2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മുഹമ്മദ് നബി(സ്വ) അനുപമ വ്യക്തിത്വം

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി#

 

‘ഇന്ന് മനുഷ്യവര്‍ഗത്തിലെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന ഒരാളുടെ ജീവിതത്തിന്റെ ഏറ്റവും ഉത്തമമായ വശം അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു… അക്കാലത്ത്, ജീവിതത്തിന്റെ സരണിയില്‍ ഇസ്‌ലാമിനൊരു സ്ഥാനം നേടിക്കൊടുത്തത് ഖഡ്ഗമായിരുന്നില്ല എന്ന് മുന്‍പത്തേക്കാളും എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. പ്രവാചകന്റെ അചഞ്ചലമായ ലാളിത്യവും ഉദാത്തമായ ആത്മലയവും പ്രതിജ്ഞകളോടുള്ള സുദൃഢമായ പ്രതിബദ്ധതയും കൂട്ടുകാരോടും അനുയായികളോടുമുള്ള മഹത്തായ അര്‍പ്പണവും നിര്‍ഭയത്വവും ദൈവത്തിലും സ്വന്തം ദൗത്യത്തിലുമുള്ള പരമമായ വിശ്വാസവുമായിരുന്നു, ഖഡ്ഗം ആയിരുന്നില്ല എല്ലാറ്റിനെയും അവരുടെ മുമ്പിലേക്ക് നയിച്ചതും എല്ലാ തടസ്സങ്ങളെയും അതിജീവിക്കാന്‍ സഹായിച്ചതും. 
മുഹമ്മദ് നബി(സ്വ)യുടെ ചരിത്രത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അവയില്‍ വിശ്വാസികളും അവിശ്വാസികളും ഉണ്ട്. അവരെല്ലാം ഏക സ്വരത്തില്‍ സമ്മതിച്ചതാണ് മനുഷ്യചരിത്രത്തില്‍ തുല്യതയില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മുഹമ്മദ് നബി(സ്വ) എന്ന യാഥാര്‍ഥ്യം. സര്‍വമേഖലകളിലും പ്രവാചക തിരുമേനി(സ്വ)യില്‍ നമുക്ക് മാതൃക ദര്‍ശിക്കാനാകും. വിമര്‍ശകന്മാര്‍ പോലും അംഗീകരിച്ച വസ്തുതയാണിത്.
പ്രവാചക തിരുമേനി(സ്വ) കടന്നുവന്ന കാലഘട്ടത്തെ കുറിച്ച് പഠിച്ചാലത് ബോധ്യമാകും. തികഞ്ഞ അരാജകത്വത്തില്‍ കഴിഞ്ഞവരായിരുന്നു അക്കാലത്തെ അറബികള്‍. മദ്യത്തില്‍ മുങ്ങിക്കിടന്ന അവര്‍ തന്റെ ശവശരീരം മുന്തിരിവള്ളിയുടെ ചുവട്ടില്‍ കുഴിച്ചിട്ടാല്‍ ദ്രവിക്കുന്ന എല്ലുകള്‍ക്ക് വീഞ്ഞിന്റെ മത്ത് ലഭിക്കുമല്ലോ എന്ന് പാടിയവരായിരുന്നു. പ്രസ്തുത സമൂഹം എത്രത്തോളം മദ്യാസക്തരായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. പെണ്ണിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സമൂഹമായിരുന്നു അത്. കലഹങ്ങളും യുദ്ധങ്ങളും നിത്യസംഭവമായിരുന്നു. അക്രമം കൊടികുത്തി വാണു. ഇത്തരമൊരു സമുദായത്തിലാണ് മുഹമ്മദ്(സ്വ) ജനിക്കുന്നത്. അത്തരം ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിച്ചാണ് റസൂല്‍(സ്വ) ഉത്തമസമുദായമാക്കി മാറ്റിയത്.
