2018 October 20 Saturday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

വാഗണ്‍ ദുരന്തം

പി.ജി പെരുമല

1921കളില്‍ നടന്ന ഖിലാഫത്ത് പ്രക്ഷോഭത്തിനെതിരേ ബ്രിട്ടീഷ് ഭരണകൂടം നടത്തിയ നിഷ്ഠൂരതയുടെ നടുക്കുന്ന ഉദാഹരണമാണ് വാഗണ്‍ ട്രാജഡി എന്ന പേരിലറിയപ്പെടുന്ന കൂട്ടക്കൊല. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന ശ്രദ്ധേയമായ സമരങ്ങളിലൊന്നായിരുന്നു ഖിലാഫത്ത് പ്രക്ഷോഭം. മലബാറിലെ കര്‍ഷകര്‍ക്കുമേല്‍ കുടിയൊഴിപ്പിക്കല്‍, അന്യായമായ നികുതി പിരിവ്, ഉയര്‍ന്ന പാട്ടം തുടങ്ങിയവ ബ്രിട്ടീഷുകാര്‍ അടിച്ചേല്‍പ്പിച്ചു. തുടര്‍ന്ന് കര്‍ഷകരും നാട്ടുകാരും ഒരുമിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ എടുത്ത തീരുമാനമാണ് പിന്നീട് പ്രക്ഷോഭത്തിലേക്കു നയിച്ചത്.
ബ്രിട്ടീഷ് മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലും പൊന്നാനി,കോഴിക്കോട്, പാലക്കാട് താലൂക്കുകളിലുമാണ് പ്രക്ഷോഭം ശക്തിയാര്‍ജിച്ചത്. എന്നാല്‍ സമരത്തെ പട്ടാളം ശക്തമായി നേരിട്ടു. സമരത്തിനു നേതൃത്വം നല്‍കിയ ആലി മുസ്‌ലിയാരടക്കമുള്ള നിരവധി പേരെ വധശിക്ഷക്ക് വിധിച്ചു. നൂറു കണക്കിനുപേരെ തൂക്കിക്കൊന്നു. പതിനായിരക്കണക്കിനു പേരേ അന്തമാനിലെയും ബെല്ലാരിയിലെയും ജയിലുകളില്‍ തടവിലാക്കി. ആലി മുസ്‌ലിയാര്‍ വധശിക്ഷ കാത്തു കഴിയുന്നതിനിടയില്‍ ജയിലില്‍ വച്ചു മരണപ്പെട്ടെന്നും അതിനുശേഷം അദ്ദേഹത്തെ തൂക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

ചരിത്രരേഖകള്‍

ഒരു നൂറ്റാണ്ടു പോലും പ്രായമെത്തിയിട്ടില്ലെങ്കിലും വാഗണ്‍ ട്രാജഡി നടന്ന തിയതിയെക്കുറിച്ച് ആശയക്കുഴപ്പങ്ങളുണ്ട്. 1921 നവംബര്‍ 10,17, 19, 20 എന്നിങ്ങനെ വിഭിന്നങ്ങളാണ് ചരിത്ര പുസ്തകത്തിലെ തിയതികള്‍. മലബാര്‍ കലാപം എന്ന പേരില്‍ ഇറങ്ങിയ രണ്ടു പുസ്തകങ്ങളില്‍ വാഗണ്‍ ട്രാജഡി നടന്നത് നവംബര്‍ 20 എന്നാണ് രേഖപ്പെടുത്തിയത്. ചരിത്രകാരന്‍ ഡോ.എം.ഗംഗാധരന്റെ മലബാര്‍ റിബല്യനിലും പെരുന്ന കെ.എസ് നായരുടെ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലും നവംബര്‍19 എന്നാണ്. മൂഴിക്കുന്നത്തു ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഖിലാഫത്ത് സ്മരണകള്‍ എന്ന പുസ്തകത്തില്‍ ദുരന്തദിനം നവംബര്‍ 17-ാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ്, ബ്രിട്ടീഷ് ചരിത്രകാരന്‍ കോര്‍നാഡ് വുഡിന്റെ ദ മാപ്പിള റിബല്യന്‍ ആന്‍ഡ് ഇറ്റ്‌സ് ജെനിസസ്, കെ.എ കേരളീയന്റെ കേരളത്തിന്റെ വീരപുത്രന്‍, കെ.പി കേശവമേനോന്‍ എഴുതിയ കഴിഞ്ഞ കാലം, എ. ശ്രീധരമേനോന്‍ രചിച്ച കേരളവും സ്വാതന്ത്ര്യ സമരവും, കെ. ദാമോദരനും സി.നാരായണപിള്ളയും ചേര്‍ന്നെഴുതിയ കേരളത്തിന്റെ സ്വാതന്ത്ര്യസമരം എന്നീ പുസ്തകങ്ങളില്‍ നവംബര്‍ പത്തെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ദുരന്തത്തിന്റെ തുടക്കം

