2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

Editorial

വാഗണ്‍ ട്രാജഡി: ചുമര്‍ചിത്രം പുനഃസ്ഥാപിക്കണം


 

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വാഗണ്‍ ട്രാജഡി ചിത്രം സ്ഥാപിച്ചതിന്റെ പിറ്റേദിവസം തന്നെ മായ്ച്ചു കളഞ്ഞത് അപലപനീയമാണ്. ഓരോ പ്രദേശത്തെയും ചരിത്രപ്രാധാന്യമുള്ള സംഭവങ്ങളെ ആസ്പദമാക്കി അവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ചിത്രം വരച്ചുവയ്ക്കുന്നതിന്റെ ഭാഗമായാണു തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഈ ചിത്രം വരച്ചത്. വാഗണ്‍ട്രാജഡിക്കപ്പുറം ചരിത്രപ്രാധാന്യമുള്ള മറ്റെന്തു തിരൂര്‍ പ്രദേശത്തോ മലബാറില്‍ത്തന്നെയുമോ ഉള്ളത്. ഇത്തരമൊരു പശ്ചാത്തലമുള്ള തിരൂരില്‍ വരച്ചുവച്ചതിന്റെ തൊട്ടടുത്ത ദിവസംതന്നെ അതു മായ്ച്ചുകളഞ്ഞതു പ്രതിഷേധാര്‍ഹമാണ്.
മലബാറിലെ മുസ്‌ലിംകള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ രക്തത്തില്‍ ചാലിച്ച ചരിത്രമാണ് വാഗണ്‍ട്രാജഡിയുടേത്. ജാലിയന്‍വാലാബാഗ് ദുരന്തത്തിനൊപ്പം നില്‍ക്കുന്നു വാഗണ്‍ട്രാജഡിയും. മുസ്‌ലിംകളുടെ സ്വാതന്ത്ര്യ സമരത്തിലുള്ള പങ്ക് തമസ്‌കരിക്കുവാന്‍ ദേശീയാടിസ്ഥാനത്തില്‍ സംഘ്പരിവാര്‍ നടത്തുന്ന നിഗൂഢപ്രവര്‍ത്തനത്തിന്റെ ഭാഗമായിവേണം ചിത്രം മായ്ക്കലിനെയും കാണാന്‍. ആളുകള്‍ കാണുമ്പോള്‍ ഭയവിഹ്വലരാകുമെന്നതു കുപ്രചാരണമാണ്.
നുണകള്‍ പ്രചരിപ്പിച്ചു സത്യമാക്കുകയെന്നതാണു സംഘ്പരിവാറിന്റെ രീതി. സ്വാതന്ത്ര്യസമരത്തിലും ദേശീയപ്രസ്ഥാനത്തിലും പങ്കെടുക്കാതെ ബ്രിട്ടീഷുകാര്‍ക്കു പാദസേവ നടത്തിയവര്‍ക്ക് ഇത്തരം ഓര്‍മ്മപുതുക്കലുകള്‍ അസഹ്യമായിരിക്കും. സ്വാതന്ത്ര്യസമരവുമായി മുസ്‌ലിംകളെ ബന്ധിപ്പിക്കുന്ന ചരിത്രസ്മാരകങ്ങള്‍ തുടച്ചുനീക്കേണ്ടതു സംഘ്പരിവാറിന്റെ ആവശ്യമാണ്.
ദേശീയപ്രസ്ഥാനത്തിനും സ്വാതന്ത്ര്യസമരത്തിനും മുസ്‌ലിംകള്‍ നല്‍കിയ സംഭവനകളെ തമസ്‌ക്കരിക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗം തന്നെയാണു യു.പിയിലെ ഫൈസാബാദിന് യോഗിആദിത്യനാഥ് അയോധ്യ എന്ന പേരു നല്‍കിയിരിക്കുന്നത്. മുസ്‌ലിംകളെ അരിക്‌വല്‍ക്കരിക്കുകയെന്ന ഹിഡന്‍ അജന്‍ഡയും ഇതിന്റെ പിന്നിലുണ്ട്.
ബ്രിട്ടീഷ് പട്ടാളം കൃത്യമായി പ്ലാന്‍ ചെയ്തു നടപ്പിലാക്കിയതാണു വാഗണ്‍ട്രാജഡി. 1921 ലെ മലബാര്‍ സമരത്തിന്റെ തീവ്രത ബോധ്യപ്പെടുത്തുന്ന വാഗണ്‍ ട്രാജഡി ഇന്നും നടുക്കുന്ന ഓര്‍മ്മയാണ്. മലബാര്‍സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നു വാദിക്കുന്ന സംഘ്പരിവാറിനുള്ള ചുട്ടമറുപടിയാണു വാഗണ്‍ട്രാജഡി. 1921 ലെ മലബാര്‍ സമരത്തോടനുബന്ധിച്ചാണു ബ്രിട്ടീഷ് പട്ടാളം തിരൂരില്‍നിന്നും കോയമ്പത്തൂര്‍ ബല്ലാരി ജയിലിലടക്കാന്‍ നൂറുകണക്കിനു സമരഭടന്മാരെ കൊണ്ടുപോയത്.
