2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ചര്‍ച്ചകള്‍ മാത്രം; ചിത്രം തെളിയാതെ ആറ്റിങ്ങല്‍

വി.എസ് പ്രമോദ്#

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരുടെ പേരുകള്‍ മറ്റു മണ്ഡലങ്ങളില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇടത് കുത്തകയായി തുടരുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇതുവരെ ചിത്രം വ്യക്തമായിട്ടില്ല. മണ്ഡലത്തിന്റെ പേര് ചിറയിന്‍കീഴ് ആയിരുന്നപ്പോള്‍ ഒരുതവണയും ആറ്റിങ്ങലായി മാറിയപ്പോള്‍ രണ്ടുതവണയും സി.പി.എം സ്ഥാനാര്‍ഥിയായി വിജയിച്ച എ.സമ്പത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. സമ്പത്തിനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് പാര്‍ട്ടിക്കുള്ളില്‍തന്നെ എതിര്‍പ്പുണ്ട്. നാലാം തവണയും സമ്പത്തിനെ മത്സരിപ്പിക്കാതെ മറ്റാര്‍ക്കെങ്കിലും സീറ്റു നല്‍കണമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സി.പി.എം ജില്ലാ നേതൃതലത്തില്‍ നടക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ടെങ്കിലും എതിര്‍ സ്ഥാനാര്‍ഥിയുടെ കരുത്തുകൂടി പരിഗണിക്കുന്ന നിലയിലാണ് സി.പി.എമ്മിലെ കാര്യങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഈഴവ സമുദായത്തില്‍പ്പെട്ട സ്ഥാനാര്‍ഥിയെയാണ് സി.പി.എം ആറ്റിങ്ങല്‍ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത് എന്നതിനാല്‍ വി.കെ മധു, എ.എ റഹീം എന്നിവരുടെ സാധ്യതകള്‍ തുടക്കത്തില്‍തന്നെ ഇല്ലാതാവകുകയാണ്. സാമുദായിക സമവാക്യം ഒത്തുവരുന്ന സാഹചര്യത്തില്‍ സമ്പത്തല്ലെങ്കില്‍ പി. ബിജുവിന് സീറ്റ് നല്‍കണമെന്ന തരത്തിലുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്.
കോണ്‍ഗ്രസിനുവേണ്ടി യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എം.എല്‍.എ കൂടിയായ അടൂര്‍ പ്രകാശ് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. കാലാകാലങ്ങളില്‍ ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയാണ് ആറ്റിങ്ങലില്‍ മത്സരിക്കുന്നത് എന്നതിനാലാണ് ഗ്രൂപ്പ് പ്രതിനിധിയായ അടൂര്‍ പ്രകാശിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നത്. സാമുദായിക സമവാക്യങ്ങള്‍ പാലിക്കാന്‍ കഴിയുന്നതും പുതിയ പരിചയപ്പെടുത്തല്‍ ആവശ്യമില്ല എന്നതും അടൂര്‍ പ്രകാശിന്റെ മേന്മയായി കോണ്‍ഗ്രസ് നേതൃത്വം കണക്കാക്കുന്നുണ്ട്. അടൂര്‍ പ്രകാശിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ ഏകദേശ ധാരണയായ സാഹചര്യത്തില്‍ മണ്ഡലത്തിലെ പരിപാടികളില്‍ അദ്ദേഹം സജീവമായിട്ടുണ്ട്. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുകയാണെങ്കില്‍ ഒരു തവണകൂടി സമ്പത്തിനെ സി.പി.എം മത്സരിപ്പിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് സമ്പത്തിനെ മാറ്റുമെന്നോ, ഇല്ലെന്നോ ഉള്ള ചര്‍ച്ചകളിലേക്കുപോലും സി.പി.എം പോകാത്തത്. സമ്പത്താണെങ്കില്‍ പുതിയ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെന്നും സമ്മര്‍ദത്തിലായാല്‍പോലും വിജയം നേടുമെന്നും സി.പി.എം കണക്കുകൂട്ടുന്നുണ്ട്. അതേസമയം സീറ്റ് നിലനിര്‍ത്താനായി ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള സമ്പത്ത് ഒരിടവേളയ്ക്കു ശേഷം മണ്ഡലത്തിലാകെ സജീവ സാന്നിധ്യമായി ഓടിനടക്കുന്നുമുണ്ട്.

2014ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മില്‍നിന്നു വന്ന ഗിരിജാകുമാരിയെ സ്ഥാനാര്‍ഥിയാക്കി ബി.ജെ.പി ഒരു ലക്ഷത്തിനടുത്ത് വോട്ട് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നു പിടിച്ചു. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെ അവര്‍ ആറ്റിങ്ങലിനെ കാണുന്നുമുണ്ട്. കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന തീരുമാനത്തിലാണ് ബി.ജെ.പിയും എന്‍.ഡി.എയും. മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ആറ്റിങ്ങലില്‍നിന്നു മത്സരിക്കാന്‍ തയാറായിട്ടുണ്ട്. നേരത്തെ ബി.ഡി.ജെ.എസിന്റെ സ്ഥാനാര്‍ഥിയായി സെന്‍കുമാര്‍ മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ഇപ്പോള്‍ അദ്ദേഹം ബി.ജെ.പിയുമായി തന്നെ അക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായി വേണോ അതോ എന്‍.ഡി.എയുടെ സ്വതന്ത്രനായി വേണോ എന്ന കാര്യത്തിലാണ് അന്തിമ തീരുമാനമാകാനുള്ളത്. മൂന്നു മുന്നണികളും ഈഴവ സമുദായത്തില്‍പെട്ടയാളെ ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ ശക്തമായ ത്രികോണ പോരാട്ടത്തിനായിരിക്കും ആറ്റിങ്ങല്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.