സായുധ പട്ടാളക്കാരോട് ഏറനാട്ടിലെയും വള്ളുവനാട്ടിലെയും സാധാരണക്കാര്‍ പോരാടിയതിന്റെ പരിണതിയായിരുന്നു വാഗണ്‍ ട്രാജഡി. 224 ഗ്രാമങ്ങളില്‍ ആ രോഷം ആളിക്കത്തി. പന്ത്രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. മുപ്പത്താറായിരത്തിലധികം പേരെ നാടുകടത്തി. പ്രക്ഷോഭങ്ങളില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
തുടര്‍ പ്രതിഷേധങ്ങളോടുള്ള പ്രതികാരത്തിന് ഭരണാധികാരികള്‍ കണ്ടെത്തിയ ദിവസങ്ങളായിരുന്നു നവംബര്‍ 19, 20 തിയതികള്‍. പാണ്ടിക്കാട് ചന്ത കൈയേറി, പുലാമന്തോള്‍ പാലം പൊളിക്കാന്‍ ശ്രിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 19ന് രാവിലെ മുതല്‍ ഏറനാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നാട്ടുകാരെ തടവുകാരായി പിടികൂടി നാലുപേരെ വീതം കൂട്ടിക്കെട്ടി. കാളവണ്ടികളുടെയും കഴുതവണ്ടികളുടെയും പിറകില്‍ കെട്ടിവലിച്ച് 16 മൈല്‍ അകലെ മലപ്പുറത്തേക്കു നടത്തിച്ചു. എല്ലാവരെയും മലപ്പുറത്തെ ഹെയ്ഗ് ബാരാക്‌സിലും വൈകിട്ട് തിരൂര്‍ റെയില്‍വേ സ്റ്റേഷനിലും എത്തിച്ചു.

