2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

വോട്ടിനെത്താന്‍ വിമാന ടിക്കറ്റ്: ഭായിമാര്‍ക്ക് സുവര്‍ണാവസരമൊരുക്കി പാര്‍ട്ടികള്‍

അശ്‌റഫ് കൊണ്ടോട്ടി

മലപ്പുറം:തൊഴില്‍ തേടി അസമില്‍ നിന്ന് ജയന്തന്‍ കേരളത്തിലേക്ക് വണ്ടികയറിയത് കടം വാങ്ങിയായിരുന്നു. എന്നാല്‍ ജയന്തന്റെ നാട്ടിലേക്കുളള മടക്കയാത്ര വിമാനത്തിലാണ്. തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കൊച്ചിയില്‍ നിന്ന് ഗോഹത്തിയിലേക്കാണ് ജയന്തനും കൂട്ടുകാരും പറന്നത്.

ജയന്തന്‍ മാത്രമല്ല കേരളത്തില്‍ തൊഴില്‍ തേടി വന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ഏറെ പേരും വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് മടങ്ങുന്നത് ട്രെയിനില്‍ മാത്രമല്ല വിമാനത്തിലുമാണ്. യാത്ര എങ്ങനെയായാലും ടിക്കറ്റ് നിരക്ക് നാട്ടിലെത്തിയാല്‍ പാര്‍ട്ടിക്കാര്‍ നല്‍കുമെന്ന ഉറപ്പുണ്ടെന്ന് ഭായിമാര്‍ ചിരിച്ചു കൊണ്ട് സമ്മതിക്കുന്നു.
ഏത് പാര്‍ട്ടിക്കാരെന്ന് പറയാന്‍ അവര്‍ തയ്യാറല്ല.പകരം അവര്‍ക്ക് വോട്ട് ചെയ്യുമെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു.
അസം, ബീഹാര്‍, ഒഡീഷ,പശ്ചിമ ബംഗാള്‍ തുടങ്ങിയ 20 സംസ്ഥാനങ്ങളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം തുടങ്ങുന്നത് ഏപ്രില്‍ 11നാണ്.രണ്ടാംഘട്ടം ഏപ്രില്‍ 18നും ആരംഭിക്കും. കേരളത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ ഏറെ പേരും വന്നെത്തുന്ന സംസ്ഥാനങ്ങളിലിലാണ് ഒന്നും രണ്ടും ഘട്ടങ്ങളിലെ വോട്ടെടുപ്പ്.

തൊഴിലാളികള്‍ കൂട്ടത്തോടെ വന്ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന കാഴ്ചയാണുള്ളതെന്ന് ട്രാവല്‍ ഉടമകളും ടിക്കറ്റ് ഏജന്റുമാരും പറയുന്നു. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പോലെയാണ് കൊച്ചിയില്‍ നിന്ന് ഗോഹട്ടിയിലേക്കുളള വിമാന ടിക്കറ്റുമെടുക്കുന്നത്. കണക്ഷന്‍ സര്‍വീസില്‍ ദില്ലിയിലേക്ക് ടിക്കറ്റെടുത്ത് പറന്നവരും കുറവല്ല.
ഒരാഴ്ചയായി കൊച്ചി-ബംഗ്ലൂരു, ചെന്നൈ ഗോഹട്ടി വിമാന സെക്ടറില്‍ 4786ല രൂപയാണ് നിരക്ക്. ഇത് 5386 വരെ വര്‍ധിച്ചിട്ടുണ്ട്. ഏപ്രില്‍ നിരക്ക് വീണ്ടും കൂടും. ട്രൈയിനില്‍ രണ്ടുദിവസത്തെ യാത്ര വിമാനത്തില്‍ മണിക്കൂറുകള്‍ കൊണ്ടുനാട്ടിലെത്താനാകുമെന്ന സന്തോഷത്തിലാണ് ടിക്കറ്റെടുക്കുന്നത്. മിക്കവരും വിമാനത്തില്‍ ആദ്യം യാത്ര ചെയ്യുന്നവരുമാണ്.
കുറഞ്ഞ കൂലിയില്‍ കേരളത്തില്‍ തൊഴിലെടുക്കുന്ന അന്യസംസ്ഥാനക്കാര്‍ വിമാന ടിക്കറ്റെടുത്ത് നാട്ടിലേക്ക് മടങ്ങി തുടങ്ങിയതോടെ എ.ടി.എം ഡെപ്പോസിറ്റ് കേന്ദ്രങ്ങള്‍ക്ക് മുമ്പിലും തിരക്ക് കുറഞ്ഞിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.