2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വൃക്കകള്‍ ചെയ്യുന്നത് ഭഗീരഥ പ്രയത്‌നം

ഷാക്കിര്‍ തോട്ടിക്കല്‍

രക്തത്തെ ശുദ്ധീകരിച്ച് മാലിന്യങ്ങളെ മൂത്രരൂപത്തില്‍ പുറത്തു വിടുന്ന അവയവങ്ങളാണ് വൃക്കകള്‍. ഒരു ജോടി വൃക്കകള്‍ ആണ് മനുഷ്യരില്‍ കാണപ്പെടുന്നത്. ഉദരാശയത്തിന്റെ പിന്‍വശത്തുള്ള മാംസപേശീ നിരകളുടെ അരികില്‍, നട്ടല്ലിന്റെ ഇരുവശത്തുമായിട്ടാണ് ഇവ കാണപ്പെടുന്നത്. പയര്‍ മണിയുടെ ആകൃതിയിലുള്ള വൃക്കകള്‍ക്ക് ഏതാണ്ട് 11 സെന്റീമീറ്റര്‍ നീളവും 5 സെന്റീമീറ്റര്‍ വീതിയും 3 സെന്റീമീറ്റര്‍ കനവുമാണുള്ളത്. ഏതാണ്ട് 150 ഗ്രാം ഭാരവും കടും ചുവപ്പ് നിറവുമുള്ള ഓരോ വൃക്കയും ഉറപ്പും മര്‍ദവുമുള്ള ഒരു ആവരണത്താല്‍ മൂടപ്പെട്ടിരിക്കുന്നു. യൂറിയ, ലവണങ്ങള്‍, ആവശ്യത്തിലധികമായി ശരീരത്തി ലെത്തുന്ന മരുന്നുകള്‍, വിറ്റാമിനുകള്‍, ശരീരത്തിനു ദോഷകരമാവുന്ന മറ്റ് പദാര്‍ത്ഥങ്ങള്‍ എന്നിവയെല്ലാം രക്തത്തില്‍ നിന്നും അരിച്ചു മാറ്റുന്നത് വൃക്കകളാണ്.

-കോര്‍ട്ടക്‌സ് : ലക്ഷക്കണക്കിന് നീണ്ട കുഴലുകള്‍ കാണപ്പെടുന്ന ബാഹ്യഭാഗം.
-മെഡുല്ല: അരിപ്പകളുടെ നീണ്ട കുഴലുകള്‍ കാണപ്പെടുന്ന ആന്തരഭാഗം.
-പിരമിഡ് : സൂക്ഷ്മ അരിപ്പകളുടെ ശേഖരണ നാളികള്‍ തുറക്കുന്ന ഭാഗം.
-വൃക്കധമനി : വൃക്കയിലേക്ക് രക്തം എത്തിക്കുന്ന കുഴല്‍
-വൃക്കാസിര : വൃക്കയില്‍ നിന്നും രക്തം പുറത്തേക്ക് വഹിക്കുന്ന കുഴല്‍
-പെല്‍വിസ് : അരിപ്പകളില്‍ നിന്നും മൂത്രം ഒഴുകിയെത്തുന്ന ഭാഗം.
-മൂത്രവാഹി : വൃക്കയില്‍ നിന്നും മൂത്രം മൂത്രാശയത്തിലേക്കെത്തിക്കുന്ന കുഴല്‍.
-നെഫ്രോണുകള്‍ : ഓരോ വൃക്കയുടേയും ഉള്‍വശത്ത് ഏതാണ്ട് 12 ലക്ഷത്തോളം സൂക്ഷ്മ അരിപ്പകള്‍ ഉണ്ട്. ഇവയാണ് നെഫ്രോണുകള്‍. നെഫ്രോണുകളാണ് വൃക്കയുടെ -ജീവധര്‍മപരമായ അടിസ്ഥാന ഘടകങ്ങള്‍.
എങ്ങനെയാണ് വൃക്കകള്‍ രക്തത്തിലുള്ള വിസര്‍ജ്യങ്ങളെ അരിച്ചു മാറ്റുന്നത്. ഇത് സാധ്യമാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ?
ഗ്ലോമറുലസ് : വൃക്ക ധമനി വൃക്കക്കുള്ളില്‍ വെച്ച് അതിസൂക്ഷ്മങ്ങളായ ലോമികകളായി മാറുന്നു. നൂല്‍കെട്ടുപോലെ കാണപ്പെടുന്ന ഇതിനെ ഗ്ലോമറുലസ് എന്നു പറയുന്നു. ഇവയുടെ ഭിത്തിയില്‍ അതി സൂക്ഷ്മങ്ങളായ സുഷിരങ്ങളുണ്ട്. അതിനാല്‍ സൂക്ഷ്മ അരിക്കല്‍ നടക്കുന്നു.
ബൊമാന്‍സ് കാപ്‌സ്യൂള്‍ : ഗ്ലോമറുലസിന് ചുറ്റുമായി ഇരട്ട ഭിത്തിയുള്ള ഒരു കപ്പ് പോലുള്ള ആവരണ മാണ് ഇത്. സൂക്ഷ്മ അരിക്കലിന്റെ ഫലമായുണ്ടാവുന്ന ഗ്ലോമറുലര്‍ ഫില്‍ട്രേറ്റ് ശേഖരിക്കാന്‍ സഹായിക്കുന്നു.