വാഗണ്‍ ട്രാജഡി

1921 നവംബര്‍ 19ന് തിരൂരില്‍ നിന്നു കോയമ്പത്തൂര്‍ ജയിലിലടയ്ക്കാന്‍ റെയില്‍വേയുടെ ചരക്ക് വാഗണില്‍ കൊണ്ടുപോകാനായി തടവുകാരെ എത്തിച്ചു. അവിടെ എം.എസ്.എം.എല്‍ വി 1711 നമ്പര്‍ വാഗണ്‍ മരണത്തിന്റെ ചൂളം വിളിയുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവശരായവരെ തോക്കിന്‍മുനകൊണ്ട് കുത്തിയും ചവിട്ടിയും100 പേരെ വാഗണില്‍ കുത്തിനിറച്ചു. ബോഗി മനുഷ്യക്കൂനയായി. ഒന്നിനു മീതെ ഒന്നായി പോരാളികളെയും സാധാരണക്കാരെയും കുത്തിനിറച്ചു. ബോഗിക്കുള്ളിലെ ഇരുട്ടില്‍ പലരും പരസ്പരം കടിച്ചുകീറി. ഒലിച്ചിറങ്ങിയ രക്തം നക്കിക്കുടിച്ചു ദാഹമടക്കി. അവിടെത്തന്നെ വിസര്‍ജനം നടത്തി. ആണി വീണ നേരിയ പഴുതിലൂടെ ശ്വാസമെടുത്തു. എങ്ങനെയെങ്കിലും ജീവന്‍ നിലനിര്‍ത്തുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം.
ട്രെയിന്‍ കടന്നുപോയ വഴിനീളെ തടവുകാരുടെ നിലവിളി കേള്‍ക്കാമായിരുന്നു. നവംബര്‍ 20ന് പുലര്‍ച്ചെ കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂരില്‍ ട്രെയിനെത്തിയപ്പോള്‍, വാഗണില്‍ നിന്ന് ഒച്ചയും അനക്കവുമൊന്നും കേട്ടില്ല. തുടര്‍ന്നു പട്ടാളക്കാര്‍ വാഗണ്‍ തുറന്നപ്പോഴാണ് ദയനീയമായ കാഴ്ച –
ശ്വാസം കിട്ടാതെ പരസ്പരം കടിച്ചും മാന്തിക്കീറിയും മരിച്ചത് 64 പേര്‍. ബാക്കിയുള്ളവര്‍ ബോധരഹിതരായിരുന്നു. എട്ടുപേര്‍ കൂടി ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. ശേഷിച്ച 28പേരെ തടവുകാരാക്കി. അത്യന്തം ഭീകരമായ ഈ സംഭവമാണ് വാഗണ്‍ ട്രാജഡി. ചരിത്രത്തില്‍ ജാലിയന്‍വാല ബാഗിനെക്കാള്‍ നീചവും നികൃഷ്ടവുമായ കൂട്ടക്കൊലയായിരുന്നു ഇതെന്ന് പില്‍ക്കാല ചരിത്രം പറയുന്നു.

മൃതദേഹങ്ങളോടും അവഗണന

ചരക്കുവണ്ടിയുടെ ബോഗിയില്‍ മനുഷ്യരുടെ മൃതദേഹങ്ങളോടും അവഗണന തന്നെയായിരുന്നു. ഇവ ഏറ്റെടുക്കാന്‍ പോലും പോത്തന്നൂരിലെ സ്റ്റേഷന്‍ മാസ്റ്റര്‍ തയാറായില്ല. തുടര്‍ന്ന് അതേ വാഗണില്‍ തന്നെ തിരൂരിലെത്തിച്ചു. എന്നാല്‍ പട്ടാളനിയമം നിലവിലുണ്ടായിരുന്നതിനാല്‍ മരിച്ചവരുടെ ബന്ധുക്കള്‍ പോലും സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നിരുന്നില്ല. വീടുകളില്‍നിന്നു പുറത്തിറങ്ങിയാല്‍ പട്ടാളം പിടിച്ചുകൊണ്ടുപോകുമെന്ന ഭീതിയിലായിരുന്നു അവര്‍. തുടര്‍ന്ന് തിരൂരിലെ പൗരപ്രമുഖനായിരുന്ന കൈനിക്കര മമ്മി ഹാജി കലക്ടറുമായി സംസാരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ വാഗണ്‍ ദുരന്തത്തില്‍പെട്ടവരുടെ മയ്യിത്തുകള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കുന്നതുവരെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പിന്മേല്‍ ചില ബന്ധുക്കള്‍ റെയില്‍വേ സ്റ്റേഷനിലെത്തി.
ദുര്‍ഗന്ധം വമിച്ചിരുന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതില്‍ നിന്നും പൊലിസുകാര്‍ വിട്ടുനിന്നു. വായും മൂക്കും കെട്ടി സന്നദ്ധസേവാ പ്രവര്‍ത്തകരാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തതും ശുദ്ധീകരിച്ചതും. തിരൂരിലെ കോരങ്ങത്ത് ജുമുഅത്ത് പള്ളിയിലും കോട്ട ജുമുഅത്ത് പള്ളിയിലുമാണ് ഈ രക്തസാക്ഷികള്‍ക്ക് അന്ത്യവിശ്രമമൊരിക്കയത്. ഹൈന്ദവ സഹോദരങ്ങളെ മുത്തൂരിലും സംസ്‌കരിച്ചു.

