2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

വടകരയിലും വയനാട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനി എന്ന് ?

കോഴിക്കോട്: തെരഞ്ഞെടുപ്പിനിനി കേവലം ഒരു മാസം മാത്രം. മറ്റു മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു. എന്നിട്ടും വയനാടും വടകരയിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപനമുണ്ടാകാത്തതിനെതിരേ കോണ്‍ഗ്രസ് അനുഭാവികള്‍ വരേ അസ്വസ്ഥതയിലാണ്.
ഏഴു തവണയാണ് ഇതിനോടകം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയുടെ പ്രഖ്യാപനം നടത്തിയത്. ഇതിലൊന്നും ഈ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. രണ്ടു മണ്ഡലങ്ങളിലും യു.ഡി.എഫിനുവേണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പ്രചാരണവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

വയനാട്ടില്‍ ടി.സിദ്ദീഖും വടകരയില്‍ കെ.മുരളീധരനുമാണ് പ്രചാരണത്തില്‍ സജീവമായത്. വടകരയില്‍ കെ.മുരളീധരന്‍ എത്തിയതോടെ തിരഞ്ഞെടുപ്പു ചിത്രം തന്നെ മാറിയിട്ടുണ്ട്.
മണ്ഡലത്തില്‍ ഇതുവരെ തണുത്തിരിക്കുകയായിരുന്നു യു.ഡി.എഫ് പ്രവര്‍ത്തകര്‍. എല്‍.ഡി.എഫ് വിജയിച്ച പ്രതീതിയിലുമായിരുന്നു. ഈ അവസ്ഥ നേരെ തിരിച്ചായ അവസ്ഥയാണിപ്പോള്‍ വടകരയിലുള്ളത്. എന്നിട്ടും ഔദ്യോഗിക പ്രഖ്യാപനം വരാത്തത് നേതാക്കളെയും പ്രവര്‍ത്തകരെയും ഒരുപോലെ നിരാശരാക്കുന്നുണ്ട്.

പാര്‍ട്ടിയിലെ ഗ്രൂപ്പു തര്‍ക്കങ്ങള്‍ പാര്‍ട്ടി അണികളിലേക്കുകൂടി എത്തിക്കുന്ന അവസ്ഥ ഇല്ലാതാക്കണമെന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവശ്യം. പ്രഖ്യാപനം വൈകുന്നതിന്റെ അതൃപ്തി വയനാട്ടും വടകരയിലും യു.ഡി.എഫ് ഘടകക്ഷികളിലും പ്രകടമാണ്.

തര്‍ക്കം നിലനിന്നിരുന്ന വടകരയില്‍ കെ മുരളീധരന്റേയും വയനാട്ടില്‍ ടി സിദ്ദിഖിന്റേയും പേരുകള്‍ കെപിസിസി അധ്യക്ഷന്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഇത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും ഹൈക്കമാന്റ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.

ഇന്നലെ രണ്ടു വട്ടം തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നാണ് ഏഴാമത്തെ പട്ടിക പ്രഖ്യാപിച്ചത്. എന്നിട്ടും വയനാടിനെയും വടകരയേയും അവഗണിച്ചു. രാഹുല്‍ ഗാന്ധി രണ്ടു ദിവസമായി ദില്ലിയില്‍ ഉണ്ടായിരുന്നു താനും. ഹൈക്കമാന്റ് തീരുമാനിക്കും മുമ്പ് രണ്ടു സീറ്റിലെയും സ്ഥാനാര്‍ത്ഥികളുടെ പേര് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതില്‍ എഐസിസിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ന് മുക്കത്ത് നടക്കുന്ന യു.ഡി.എഫ് വയനാട് മണ്ഡലം കണ്‍വന്‍ഷനില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്നതും പാര്‍ട്ടി പ്രവര്‍ത്തകരേ നിരാശരാക്കുകയാണ്. ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവര്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.