കേവലം ആഹ്വാനങ്ങളായിരുന്നില്ല റസൂലിന്റെ ചര്യ. പറയുന്നത് പ്രായോഗിക തലത്തില്‍ കൊണ്ടുവന്നു. ആരാധനകള്‍ക്ക് ആഹ്വാനം ചെയ്തു സുഖലോലുപതയില്‍ മുഴുകുകയായിരുന്നില്ല റസൂല്‍(സ്വ). മറിച്ച് പ്രവൃത്തിയില്‍ കൊണ്ടുവരികയായിരുന്നു. സ്വന്തം ജീവിതത്തെ തന്നെ തന്റെ ആദര്‍ശങ്ങള്‍ക്കുള്ള പ്രായോഗികമാതൃകയായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് അവിടുത്തെ ഏറ്റവും വലിയ വിജയം.
ലാമാര്‍ട്ടിന്‍ എഴുതി: ”തത്വജ്ഞാനി, പ്രസംഗകന്‍, ദൈവദൂതന്‍, നിയമനിര്‍മാതാവ്, പോരാളി, ആശയങ്ങളുടെ ജേതാവ്, അബദ്ധസങ്കല്‍പങ്ങളില്‍നിന്ന് മുക്തമായ ആചാരവിശേഷങ്ങളുടെയും യുക്തിബന്ധുരമായ വിശ്വാസപ്രമാണങ്ങളുടെയും പുനഃസ്ഥാപകന്‍, ഇരുപത് ഭൗതികസാമ്രാജ്യങ്ങളുടെ സ്ഥാപകന്‍ അതായിരുന്നു മുഹമ്മദ്. മനുഷ്യത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും വച്ച് പരിഗണിക്കുമ്പോള്‍ നാം വ്യക്തമായും ചോദിച്ചേക്കാം: മുഹമ്മദിനെക്കാള്‍ മഹാനായ മറ്റു വല്ല മനുഷ്യനുമുണ്ടോ!” (ഘമ ങമൃശേി ഒെേശീൃശല റല ഹമ ഠൗൃൂൗശല ഢീഹ കക ജമഴല 277).
കാരുണ്യത്തിന്റെ തുല്യതയില്ലാത്ത മാതൃകയായിരുന്നു റസൂല്‍(സ). മനുഷ്യത്വത്തിന്റെ എല്ലാവിധ ഗുണങ്ങളും അദ്ദേഹത്തില്‍ സമ്പൂര്‍ണമായി പ്രകാശിച്ചിരുന്നു. അവിടുത്തെ കുടുംബജീവിതം നോക്കുക. ഭാര്യമാരോട് അദ്ദേഹം നീതി പുലര്‍ത്തി. സന്താനങ്ങളോട് സ്‌നേഹം പ്രകടിപ്പിച്ചു. പേരക്കുട്ടികളെ വാല്‍സല്യപൂര്‍വം പരിലാളിച്ചു. മുഹമ്മദ് എന്ന ഭര്‍ത്താവിനെക്കുറിച്ച് ഒരു പരാതിയും പറയാന്‍ അവിടുത്തെ ഭാര്യമാര്‍ക്കുണ്ടായിരുന്നില്ല. തന്റെ കുടുംബക്കാരോട് കരുണകാണിച്ചിരുന്നു. കുടുംബബന്ധം പുലര്‍ത്തുവാന്‍ പഠിപ്പിക്കുകയും പ്രായോഗിക വത്കരിക്കുകയും ചെയ്തു.
പ്രവാചകരുടെ പെരുമാറ്റത്തെ കുറിച്ച് എതിരാളികള്‍ക്ക് പോലും വിമര്‍ശിക്കാന്‍ പഴുതുണ്ടായിരുന്നില്ല. ഒരിക്കല്‍ ഒരാള്‍വന്നു നബിയെ ശകാരിച്ചു. പക്ഷേ ചിരിച്ചുകൊണ്ടാണ് നബി(സ്വ)പ്രതികരിച്ചത്. ഇതേക്കുറിച്ച് അതിശയം പ്രകടിപ്പിച്ച ആഇശ(റ)ക്ക് നബി(സ്വ) പറഞ്ഞുകൊടുത്തത് മര്യാദയുടെ പാഠങ്ങളായിരുന്നു. വിവിധ നാടുകളില്‍ നിന്ന് പല കാലങ്ങളിലായി വന്ന നിവേദക വ്യക്തികളെയും സംഘങ്ങളെയും അതീവ മാന്യതയോടെയായിരുന്നു നബി(സ്വ) സ്വീകരിച്ചിരുന്നത്.