ഹിച്ച് കോക്കിന്റെ കുബുദ്ധി

ബ്രിട്ടീഷ് പട്ടാള ഓഫിസര്‍ ഹിച്ച് കോക്കാണ് പുറത്തുള്ളവര്‍ പ്രക്ഷോഭകാരികളെ കാണുന്നത് തടയാന്‍ പിടികൂടിയവരെ അടച്ച വാഗണില്‍ കൊണ്ടുപോവുകയെന്ന ആശയം മുന്നോട്ടുവച്ചതും നടപ്പാക്കിയതും. അതിനു ന്യായമായി പറഞ്ഞത്, വാതിലുള്ള തീവണ്ടി ബോഗികളില്‍ നിന്നു പോരാളികളായ മാപ്പിളമാര്‍ ചാടിപ്പോകുമെന്നായിരുന്നു! തിരൂരില്‍നിന്നു ട്രെയിന്‍ കോയമ്പത്തൂരിലേക്കു പുറപ്പെടും മുന്‍പുതന്നെ ശ്വാസം കിട്ടാതെ നിലവിളി തുടങ്ങിയിരുന്നു. അവരുടെ നിലവിളി കാവല്‍ പൊലിസുകാര്‍ ശ്രദ്ധിച്ചില്ല. ട്രെയിന്‍ 15 മിനുട്ടുവീതം ഷൊര്‍ണൂരും ഒലവക്കോട്ടും നിര്‍ത്തിയിട്ടു. അപ്പോഴും തടവുകാരുടെ ദീനരോദനം അവര്‍ ശ്രദ്ധിച്ചില്ല.
ദയനീയമായ നിലവിളി കേട്ടിട്ടും അവരോട് മനുഷ്യത്വം കാണിക്കാന്‍ പട്ടാളക്കാരോ കൂട്ടാളികളോ തയാറായില്ല. 180 കിലോമീറ്റര്‍ ദൂരത്തുള്ള പോത്തന്നൂര്‍ സ്റ്റേഷനിലെത്താതെ കമ്പാര്‍ട്ട്‌മെന്റ് തുറക്കില്ലെന്ന വാശിയിലായിരുന്നു പട്ടാള ഉദ്യോഗസ്ഥര്‍.

വിചാരണ ചെയ്യുന്നു

പ്രക്ഷോഭം തുടങ്ങി ഒരുമാസം കഴിഞ്ഞപ്പോഴേക്കും വിചാരണയും ആരംഭിച്ചിരുന്നു. തടവുകാരായി പിടിക്കപ്പെട്ടവരെ ആദ്യം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അയച്ചിരുന്നത്. കണ്ണൂരില്‍ സ്ഥലം തികയാതെ വന്നതോടെ ബെല്ലാരിയിലേക്കു കൊണ്ടുപോകാന്‍ തിരുമാനിക്കുകയായിരുന്നു. ഇതിനു ചുമതലപ്പെട്ടവര്‍ സ്‌പെഷല്‍ ഡിവിഷന്‍ ഉദ്യോഗസ്ഥന്‍ ഇവാന്‍സ്, പട്ടാള കമാന്‍ഡര്‍ കര്‍ണന്‍ ഹംഫ്രിഡ്, ജില്ലാ മേധാവി ഹിച്ച് കോക്ക് എന്നിവരായിരുന്നു.

