും പറിച്ചെടുത്തു ചിലര്‍. വയലരികിലെ ചെറുചാലില്‍നിന്നു ചിലര്‍ ചെറിയ കക്ക പെറുക്കി. പോത്തിനെ മേച്ചുകൊണ്ട് അച്ഛന്‍ പുഴവക്കിലേക്കു നടന്നു. പോത്ത് പുഴവെള്ളത്തില്‍ വിശ്രമിക്കുകയും ഇടക്കിടെ ദീര്‍ഘമായി ശ്വസിക്കുകയും ചെയ്യുന്നതു കണ്ടു. തല വെട്ടിച്ച് ഈച്ചകളെ അകറ്റിമാറ്റാന്‍ നോക്കുന്നുണ്ടത്. ഇടക്കിടെ തല വെള്ളത്തിലാഴ്ത്തി പോത്തുകള്‍ ചൂടകറ്റി. കടവില്‍ അച്ഛന്‍ കാല്‍മടമ്പ് അലക്കുകല്ലിലുരച്ചു വൃത്തിയാക്കുകയാണ്. തോര്‍ത്തും ബനിയനും അലക്കി ആറാനിട്ടു. ഏരിനെ കുളിപ്പിക്കുകയും ചെയ്തു. കോണകം മാത്രമുടുത്തു പാതിവെള്ളത്തിലിരുന്നു തല തോര്‍ത്തി. തോര്‍ത്ത് പിരിച്ചു പ്രത്യേക തരത്തില്‍ പുറം തുടച്ചു.
തുടര്‍ന്ന് ഏരുകളുടെ ദേഹത്ത് അച്ഛന്‍ വേപ്പെണ്ണ പുരട്ടി. അവയെ ആലയില്‍ കെട്ടി. വൈക്കോല്‍ തുറുവില്‍നിന്ന് പുല്ല് വലിച്ച് പുല്‍തൊട്ടിയിലിട്ടു കൊടുത്തു. അച്ഛന്‍ തിരികെ വീട്ടിലേക്ക്. അച്ഛന്‍ എത്തും മുന്‍പേ പുള്ളിച്ചിപ്പട്ടി വീട്ടിലെത്തിയിരുന്നു. അച്ഛന്റെ ശബ്ദം കേട്ട് കിണ്ടിയില്‍ വെള്ളം നിറച്ച് അമ്മ ചേതിക്കലില്‍ വച്ചുകൊടുത്തു. കൈയും കാലും കഴുകി അച്ഛന്‍ കോലായിലെ ഇരുത്തിപ്പടിയില്‍ ചോറുണ്ണാനിരുന്നു. കിണ്ണം നിറയെ ചോറും കോപ്പയില്‍ ചക്കക്കുരുവും വെള്ളരിയും ചേര്‍ത്തുവച്ച കൂട്ടാനും. കറമൂസ ഉപ്പേരിയുമുണ്ടായിരുന്നു. കിണ്ണത്തിലെ ചോറ് പാതി ബാക്കിയാക്കി അച്ഛനുണ്ടെഴുന്നേറ്റു.
കൈ കഴുകി വന്ന് ഇരുത്തിപ്പടിയില്‍ ചെറുതായൊന്നു മയങ്ങി. ഇടെക്കെപ്പൊഴോ ഞെട്ടിയുണര്‍ന്നു അച്ഛന്‍. പിന്നീട് കപ്പടക്കരയുള്ള ഖാദി മുണ്ടും കഞ്ഞി മുക്കിത്തേച്ച ഖദര്‍ ഷര്‍ട്ടും ഒരു കള്ളി തോര്‍ത്തും തോളിലിട്ട് പുറത്തേക്കിറങ്ങി. അങ്ങാടിയിലേക്കാണ്. സന്ധ്യക്കാണു തിരികെവന്നത്. കാലു കഴുകി ഭസ്മക്കുറിയും തൊട്ട് അച്ഛന്‍ കിടക്കാനൊരുങ്ങി. അരികെ കുഞ്ഞ് റേഡിയോയില്‍നിന്നു പ്രാദേശിക വാര്‍ത്തയും ‘വയലും വീടും’ പരിപാടിയും ചലച്ചിത്രഗാനങ്ങളും ഒഴുകുന്നുണ്ടായിരുന്നു. അച്ഛന്‍ ക്ഷീണിച്ചുറക്കത്തിലേക്കും വീണു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.