2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

പ്രളയാനന്തരം വയനാട്

പ്രളയാനന്തര വയനാട്ടില്‍ നൂറോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചില ദിനരാത്രങ്ങളുടെ ഓര്‍മക്കുറിപ്പ്

 

ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ്

 

 

ഏറെ വിവശയായാണ് കബനി ഞങ്ങളെ വരവേറ്റത്. ചോരയും നക്‌സലിസവും വിപ്ലവവും കണ്ടു വിറങ്ങലിക്കാത്ത അവള്‍, പക്ഷെ ഇപ്പോള്‍ തീര്‍ത്തും തളര്‍ന്നിരിക്കുന്നു. ആ പാരവശ്യത്തിനിടയിലും, അമേരിക്കന്‍ തത്വചിന്തകന്‍ എമേഴ്‌സണ്‍ പറഞ്ഞതു പോലെ, അവള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു: ” ഞങ്ങളുടെ താളവുമായി ഒത്തുചേരുക, കാരണം ഞങ്ങളുടെ രഹസ്യം തന്നെ ക്ഷമയാണ്..”
പ്രളയബാധിത വയനാടിന്റെ ഒരു പൊതുചിത്രവും ഭാവവും കുടഞ്ഞെറിയപ്പെട്ട രോമക്കുപ്പായം പോലെയാണ്. മാനന്തവാടി നഗരസഭാ പരിധിയില്‍പെട്ട വള്ളിയൂര്‍ക്കാവ്, ആറാട്ടുതറ, പെരിവക, പടിഞ്ഞാറേത്തറ തുടങ്ങിയ ഒട്ടുമിക്ക പ്രദേശങ്ങളെയും ബാണാസുരാ സാഗര്‍ അണക്കെട്ടിന്റെ രോഷജലത്തോടൊപ്പം ഒഴുകിയെത്തിയ എക്കല്‍ മണ്ണ് കീഴടക്കിയിരിക്കുന്നു. ഡാം തുറന്നപ്പോള്‍ താണ്ഡവമാടിയ ജലദേവത സര്‍വ അതിരുകളും ഭേദിച്ച്, കുറെക്കാലമായി മൗനിയായൊഴുകുന്ന കബനിയിലേക്കും തന്റെ പ്രതിഷേധജ്വാലകളുമായി പ്രകടനം നടത്തിയപ്പോഴാണ്, തെല്ല് ദൂരത്തായിട്ടുപോലും, ഈ മേഖലകളില്‍ നാശനഷ്ടത്തിന്റെ പരുക്കുകള്‍ സാരമാക്കിയത്.


മണ്ണിലുറക്കാത്ത മരവേരുകളെ തീര്‍ത്തും അവഗണിച്ചു വഴുതിവീഴുന്ന താഴ്‌വാരങ്ങളില്‍ കോണ്‍ക്രീറ്റ് കാടുകള്‍ തീര്‍ത്ത മനുഷ്യനെന്ന നികൃഷ്ടജീവിയോട്, അതുവരെ പൊറുത്തും ക്ഷമിച്ചും ജീവിക്കുകയായിരുന്ന മലമുത്തപ്പന്മാര്‍ കെറുവ് കാണിച്ചതില്‍ തെല്ലും അതിശയമില്ല. അവര്‍ ജലദേവതയോട് ഐക്യം പ്രകടിപ്പിച്ച് ഇടിമിന്നലില്‍ പൊതിഞ്ഞ ഉരുളുകളായി ആ താണ്ഡവത്തിനു പക്കമേളമൊരുക്കുകയും ചെയ്തു.