കൊല്ലപ്പെട്ടവര്‍

വാഗണ്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കൂലിപ്പണിക്കാരും കര്‍ഷകരുമായിരുന്നു. ചായക്കടക്കാരായ കുറ്റിത്തൊടി കോയക്കുട്ടി, മങ്കരത്തൊടി തളപ്പില്‍ ഐദ്രു, വള്ളിക്കാപറ്റ മമ്മദ്, തട്ടാനായ റിസാക്കില്‍ പാലത്തില്‍ ഉണ്ണിപ്പുറയന്‍, കൃഷിക്കാരനായ മേലേടത്ത് ശങ്കരന്‍ നായര്‍, പള്ളിയില്‍ ബാങ്കു വിളിക്കുന്ന മങ്കരത്തൊടി മൊയ്തീന്‍ ഹാജി, പാറച്ചോട്ടില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, മതാധ്യാപകരായ മാണികട്ടവന്‍ ഉണ്ണിമൊയ്തീന്‍, പോക്കര്‍കുട്ടി, ഖുര്‍ആന്‍ ഓത്തുകാരനായ കോരക്കോട്ടില്‍ അഹമ്മദ്, വയല്‍പാലയില്‍ വീരാന്‍, ക്ഷുരകനായ നല്ലന്‍ കിണറ്റിങ്ങല്‍ മുഹമ്മദ്, കച്ചവടക്കാരനായ ചീരന്‍, പുത്തൂര്‍ കുഞ്ഞയമ്മു എന്നിങ്ങനെ സാധാരണക്കാരാണ് അന്നവിടെ പിടഞ്ഞുമരിച്ചത്.
കുരുവമ്പലം അംശം, തൃക്കലങ്ങോട് അംശം, പുന്നപ്പാല, മലപ്പുറം, ചെമ്മലശ്ശേരി, നിലമ്പൂര്‍, പോരൂര്‍, പയ്യനാട്, മമ്പാട്, മേല്‍മുറി തുടങ്ങിയ അംശത്തില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവര്‍. വാഗണ്‍ ദുരന്തത്തിലെ രക്തസാക്ഷികളായവരെ അനുസ്മരിച്ച് കൊല്ലപ്പെട്ട 70 പേരുടെ നാമത്തില്‍ തിരൂര്‍ നഗരസഭ പണിത വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാള്‍ 1987 ഏപ്രില്‍ ആറിനാണ് ഉദ്ഘാടനം ചെയ്തത്. അതില്‍ എഴുതിവച്ച രക്തസാക്ഷികളുടെ പേരു വിവരപട്ടിക 1993 മാര്‍ച്ച് 20ന് അനാച്ഛാദനം ചെയ്തു. വാഗണ്‍ ദുരന്തം പ്രമേയമാക്കിയ ഹ്രസ്വചിത്രമാണ് വാഗണ്‍ ചീ ഘഢ1711 (1921).