ശേഖരണ നാളി : നെഫ്രോണില്‍ നിന്ന് മൂത്രം ശേഖരിക്കുന്നു. ഇത് പെല്‍വിസിലേക്ക് തുറ ക്കുന്നു.
വൃക്ക നാളി: ബൊമാന്‍സ് കാപ്‌സ്യൂളിനേയും ശേഖരണ നാളിയേയും ബന്ധിപ്പിക്കുന്ന കുഴലാണിത്. അവശ്യ വസ്തുക്കളുടെ പുനരാഗിരണവും ചില മാലിന്യങ്ങളുടെ
പുറന്തള്ളലും നടക്കുന്നു.
ഗ്ലോമറുലര്‍ ഫില്‍ട്രേറ്റ് : ജലം, ഗ്ലൂക്കോസ്, അമിനോ ആസിഡുകള്‍, സോഡിയം, പൊട്ടാസ്യം, കാത്സ്യം അയോണുകള്‍, വിറ്റാമിനുകള്‍, യൂറിയ, യൂറിക്കാസിഡ്, ക്രിയാറ്റിന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
നമ്മുടെ തെറ്റായ ആരോഗ്യ ശീലങ്ങളും ജീവിത ശൈലിയും വലിയ തോതില്‍ വൃക്കകളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. പല കാരണങ്ങള്‍ കൊണ്ട് വൃക്കകള്‍ തകരാറിലാവുകയും ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്‌തേക്കാം.

 

രോഗം/ലക്ഷണം/കാരണം
നെഫ്രൈറ്റിസ് കലങ്ങിയതും കടുംനിറത്തോടു കൂടിയതുമായ മൂത്രം, പുറം വേദനയും പനിയും, മുഖത്തും കണങ്കാലിലും പാദത്തിലും നീര്‍വീക്കം. സ്‌ട്രെപ്‌റ്റോകോക്കസ് രോഗാണുബാധ, മൂത്രാശയത്തിലൂടെയുള്ള അണുബാധ, സ്വയം പ്രതിരോധ വൈകല്യങ്ങള്‍ എന്നിവ.
വൃക്കമാന്ദ്യം വിളര്‍ച്ച, ശരീരഭാരം കുറയുക, തല കറക്കം, ഛര്‍ദ്ദി തുടങ്ങിയവ. യൂറിയയും മറ്റു വിസര്‍ജ്യ വസ്തുക്കളും അരിച്ചുമാറ്റപ്പെടാതെ രക്തത്തില്‍ തന്നെ നിലനില്‍ക്കുന്നു. പലതരം വൃക്ക രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, നെഫ്രൈറ്റിസ് എന്നിവ.
മൂത്രത്തില്‍ കല്ല് അടിവയറ്റില്‍ വേദന, മൂത്ര തടസ്സം, പുറം വേദന, തലകറക്കം, ഛര്‍ദ്ദി കാത്സ്യം ഓക്‌സലേറ്റ്, കാത്സ്യം ഫോസ്‌ഫേറ്റ് എന്നിവ തരികളായി മൂത്രവാഹിയിലും വൃക്കകളിലും അടിഞ്ഞു കൂടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.