”സര്‍വത്ര കോപം- അതാണുണ്ടായിരിക്കുന്നത്.” ഹയര്‍ സെക്കന്‍ഡറി അധ്യാപകനും സുഹൃത്തും പരിസ്ഥിതി പ്രവര്‍ത്തകനുമായ ജയരാജന്‍ മാഷ് പറഞ്ഞതു നൂറുശതമാനം സത്യമാണെന്നു ബോധ്യപ്പെടാന്‍ ഏറെ സമയമൊന്നും വേണ്ടി വന്നില്ല. യാത്ര തുടങ്ങി, കൂത്തുപറമ്പ് കഴിഞ്ഞ് ചുരം തുടങ്ങുന്ന നെടുംപൊയിലില്‍ വണ്ടിയെത്തിയപ്പൊഴേ പ്രസ്തുത കോപത്തിന്റെ ശേഷപത്രം നേരിലനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

സാമ്പത്തികസഹായത്തിനു പുറമെ ഞങ്ങളുടെ വിദ്യാര്‍ഥികള്‍ സ്വരുക്കൂട്ടിയ റിലീഫ് മെറ്റീരിയലുകളും, അതോടൊപ്പം ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയിലെ നാഷനല്‍ സര്‍വിസ് സ്‌കീം വളന്റിയര്‍മാര്‍ ട്രെയിന്‍മാര്‍ഗം കണ്ണൂര്‍ പാര്‍സല്‍ ഓഫിസിലേക്ക് അയച്ചുതന്ന ഇരുപതില്‍പ്പരം കാര്‍ടന്‍ ബോക്‌സുകളും കുത്തിനിറച്ച്, ഹൈറേഞ്ച് പരിചയമില്ലാത്ത എഞ്ചിനും കൊണ്ട് യൂനിവേഴ്‌സിറ്റി ബസ് കിതച്ചു ചുരം കയറുമ്പോള്‍ ശ്രദ്ധയില്‍പെട്ടതു മണ്ണിടിച്ചലിന്റെ അവശിഷ്ടങ്ങള്‍ മാത്രം. മുക്കിയും മൂളിയും, റോഡെന്ന പേരു മാത്രമുള്ള വഴിയിലൂടെ, പെയ്തുതുടങ്ങിയ കനത്ത മഞ്ഞിനെ വകഞ്ഞുമാറ്റി, ഒരു ചെപ്പടിവിദ്യക്കാരന്റെ മെയ്‌വഴക്കത്തോടെ വണ്ടിയോടിക്കുകയായിരുന്ന ഡ്രൈവര്‍ സലാമിനെയും നോക്കി, സഹപ്രവര്‍ത്തകനായ ഡോ. പ്രതീഷ് പുറത്തെ രാത്രിയെ നോക്കി ഇടക്കിടെ നെടുവീര്‍പ്പിടുന്നുണ്ടായിരുന്നു.