മൂത്രം കുടിച്ചു ദാഹം തീര്‍ത്തു, രക്തം നക്കിക്കുടിച്ചു

സാലിമ കെ. സി

‘നവംബര്‍ നാലാം തിയതി എന്നെയും ജ്യേഷ്ഠന്‍ യൂസഫിനെയും ഇംഗ്ലീഷ് പോലിസ് പിടിച്ചു കൊണ്ടുപോയി. മൂത്ത ഇക്കാക്ക മൊയ്തീന്‍ കുട്ടി ഖിലാഫത്ത് സെക്രട്ടറി ആയിരുന്നതിനാല്‍ അറസ്റ്റ് ചെയ്യുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍, ഞങ്ങളെ പിടിക്കുമെന്ന് വിചാരിച്ചിരുന്നില്ല. എം.എസ്.പി ക്യാംപിലേക്കായിരുന്നു ആദ്യം കൊണ്ടുപോയത്. ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ലാത്ത പുലാമന്തോള്‍ പാലം പൊളിച്ചുവെന്ന കുറ്റമായിരുന്നു ചുമത്തിയത്.
ദിവസത്തില്‍ ഒരുനേരം ഉപ്പിടാത്ത ചോറാണ് തന്നിരുന്നത്. ഇടയ്ക്കിടെ ബയണറ്റ് മുനകള്‍കൊണ്ട് പട്ടാളക്കാര്‍ മര്‍ദിക്കും. അങ്ങനെ ഹേഗ് ബാരക്കില്‍ ഒരാഴ്ച കഴിഞ്ഞു. നവംബര്‍ 20നു രാവിലെ നാലുപേരെ വീതം കൂട്ടിക്കെട്ടി. കഴുത വണ്ടിയും കാളവണ്ടിയും തയാറാക്കി നിര്‍ത്തി. പട്ടാളം ആയുധങ്ങളുമായി ഇവയില്‍ കയറി. ഓരോ വണ്ടിക്കും ഇടവിട്ട് ഞങ്ങളെ നിര്‍ത്തി. വണ്ടികള്‍ ഓട്ടം തുടങ്ങി. പിന്നാലെ ഞങ്ങളും. കിതച്ചും ചുമച്ചും കൊണ്ടുള്ള നെട്ടോട്ടം. വേഗത കുറഞ്ഞാല്‍ പട്ടാളക്കാര്‍ ബയണറ്റുകൊണ്ട് ആഞ്ഞടിക്കും. കുത്തും. ശരീരത്തില്‍ മുറിവുകളേറ്റു. കുന്നും കുഴിയും മലയും വയലും താണ്ടി തിരൂരെത്തി. എല്ലാവരെയും പ്ലാറ്റ്‌ഫോമിലിരുത്തി. ഞങ്ങള്‍ ഇരിക്കുകയല്ല. വീഴുകയായിരുന്നു. പലരും തളര്‍ന്നു ഉറങ്ങിപ്പോയി. ഒരു സിഗരറ്റ് ടിന്നില്‍ നാലുവറ്റ് ചോറാണ് ആ ദിവസം ആകെ തിന്നാന്‍ തന്നത്. വൈകുന്നേരം ഏഴുമണിയോടെ പടിഞ്ഞാറുനിന്നും ഒരു വണ്ടി വന്നു. അതില്‍ ഞങ്ങളെ തലയിണയില്‍ പഞ്ഞിനിറക്കുന്നത് പോലെ കുത്തിക്കയറ്റി. നൂറുപേര്‍ കയറിയപ്പോഴേക്കും വാതില്‍ അടച്ചു. ഇത്രയും പേരെ ഉള്‍കൊള്ളാനുള്ള സ്ഥലം അതിലുണ്ടായിരുന്നില്ല. ഒറ്റക്കാലില്‍ മേല്‍ക്കുമേല്‍ നിലം തൊടാതെ ഞങ്ങള്‍ നിന്നു. ശ്വസംമുട്ടാന്‍ തുടങ്ങി. ദാഹം സഹിക്കവയ്യാതെ തൊണ്ട പൊട്ടുമാറ് ആര്‍ത്തുവിളിച്ചു.
ഞങ്ങള്‍ വാഗണ്‍ ഭിത്തിയില്‍ ആഞ്ഞടിച്ചു. മൂത്രമൊഴിച്ചു വലിച്ചു കുടിച്ചു ദാഹം തീര്‍ത്തു. അന്യോന്യം മാന്തിപ്പറിച്ചു. കടിച്ചുപറിച്ചു. രക്തം നക്കിക്കുടിച്ചു. ഞാനും ഇക്കാക്കയും ചെന്നുവീണത് വാഗണിന്റെ ഇളകിപ്പോയ ഒരാണിയുടെ പഴുതിനടുത്തായിരുന്നു. ഈ ദ്വാരത്തില്‍ മാറിമാറി മൂക്കുവച്ച് ഞങ്ങള്‍ പ്രാണന്‍ പോകാതെ പിടിച്ചുനിന്നു.
എന്നിട്ടും കുറേ കഴിഞ്ഞപ്പോള്‍ ബോധം നഷ്ടപ്പെട്ടു. രാവിലെ നാലുമണിക്കാണ് വണ്ടി തമിഴ്‌നാട്ടിലെ പോത്തന്നൂരില്‍ എത്തിയത്. ബല്ലാരി ജയിലിലേക്കായിരുന്നു ഞങ്ങളെ കൊണ്ടുപോയിരുന്നത്. പോത്തന്നൂരില്‍ നിന്നു ആ പാപികള്‍ വാതില്‍ തുറന്നു. മുറിക്കുള്ളില്‍ കണ്ട ആ ഭീകരദൃശ്യം ആ ബ്രിട്ടീഷ് പിശാചുക്കളെ പോലും ഞെട്ടിച്ചു. അറുപത്തിനാലു പേരാണ് കണ്ണുതുറിച്ചു ഒരുമുഴം നാക്കുനീട്ടി മരിച്ചുകിടന്നത്. അറുപതു മാപ്പിളമാരും നാലു തിയ്യന്മാരും. മത്തി വറ്റിച്ചതു പോലെയായിരുന്നു ആ ദൃശ്യം. വണ്ടിയിലേക്കു വെള്ളമടിച്ചു. ജീവന്‍ അവശേഷിക്കുന്നവര്‍ പിടഞ്ഞെഴുന്നേറ്റു. അവരെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ എത്തിച്ചു. അതിനു മുന്‍പേ എട്ടുപേര്‍കൂടി മരിച്ചിരുന്നു’.

