2019 October 20 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മോദിയുടെ ഈ തെരഞ്ഞെടുപ്പ് റോക്കറ്റും ചീറ്റിപ്പോവുമെന്ന് വി.എസ് അച്യുതാനന്ദന്‍

 

തിരുവനന്തപുരം: ഉപഗ്രഹ വേധ മിസൈല്‍ പ്രയോഗിച്ച് താന്‍ ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി ചെയ്തിരിക്കുന്നതെന്ന് വി.എസ് അച്ചുതാനന്ദന്‍. വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ല, പ്ലാസ്റ്റിക് സര്‍ജറി ആദ്യം നടത്തിയത് ഗണപതിയുടെ കാര്യത്തിലാണ് എന്നിങ്ങനെയുള്ള വലിയ കണ്ടുപിടുത്തങ്ങളുടെ കൂട്ടത്തില്‍ പുതിയൊരു അവകാശവാദംകൂടി ഉണ്ടായിരിക്കുന്നുവെന്നും വി.എസ് പറഞ്ഞു.

‘താന്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഇന്ത്യ മിസൈല്‍ കണ്ടുപിടിച്ചത്, ഉപഗ്രഹ വിക്ഷേപണം ആരംഭിച്ചത് എന്നൊക്കെ പറഞ്ഞ് അന്‍പത്താറിഞ്ച് നെഞ്ചും വിരിച്ച് നില്‍ക്കാന്‍ നരേന്ദ്ര മോദിക്ക് നാണമുണ്ടോ എന്നതല്ല നമ്മുടെ പ്രശ്‌നം. ഓരോ വര്‍ഷവും നിരവധി ഉപഗ്രഹങ്ങളുടെ വിക്ഷേപണവും മിസൈലുകളുടെ പരീക്ഷണവുമെല്ലാം നടക്കുന്നുണ്ട്. അത് ഇന്നോ, ഇന്നലെയോ തുടങ്ങിയതുമല്ല. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകങ്ങളയക്കാന്‍ കെല്‍പ്പുള്ള ഇന്ത്യക്ക് പേടകത്തിനു പകരം ഒരു ബോംബയക്കാന്‍ പ്രത്യേകിച്ച് നെഞ്ചളവിന്റെയൊന്നും ആവശ്യമില്ല’- വി.എസ് പറഞ്ഞു.

പക്ഷെ, തെരഞ്ഞെടുപ്പിന്റെ മുന്നില്‍ വാഗ്ദാന പാലനത്തിന്റെ സാക്ഷ്യങ്ങളൊന്നും പിടിച്ചു കയറാനില്ലാതെ വരുന്ന ഒരു പ്രധാനമന്ത്രിയുടെ കച്ചിത്തുരുമ്പാണ് ഉപഗ്രഹവേധനം. പ്രധാനമന്ത്രിയുടെ പ്രഖ്യാപിത പ്രഖ്യാപനത്തിനു വേണ്ടി ഇന്ത്യ മുഴുവന്‍ കാത്തിരുന്നു. പ്രഖ്യാപനം വന്നപ്പോഴോ? ഇന്നും ഞങ്ങളൊരു റോക്കറ്റയച്ചിരുന്നു. അത് ഏതോ ഉപഗ്രഹത്തില്‍ ബോംബിട്ടു എന്ന മട്ടിലേ ജനങ്ങള്‍ അതിനെ കണ്ടിട്ടുള്ളു എന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതായത്, ഈ തെരഞ്ഞെടുപ്പ് റോക്കറ്റും ചീറ്റിപ്പോയിയെന്നും വി.എസ് പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.