2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സന്തോഷത്തോടെയിരിക്കണോ? ദിവസവും ഒരു 30 സെക്കന്‍ഡ് തരൂയെന്ന് ശാസ്ത്രം

 

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? ഇപ്പോഴുമൊപ്പോഴും സന്തോഷത്തോടെയിരിക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്. ഒന്ന് സന്തോഷിക്കാന്‍ വേണ്ടി മാത്രം, എന്തും ചെയ്യാനും എത്ര സമയം ചെലവഴിക്കാനും തയ്യാറാവുന്നവരാണ് എല്ലാവരും. അല്ലെങ്കില്‍, ജീവിതം തന്നെ സന്തോഷം കണ്ടെത്താന്‍ വേണ്ടിയുള്ള നെട്ടോട്ടമല്ലേ…

കുറേയൊന്നും സമയം വേണ്ട, ഒരു 30 സെക്കന്‍ഡ് സമയം ദിവസം മാറ്റിവയ്ക്കുകയാണെങ്കില്‍ സന്തോഷം നല്‍കാനാവുമെന്നാണ് ശാസ്ത്രം പറയുന്നത്. ഓരോ ദിനവും മാജിക്കലായ, മറക്കാനാവാത്ത ഒരു നിമിഷം ഉണ്ടാക്കിയാല്‍ സന്തുഷ്ടനായിരിക്കാമെന്നാണ് പഠനം പറയുന്നത്.

എങ്ങനെയാണ് ഇതു ചെയ്യുകയെന്നു നോക്കാം…

കാര്യം സിംപിളാണ്. ഒരു അപരിചിതനുമായി ചെറിയ സംഭാഷണം നടത്തുക, പരിചയപ്പെടുക. അതിനൊന്നും പറ്റുന്നില്ലെങ്കില്‍, കുറച്ചു നേരെ അവരെ കണ്ണില്‍ നോക്കിയിരിക്കുകയും ഒന്ന് ചിരിച്ചുകൊടുക്കുകയും ചെയ്യുക. സന്തോഷം പറന്നെത്തും.

അതിന് സന്ദര്‍ഭവും സാഹചര്യവും കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. ഓരോ ദിനവും അതു നമ്മില്‍ വന്നു ചേരുന്നുണ്ടാവും. ഉദാഹരണത്തിന്, ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മുടെ സീറ്റിനു മുമ്പിലിരിക്കുയാള്‍, ടിക്കറ്റെടുക്കുമ്പോള്‍ ക്യൂവില്‍ നില്‍ക്കുന്നയാള്‍ അങ്ങനെ സന്ദര്‍ഭങ്ങള്‍ കുറേ വീണുകിട്ടും. അവരെയാക്കെ ഒന്ന് അഭിവാദ്യം ചെയ്യുകയോ ചിരിക്കുകയോ സന്തോഷം പങ്കുവയ്ക്കുകയോ ചെയ്യുക.

ഇതിനെല്ലാം അപ്പുറത്ത് ചെയ്യേണ്ട ഒരു കാര്യം, നിങ്ങളുടെ മൊബൈല്‍ ഫോണ്‍ തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവയ്ക്കുക എന്നതാണ്. എലവേറ്ററില്‍ കയറുമ്പോഴോ ലിഫ്റ്റില്‍ പോവുമ്പോഴോ മൊബൈലില്‍ നോക്കുന്നതിനു പകരം, അടുത്തുള്ളവരോടൊന്ന് പുഞ്ചിരിച്ച് സന്തോഷം പങ്കിടുക.

എന്തിന് അപരിചതരോട് സംസാരിക്കണം?

സംസാരിക്കുന്നതു വരെ നമുക്കവര്‍ അപരിചതരാണ്. എന്നാല്‍ അന്നേരം മുതല്‍ നമ്മള്‍ക്കവരെയും അവര്‍ക്ക് നമ്മളെയും പരിചയമുള്ളവരായി. പ്രമുഖ സൈക്കോളജിസ്റ്റുകളായ എലിബസബ്ബ് ഡണും ഗില്യന്‍ എം. സാന്‍ഡ്‌സ്റ്റോമും കണ്ടെത്തിയ കാര്യം നോക്കുക. അപരിചതര്‍ തമ്മിലുള്ള സമ്പര്‍ക്കം ആളുകളൂടെ മൂഡ് മാറ്റുമെന്നാണ് അവര്‍ കണ്ടെത്തിയത്. വെറുതെ പറയുന്നതല്ല, ആളുകളില്‍ പരീക്ഷണം നടത്തിയാണ് ഇവരുടെ കണ്ടെത്തല്‍.

സ്മാര്‍ട്ട്‌ഫോണുകള്‍ അപരിചതര്‍ തമ്മിലുള്ള സമ്പര്‍ക്കവും ചിരിയും കുറച്ചുവെന്നും ഇവരുടെ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. കയ്യില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ മറ്റുള്ളവരെ ശ്രദ്ധിക്കുന്നതു പോലും കുറച്ചാണെന്ന് പഠനത്തില്‍ പങ്കെടുത്ത പലരും സമ്മതിക്കുന്നു. ഫോണില്ലാത്ത സമയമാണെങ്കില്‍ ആരെയെങ്കിലുമൊക്കം പരിചയപ്പെടുകയും ചിരിക്കുകയും സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യും.

അപ്പോള്‍ ചിരി പങ്കുവയ്ക്കൂ.. സന്തോഷം പരക്കട്ടേ…


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.