അന്വേഷണ കമ്മിഷന്‍

വാഗണ്‍ ദുരന്താനന്തരം ഒരു അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചു. അന്നത്തെ മലബാര്‍ സ്‌പെഷല്‍ കമ്മിഷണറായിരുന്ന എ.എന്‍ നാപ്പ് ചെയര്‍മാനായും മണ്ണാര്‍ക്കാട്ടെ കല്ലടി മൊയ്തുട്ടി, മദിരാശി മജിസ്‌ട്രേറ്റ് അബ്ബാസ് അലി, അഡ്വ. മഞ്ചേരി സുന്ദരയ്യര്‍ എന്നിവര്‍ അംഗങ്ങളായുമുള്ള കമ്മിഷനായിരുന്നു വാഗണ്‍ ദുരന്തം അന്വേഷിക്കാനുള്ള ചുമതല.
പലരെയും നേരിട്ടുകണ്ട് തെളിവെടുത്തു. അതിനിടെ ദുരന്തത്തില്‍ രക്ഷപ്പെട്ടവരെ സ്വാധീനിക്കാന്‍ ഇംഗ്ലീഷുകാര്‍ ശ്രമിച്ചു. എന്നാല്‍ അതിനു കീഴടങ്ങാതെ രക്ഷപ്പെട്ടവര്‍ സംഭവങ്ങളുടെ യാഥാര്‍ഥ്യങ്ങള്‍ അന്വേഷണ കമ്മിഷനു മുന്നില്‍ വിളിച്ചുപറഞ്ഞു. തടവുകാരെ കയറ്റിക്കൊണ്ടുപോയ വാഗണ്‍ മനുഷ്യരെ കയറ്റുന്നതിനുവേണ്ടി ഉണ്ടാക്കിയതായിരുന്നില്ലെന്നും അവര്‍ തെളിവു നല്‍കി.
എന്നാല്‍ പട്ടാളക്കാര്‍ വാദിച്ചത് തങ്ങള്‍ റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടത് ദ്വാരങ്ങളും വലക്കെട്ടുകളുമുള്ള വാഗണായിരുന്നുവെന്നും പെയിന്റ് അടിച്ചതിനാല്‍ ദ്വാരങ്ങള്‍ അടഞ്ഞുപോയതാണെന്നുമാണ്!
ഉദ്യോഗസ്ഥര്‍ ആളുകളെ കയറ്റാനുള്ള വാഗണ്‍ ആവശ്യപ്പെടാത്തതിനാലാണ് ചരക്കുകയറ്റുന്ന വാഗണ്‍ നല്‍കിയതെന്നും വിശദീകരണം നല്‍കി. അവസാനം ദുരന്തത്തിന്റെ ഉത്തരവാദികള്‍ വാഗണ്‍ നിര്‍മിച്ച കമ്പനിക്കാരാണെന്ന വിചിത്ര കണ്ടെത്തലിലാണ് കമ്മിറ്റി എത്തിച്ചേര്‍ന്നത്. തിരുവോണം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.