2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

വയനാട്ടില്‍ കണ്ണുനട്ട് കോണ്‍ഗ്രസ് നേതാക്കള്‍

നിസാം കെ. അബ്ദുല്ല#

 

പൊതുവെ യു.ഡി.എഫിനു കാര്യങ്ങള്‍ എളുപ്പമായ വയനാട് മണ്ഡലത്തില്‍ കണ്ണുനട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ത്തന്നെ രംഗത്തുണ്ട്. നറുക്ക് ആര്‍ക്കു വീഴുമെന്നത് നിശ്ചയമില്ലെങ്കിലും നേതാക്കളില്‍ പലരും ശുഭാപ്തി വിശ്വാസത്തിലാണ്. മണ്ഡലത്തിന് പുറത്ത് നിന്നുള്ള ഒരാളായിരിക്കും സ്ഥാനാര്‍ഥി എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എങ്കിലും പ്രാദേശിക വാദമുന്നയിച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പു തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ഐ വിഭാഗത്തിന്റെ വരുതിയിലുള്ള മണ്ഡലത്തില്‍ ഒരു എ വിഭാഗം നേതാവിന്റെ പേരും പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് ദിസങ്ങളായി. മുമ്പ് രാഹുല്‍ ഗാന്ധി തന്നെ മണ്ഡലത്തില്‍ മത്സരത്തിനെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ന് പറഞ്ഞ് കേള്‍ക്കുന്ന പേരുകളില്‍ വമ്പന്‍ കെ.സി വേണുഗോപാലാണ്. പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെയും എം.എം ഹസന്റെയും പേരുകളും പല നേതാക്കളും പറയുന്നുണ്ട്. അതിനിടയിലാണ് എ ഗ്രൂപ്പിലെ ടി. സിദ്ദീഖിന്റെ പേരും വയനാട് മണ്ഡലത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.

ആരു മത്സരിച്ചാലും മണ്ഡലം യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നാണ് നിലവിലെ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്. മണ്ഡലം രൂപീകരിച്ചതിനു ശേഷമുള്ള രണ്ടു തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനൊപ്പമായിരുന്നു വയനാട്. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്കെതിരെ അത്രത്തോളം പ്രതിഷേധങ്ങള്‍ അരങ്ങേറിയിട്ടും വിജയം യു.ഡി.എഫിനൊപ്പം നിന്നത് മണ്ഡലത്തില്‍ അവര്‍ക്കുള്ള സ്വാധീനമാണ് വ്യക്തമാക്കുന്നത്. ആദ്യതവണ 1.5 ലക്ഷത്തിന് മുകളിലും രണ്ടാംതവണ ഇരുപതിനായിരത്തിന് മുകളിലും ഭൂരിപക്ഷത്തിനായിരുന്നു എം.ഐ ഷാനവാസിന്റെ വിജയം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകളെ കൂട്ടുപിടിച്ചാണ് എല്‍.ഡി.എഫ് മണ്ഡലത്തില്‍ ബലപരീക്ഷണത്തിനൊരുങ്ങുന്നത്.

എല്‍.ഡി.എഫിനായി കളത്തിലിറങ്ങുക സി.പി.ഐയിലെ അഡ്വ. പി.പി സുനീറാവാനാണ് സാധ്യത കൂടുതല്‍. മലപ്പുറത്തുകാരനെന്നത് മലപ്പുറം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ സുനീറിനെ സുപരിചിതനാക്കുന്നുണ്ട്. തിരുവമ്പാടിയിലും പരിചിതനാണ് സുനീര്‍. ഇതാണ് സുനീറിനെ പരിഗണിക്കാന്‍ കാരണമെന്നാണറിയുന്നത്. വയനാട്ടിലാണ് അല്‍പം അപരചിതത്വമുള്ളത്.

അതു പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും സി.പി.ഐക്കുണ്ട്. ഒപ്പം സത്യന്‍ മൊകേരിയുടെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഇതിനിടയില്‍ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന നേതാവ് ജാസ്മിന്‍ ഷായെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യവും സി.പി.ഐ ആലോചിക്കുന്നുണ്ട്. ജാസ്മിന്‍ ഷായുമായി കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

അതിനൊപ്പം സീറ്റ് വച്ചുമാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സി.പി.ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ അത്തരത്തിലുള്ള ഒരു സംസാരം നടക്കുന്നുണ്ട്. അവര്‍ക്ക് പൊന്നാനിയില്‍ മത്സരിക്കാനാണ് താല്‍പര്യം. ലോക്താന്ത്രിക് ദളിന് വയനാട് സീറ്റ് നല്‍കി സി.പി.ഐ പൊന്നാനി വാങ്ങാനുള്ള വിദൂര സാധ്യതകളും നിലവിലുണ്ട്.
കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയും വയനാട്ടുകാരനുമായ ആന്റോ അഗസ്റ്റിന്‍ എന്‍.ഡി.എ സ്ഥാര്‍ഥിയാവുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാല്‍ പല വഴിക്കു ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ അവസാന നറുക്ക് ആര്‍ക്കു വീഴുമെന്നതില്‍ മുന്നണിക്കുള്ളില്‍ തന്നെയുള്ളവര്‍ക്ക് ഒരുറപ്പുമില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.