വെളിച്ചവും വായുവും കടക്കാത്ത ചരക്ക് വാഗണില്‍ കുത്തിനിറച്ചായിരുന്നു സമരയോദ്ധാക്കളെ ബ്രിട്ടീഷ് പട്ടാളം കൊണ്ടുപോയത്. വാഗണില്‍ കയറിയപ്പോള്‍ത്തന്നെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട തടവുകാര്‍ നിലവിളിക്കാന്‍ തുടങ്ങിയിരുന്നു. അതു വകവയ്ക്കാതെ വാഗണ്‍ വാതില്‍ കൊട്ടിയടച്ചു സമരയോദ്ധാക്കളെയുംകൊണ്ടു വണ്ടി കോയമ്പത്തൂരിലേയ്ക്കു പുറപ്പെടുകയായിരുന്നു. തടവുകാരുടെ ആര്‍ത്തനാദങ്ങള്‍ വഴിനീളെ മുഴങ്ങുകയും ജനങ്ങള്‍ അതു കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.
പോത്തന്നൂരിലെത്തിയപ്പോഴാണു തടവുകാരുടെ നിലവിളികള്‍ കേള്‍ക്കാതായത്. തുടര്‍ന്ന് വണ്ടിനിര്‍ത്തി വാഗണ്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടകാഴ്ച ഹൃദയഭേദകമായിരുന്നു. ഏതൊരു കഠിന ഹൃദയനെയും നൊമ്പരം കൊള്ളിക്കുന്ന കാഴ്ച. മലത്തിലും മൂത്രത്തിലും കുതിര്‍ന്ന മൃതശരീരങ്ങള്‍ അട്ടിയട്ടിയായി കിടക്കുന്നുണ്ടായിരുന്നു.
പരസ്പരം മാന്തിപ്പൊളിച്ചതിന്റെയും കടിച്ചു കീറിയതിന്റെയും ദൃശ്യങ്ങള്‍ ഏതൊരു ശിലാഹൃദയനെയും വേദനിപ്പിക്കുന്നതായിരുന്നു. ലോക ചരിത്രത്തില്‍തന്നെ ഏതെങ്കിലുമൊരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ഇവ്വിധം അതിക്രൂരമായ പീഡനം സ്വാതന്ത്ര്യ സമര യോദ്ധാക്കള്‍ക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ടാവില്ല.
ബ്രിട്ടീഷ് പട്ടാളത്തിന്റെ ഈ കൊടുംക്രൂരതക്കെതിരേ ലോകവ്യാപകമായി പ്രതിഷേധങ്ങള്‍ അലയടിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ വാഗണ്‍ട്രാജഡിയെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ബന്ധിതരായി. ആരും ശിക്ഷിക്കപ്പെട്ടില്ല.
ഒരു പൊലിസ് കോണ്‍സ്റ്റബിളായിരുന്നു പ്രതിചേര്‍ക്കപ്പെട്ടിരുന്നത്. തെളിവില്ലാത്തതിന്റെ പേരില്‍ അയാളെ വിട്ടയച്ചു. ചോരയില്‍ കുതിര്‍ന്ന ഈ സമരത്തെ ഓര്‍മ്മിപ്പിക്കുന്ന ചിത്രമാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും വരച്ച് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മായ്ച്ച്കളഞ്ഞിരിക്കുന്നത്. അസഹിഷ്ണുതയുടെ നീരാളിക്കൈകള്‍ മലപ്പുറം ജില്ലയിലേക്കും നീണ്ട് തുടങ്ങിയിരിക്കുന്നുവെന്ന വിപല്‍സന്ദേശവും ഈ സംഭവത്തിന് പിന്നിലുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.