2017 November 14 Tuesday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

വിസ തട്ടിപ്പ്: പ്രതീക്ഷകള്‍ ബാക്കിയാക്കി മലയാളി വനിതയടക്കം രണ്ടുപേര്‍ നാട്ടിലേക്കു മടങ്ങി

സലാം കൂടരഞ്ഞി

 

ദമാം: വിസ തട്ടിപ്പില്‍ കുടുങ്ങിയ രണ്ടു വനിതകള്‍ നാട്ടിലേക്ക് തിരിച്ചു. മലയാളി വനിതയും ഹൈദരാബാദ് സ്വദേശിനിയുമാണ് വിസ തട്ടിപ്പില്‍ പെട്ട് ഒടുവില്‍ രണ്ടു മാസത്തെ തര്‍ഹീല്‍ ജീവിതവും അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയത്.

ഏറെ പ്രതീക്ഷകളോടെ പ്രവാസ ജീവിതം ആരംഭിച്ചെങ്കിലും ദുരിതങ്ങള്‍ വേട്ടയാടിയ രണ്ടു യുവതികള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് നാട്ടിലേക്ക് തിരിച്ചത്.

കൊല്ലം സ്വദേശിനിയായ ജോഷ്‌ന, ഹൈദരാബാദ് സ്വദേശിനിയായ മാര്‍ത്തമ്മ എന്നിവരാണ് ദമാം വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങിയത്. കൊല്ലം സ്വദേശിനിയായ ജോഷ്‌ന ബ്യുട്ടീഷന്‍ കോഴ്‌സിനു ശേഷം നാട്ടിലെ ഒരു ബ്യുട്ടിപാര്‍ലറില്‍ ജോലി ചെയ്തു വരുന്നതിനിടയിലാണ് ദമാമിലേക്ക് വിസ ലഭിച്ചത്.

ട്രാവല്‍ ഏജന്റ് നല്‍കിയ വാഗ്ദാനത്തില്‍ വിശ്വസിച്ച് നാലു മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ഇവിടെയെത്തിയത്. എന്നാല്‍ ദമാമിലെ ഒരു സ്വദേശിയുടെ വീട്ടില്‍ വീട്ടുജോലിയാണ് ലഭിച്ചത്. ഇവിടെ എത്തിയ ശേഷമാണ് വിസ തട്ടിപ്പ് മനസ്സിലാക്കിയത്. ഒരു മാസത്തിനു ശേഷം പുറത്ത് കടന്ന ഇവര്‍ ഇന്ത്യന്‍ എംബസ്സി ഹെല്‍പ്‌ഡെസ്‌ക്കില്‍ അഭയം തേടുകയായിരുന്നു. അവിടെ നിന്നും ഇവരെ വനിത അഭയ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.

ഹൈദരാബാദ് സ്വദേശിനിയായ മാര്‍ത്തമ്മ കുവൈത്തിലേക്കാണ് വിസയില്‍ എത്തിയത്. എന്നാല്‍ അവിടെ നിന്നും ദമ്മാമിലേക്ക് കടത്തിയ ഇവരെ മറ്റൊരു സ്വദേശിയ്ക്ക് വില്‍ക്കാന്‍ ശ്രമം നടന്നപ്പോള്‍ അവിടെനിന്ന് രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസ്സി ഹെല്‍പ്‌ഡെസ്‌ക്കില്‍ അഭയം തേടുകയും അവിടെ നിന്ന് വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെടുകയുമായിരുന്നു. ഒടുവില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, രണ്ടു മാസത്തെ വനിതാ അഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച്, ജോഷ്‌നയും മാര്‍ത്തമ്മയും നാട്ടിലേയ്ക്ക് മടങ്ങി.

 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.