ദുര്‍ഘടമായ പാതയിലൂടെയുള്ള നീണ്ട മണിക്കൂറുകളുടെ യാത്ര കൊണ്ടൊന്നും തളര്‍ത്താന്‍ പറ്റാത്തതായിരുന്നു എന്റെ വിദ്യാര്‍ഥികളുടെ ദൃഢനിശ്ചയം. എത്തുമ്പോള്‍ പാതിരാത്രിയായിട്ടും നേര്‍ത്തൊരു പരിഭവം പോലും പുറത്തുകാണിക്കാതെ, കിടന്നുറങ്ങാന്‍ ക്ലാസ്‌റൂമും സൗകര്യങ്ങളും ഒരുക്കിത്തന്ന മാനന്തവാടി ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പലും സെക്യൂരിറ്റി ജീവനക്കാരന്‍ സിറാജുമൊക്കെ മഹാപ്രളയത്തിലും ഭൂമിയിലെ നന്മമരങ്ങള്‍ പൂര്‍ണമായും കടപുഴക്കിയെറിയപ്പെട്ടിട്ടില്ല എന്ന് ഓര്‍മിപ്പിച്ചു.
പുലര്‍ച്ചെ എഴുന്നേറ്റ്, തലേന്നത്തെ ഉറക്കച്ചടവിന്റെയോ യാത്രാക്ഷീണത്തിന്റെയോ യാതൊരു കോട്ടുവായിടലുകളും പുറത്തെടുക്കാതെ പ്രസന്നവും ചുറുചുറുക്കാര്‍ന്നതുമായ ആവേശത്തോടെ ഞങ്ങള്‍ മുനിസിപ്പല്‍ ഓഫിസിലെത്തി. ‘വി ഫോര്‍ വയനാട് ‘ എന്നു പേരിട്ടു സ്വന്തം ജില്ലയെ വീണ്ടെടുക്കാന്‍ തയാറായ ഉദ്യോഗസ്ഥരും സംഘാംഗങ്ങളുമാണു ഞങ്ങളെ വരവേറ്റത്. കഴിഞ്ഞ കുറേനാളുകളായി സ്വന്തം വീട്ടിലെത്താത്തവര്‍. എന്നാല്‍, ശരിക്കൊന്ന് ഉറങ്ങിയിട്ടു ദിവസങ്ങളായി എന്നു സംശയിക്കുന്ന തരത്തിലുള്ള യാതൊരു മുഖഭാവവും അവരിലുണ്ടായിരുന്നില്ല.
‘കാസറഗോഡ് നിന്നും ഞങ്ങള്‍ക്കായി വന്നവരാണ്. അവര്‍ക്കുള്ള ആക്ഷന്‍ പ്ലാനും കിറ്റും എത്രയും പെട്ടെന്ന് കൊടുക്കൂ..’ എന്ന് എല്ലാ ബഹളത്തെയും അതിജീവിച്ചു പറയാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന ഒരു സ്ത്രീയെയാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നതിനുമുന്‍പ് നിര്‍ബന്ധമായും എല്ലാവരും ഈ ഗുളികകള്‍ കഴിച്ചിരിക്കണം എന്നു പറഞ്ഞ് എലിപ്പനിക്കെതിരേയുള്ള പ്രതിരോധഗുളിക ഞങ്ങളുടെ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നതിനിടയില്‍ മാത്രമാണ് അവര്‍ ഒരു ഡോക്ടറാണെന്ന കാര്യം മനസിലാക്കിയത്.

