2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘വിദേശികള്‍ക്കാ’യി വല വിരിക്കാന്‍ കര്‍ണാടകയും; ബംഗളൂരുവിനടുത്ത് ആദ്യ തടങ്കല്‍ പാളയം തയ്യാര്‍!

 

ബംഗളൂരു: ‘അനധികൃതമെന്നു കണ്ടെത്തുന്ന വിദേശികള്‍ക്കായി’ ബംഗളൂരുവില്‍ തടങ്കല്‍ പാളയം തയ്യാറാണ്. ബംഗളൂരുവില്‍ നിന്ന് 40 കിലോമീറ്റര്‍ വിദൂരത്തുള്ള നീലമംഗലയിലാണ് കൂറ്റന്‍ തടങ്കല്‍ കേന്ദ്രം ആളുകളെയും കാത്തുനില്‍ക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് എന്‍.ഡി.ടി.വി.

എല്‍- രൂപത്തിലുള്ള കെട്ടിടത്തിനു പുറത്ത് കൂറ്റന്‍ മതിലുകളും ഇരുമ്പ് ബാരിക്കേഡുകളും തീര്‍ത്തിട്ടുണ്ട്. കെട്ടിടത്തിന്റെ മുന്‍പില്‍ ചെറിയ ഗാര്‍ഡനും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അസമിലെ ഗോല്‍പാറയില്‍ നിര്‍മിക്കുന്നതിനു സമാനമായതാണ് കെട്ടിടമെന്ന് റിപ്പോര്‍ട്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.

കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. അനധികൃത വിദേശ കുടിയേറ്റക്കാര്‍ക്കു വേണ്ടിയുള്ളതാണ് കെട്ടിടമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സംസ്ഥാനം ഇതിനായി കൂടുതല്‍ സ്ഥലം കണ്ടെത്തുമെന്ന് ബംഗളൂരു പൊലിസ് കമ്മിഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു.

അതേസമയം, അസമില്‍ നടപ്പിലാക്കിയ എന്‍.ആര്‍.സി മാതൃകയില്‍ കര്‍ണാടകയിലും നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് പലരും നിരീക്ഷിക്കുന്നത്. ഇത് കര്‍ണാടകയില്‍ മറ്റൊരു ചര്‍ച്ചയിലേക്ക് നീങ്ങിയിരിക്കുകയാണ്.

കര്‍ണാടകയിലും എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന് നേരത്തെ കര്‍ണാടക മന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞിരുന്നു. എന്‍.ആര്‍.സി രാജ്യം മൊത്തം വ്യാപിപ്പിക്കുമെന്നും കുടിയേറ്റക്കാരെ പുറന്തള്ളുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പ്രഖ്യാപിച്ചിരുന്നു.

എന്‍.ആര്‍.സി കൊണ്ടുവരുന്നതിനെ ബംഗളൂരു എം.പി പി.സി മോഹനും സ്വാഗതം ചെയ്തു. കര്‍ണാടകയില്‍, പ്രത്യേകിച്ച് ബംഗളൂരുവില്‍ ധാരാളം വിദേശികളുണ്ടെന്നും അധികവും ബംഗ്ലാദേശുകാരാണെന്നും ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് വരെയുണ്ടെന്നും മോഹന്‍ പറഞ്ഞു. അവര്‍ നമ്മുടെ രാജ്യത്തിന് ഭീഷണിയാണെന്നും മോഹന്‍ ആരോപിച്ചു.

അതേസമയം, ഈ കേന്ദ്ര നിര്‍ദേശിച്ചതും നടപ്പിലാക്കിയതും മുന്‍പ് ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് വക്താവ് ബി.എല്‍ ശങ്കര്‍ പറഞ്ഞു. എന്നാല്‍ ഇത് എന്‍.ആര്‍.സി അടിസ്ഥാനമാക്കിയല്ലെന്നും, ഇവിടെ പഠിക്കാനും പണിയെടുക്കാനും വന്ന് വിസ കലാവധി കഴിഞ്ഞവരെ പാര്‍പ്പിച്ച് സ്വരാജ്യത്തേക്ക് മടക്കി അയക്കാനുള്ള താല്‍ക്കാലി കേന്ദ്രം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.