വെള്ളം കയറി ചെളിയും അഴുക്കും നിറഞ്ഞ വീടുകളും പരിസരപ്രദേശങ്ങളും വളന്റിയര്‍മാര്‍ വൃത്തിയാക്കി. കബനിനദിയുടെ തീരത്ത് താമസിക്കുന്ന പ്രളയബാധിത കുടുംബങ്ങള്‍ സന്ദര്‍ശിച്ച് അവരാവശ്യപ്പെട്ട സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നല്‍കി. പ്രളയത്തിന്റെ അവശിഷ്ടങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യവസ്തുക്കള്‍ വേര്‍തിരിച്ചു ശേഖരിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു. കിണറുകളിലും കുടിവെള്ള സ്രോതസുകളിലും ക്ലോറിനേഷന്‍ നടത്തി. വസ്ത്രം, പുതപ്പ്, നാപ്കിന്‍, മരുന്ന് എന്നിവ വിതരണം ചെയ്തു. ദുരന്തത്തെ അതിജീവിച്ചിട്ടും പേടി വിട്ടുമാറാത്ത നൂറുകണക്കിനു മുഖങ്ങളെ കൗണ്‍സിലിങ് നല്‍കി സാന്ത്വനിപ്പിച്ചു. പുഴയും പുരയും മാലിന്യവിമുക്തമാക്കി. ഉരുള്‍പൊട്ടലില്‍ ചരലിനാലും ചെളികൊണ്ടും സംസ്‌കരിക്കപ്പെട്ട കെട്ടിടങ്ങള്‍ പുനര്‍ഖനനം ചെയ്‌തെടുത്തു. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സമ്മാനിക്കാന്‍ എണ്ണായിരം രൂപയുടെ നോട്ട്ബുക്കുകളും പേനകളും സമ്മാനിച്ചു. മുപ്പതിനായിരത്തില്‍പ്പരം സന്നദ്ധസേവകരോടൊപ്പം, വിദ്യാര്‍ഥികളെ നയിച്ചുകൊണ്ട് ഏതാനും ദിനങ്ങള്‍ ഇവിടെ ‘ജീവിച്ച’പ്പോള്‍ പുതിയ തലമുറക്കു ദിശാബോധം നഷ്ടപ്പെട്ടിട്ടില്ല എന്നു തിരിച്ചറിഞ്ഞു.
നാം നിര്‍മിച്ച മാലിന്യവും ചവറും ചേറും ചെളിയും നമുക്ക് ദുരന്തരീതിയില്‍ പ്രകൃതി തിരിച്ചുതരുന്നു എന്നതാണ് ഈ പ്രളയം തരുന്ന പാഠം. അതുകൊണ്ട് തന്നെ ഈ ദുരന്തം ഒരവസരം നമുക്കു സമ്മാനിച്ചിട്ടുകൂടിയാണു കടന്നുപോകുന്നത്. പദ്ധതികളിലും തീരുമാനങ്ങളിലും കൂടിയാലോചനകളിൂലും തിരുത്തലുകള്‍ വരുത്തിയേ പറ്റൂ. പരിസ്ഥിതിയെ ബലികഴിച്ചുകൊണ്ടുള്ള ഏതൊരു പ്രവര്‍ത്തനത്തിനും ഇനിയും ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. ഡാമുകള്‍ കൈകാര്യം ചെയ്യുന്ന രീതികള്‍ പുനര്‍വിചിന്തനത്തിനു വിധേയമാക്കിയേ തീരൂ. മാധവ് ഗാഡ്ഗില്‍ പറഞ്ഞത് ഇനിയെങ്കിലും ചെവിക്കൊള്ളണം. 2006ല്‍ കമ്മിഷന്‍ ചെയ്ത ബാണാസുര സാഗര്‍ ഡാം, അന്നത്തെ ഓണംകേറാ മൂലയെന്നറിയപ്പെട്ടിരുന്ന പടിഞ്ഞാറെത്തറയെ പ്രശസ്തമാക്കി എന്ന് അഹങ്കരിക്കാന്‍ വരട്ടെ. നൂറില്‍പ്പരം കോടി രൂപ ചെലവഴിച്ച് കരമന്തോട് പുഴയുടെ രണ്ടു മലകള്‍ക്കിടയില്‍ 685 മീറ്റര്‍ ഉയരത്തില്‍ ഒരു കൃത്രിമ മലകൂടി പണിത് ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട മറ്റൊരു ബാബേല്‍ ഗോപുരമുയര്‍ത്തി. ഇതൊരു ഡാം നിര്‍മിത ദുരന്തം മാത്രമാണെന്ന് പറഞ്ഞത് മാനന്തവാടി സ്വദേശിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.
പരസ്പരം കുറ്റപ്പെടുത്താന്‍ അരയും തലയും മുറുക്കി വരുന്നവരെ പ്രകൃതി, വരണ്ട ചിരിയോടെ ഓര്‍മിപ്പിക്കുന്നു-എന്നോട് ഇനിയെങ്കിലും ഒരല്‍പം ദയ കാണിക്കൂ എന്ന്. ചെറുതും വലുതുമായ നിര്‍മാണങ്ങള്‍ ഈ മലയടിവാരത്തെ അതിക്രൂരമായി മുറിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ഏലവും കാപ്പിയും തേയിലയും കോണ്‍ക്രീറ്റ് സൗധങ്ങളും സുഖവാസമന്ദിരങ്ങളും തുരങ്കങ്ങള്‍ തീര്‍ത്ത പാറഖനനവും മനുഷ്യന്റെ ദുരയുടെ നേര്‍ചിത്രങ്ങളായി തകര്‍ന്നടിഞ്ഞു ചരിത്രാവശിഷ്ടങ്ങളായിരിക്കുന്നു. അതിജീവിക്കണം, നവകേരള സൃഷ്ടി ത്വരിതപ്പെടുത്തണം തുടങ്ങിയ എല്ലാ റൊമാന്റിക് ജല്‍പനങ്ങള്‍ക്കിടയിലും ഈ മഹാദുരന്തത്തിന്റെ സൂചനകള്‍ തിരിച്ചറിയാതെ പ്രവര്‍ത്തിച്ചാല്‍ ആരും അവശേഷിക്കുമെന്നു തോന്നുന്നില്ല. കബനി നദിയുടെ ഇരുകരകളിലുമുള്ള മരങ്ങളുടെ ഉച്ചിയില്‍ ഇപ്പോഴും അവശേഷിക്കുന്ന മാലിന്യങ്ങള്‍, ഉയര്‍ന്നുപൊങ്ങി ഭീതിയുണ്ടാക്കിപ്പോയ വെള്ളപ്പൊക്കത്തെ നമ്മുടെ അബോധമനസില്‍ സൂക്ഷിക്കാനും അതിലൂടെ അസ്വസ്ഥമാകാനുമുള്ള എക്കാലത്തെയും ഓര്‍മപ്പെടുത്തലായിരിക്കണം.
‘നവകേരള’മെന്നാല്‍ നാലുദിവസം തുടര്‍ച്ചയായി നാലായിരം മില്ലിമീറ്റര്‍ മഴപെയ്താലും പേമാരി വന്നാലും വെള്ളം പൊങ്ങാത്ത, ഉരുള്‍പൊട്ടാത്ത, മണ്ണിടിയാത്ത കരുത്തുറ്റ ഒരു നാടായിരിക്കണം. പശ്ചിമഘട്ടത്തിന്റെ ഉയരം കാരണമാണ് ഈ ദേശത്ത് ഇത്രയും മഴകിട്ടാന്‍ കാരണമെന്ന് നാസയടക്കമുള്ള ഏജന്‍സികള്‍ പറഞ്ഞിട്ടുണ്ട്. അതിന്റെ കൊടുമുടികള്‍ക്ക് ഉയരം കൂടിയതിനാല്‍ ഈ ദേശത്തിനു കുറുകെ പായുന്ന കാറ്റിനു രക്ഷപ്പെടാന്‍ പറ്റില്ലെന്നും അവ തടഞ്ഞുനിര്‍ത്തപ്പെട്ട് മഴയായി മാറുമെന്നും നമുക്ക് അറിയുകയും ചെയ്യാം.
ഒലിച്ചുപോയ പാലങ്ങളും നശിച്ചുപോയ വാഴത്തോട്ടങ്ങളും കടന്ന്, നിശബ്ദരായി, ദൗത്യം പൂര്‍ത്തിയാക്കി ചുരത്തിലൂടെ തിരിച്ചു വണ്ടിയിറങ്ങുമ്പോള്‍ ഉച്ചിയിലെവിടെയോ അവശേഷിക്കുന്ന കില റിസോര്‍ട്ട് ബില്‍ഡിങ്ങുകള്‍ ചൂണ്ടിക്കാണിച്ചു കൂടെയിരിക്കുകയായിരുന്ന വിദ്യാര്‍ഥിനികളിലൊരാള്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു: ”സാര്‍, സമീപഭാവിയില്‍ തന്നെ, നമ്മള്‍ അവിടെയും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി വരേണ്ടി വരില്ലേ?”
ഉത്തരമൊന്നും മൊഴിയാതെ, അരിഞ്ഞിറങ്ങാന്‍ തുടങ്ങുകയായിരുന്ന കോടമഞ്ഞില്‍ ബസ് നിയന്ത്രിക്കാന്‍ പാടുപെടുന്ന രണ്ടാം ഡ്രൈവര്‍ ശരത്തിന്റെ പരിശ്രമത്തിലേക്കു കണ്ണോടിക്കുന്നതായി ഞാന്‍ അഭിനയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.