നിവേദക സംഘങ്ങളോ പ്രമുഖരോ സന്ദര്‍ശിക്കാനെത്തുമ്പോള്‍ മാത്രം ധരിക്കാനായി അദ്ദേഹത്തിനു പ്രത്യേക വസ്ത്രമുണ്ടായിരുന്നു. നിവേദകസംഘത്തലവനായെത്തിയ ജരീര്‍ എന്നയാളെ തന്റെ മേല്‍മുണ്ട് നിലത്ത് വിരിച്ച് അതില്‍ ഇരുത്തിക്കൊണ്ട്, ‘സമൂഹത്തിലെ മാന്യര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അവരെ ആദരിക്കുക’ എന്ന് ആതിഥേയ മര്യാദ അവിടുന്നു പഠിപ്പിച്ചു തന്നു.
അബ്ദുല്‍ ഖൈസ് ഗോത്രത്തെ പ്രതിനിധീകരിച്ചെത്തിയ സംഘത്തിന്റെ നേതാവ് അശജ്ജിനെ അഭിനന്ദിച്ചുകൊണ്ട്, ‘താങ്കളില്‍ അല്ലാഹുവും അവന്റെ ദൂതനും ഇഷ്ടപ്പെടുന്ന രണ്ടു ഉത്തമ ഗുണങ്ങളുണ്ട്. വിവേകവും അവധാനതയും എന്ന് നബി(സ്വ) എടുത്തു പറയുകയുണ്ടായി.
ബിലാലിനെയും സല്‍മാന്‍ ഫാരിസിനെയും ഒപ്പം ചേര്‍ത്തിരുത്തിയത് ലോക ജനതക്ക് മുമ്പില്‍ വര്‍ണ വിവേചനത്തിന്റെ മതില്‍ കെട്ടുകള്‍ തകര്‍ത്തെറിയാനായിരുന്നു. സ്ത്രീ സമൂഹത്തിന് മഹിതമായ സ്ഥാനം നല്‍കി ആദരിച്ചു. അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും നബി(സ്വ) പരിഗണിച്ചിരുന്നു. ഖദീജ ബീവിയും ആഇശ ബീവിയും സ്ത്രീ സമൂഹത്തിന് ഉത്തമ മാതൃകയായി.
മൈക്കല്‍ എച്ച്. ഹാര്‍ട്ട് തിരുമേനി(സ്വ)യെ നിരീക്ഷിക്കുന്നത് വളരെ പ്രസക്തമാണ്. ‘ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഞാന്‍ മുഹമ്മദിനെ തെരഞ്ഞെടുക്കുന്നത് ചില വായനക്കാരെ അല്‍ഭുതപ്പെടുത്തിയേക്കാം. വേറെ ചിലര്‍ ഇതിനെ ചോദ്യം ചെയ്‌തേക്കാം. പക്ഷേ, മതപരവും ഭൗതികവുമായ മേഖലകളില്‍ ചരിത്രത്തില്‍ ഏറ്റവും വിജയം വരിച്ച വ്യക്തി അദ്ദേഹമാണ്. മനുഷ്യചരിത്രത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി മുഹമ്മദിനെ വിലയിരുത്താന്‍ എന്നെ നിര്‍ബന്ധിക്കുന്നത് അദ്ദേഹത്തിന്റെ അനുപമമായ മതഭൗതിക സംയോജനമാണ്.’
(ഠവല 100, അ ൃമിസശിഴ ീള വേല ാീേെ ശിളഹൗലിശേമഹ ുലൃീെി െശി വശേെീൃ്യ).
ചരിത്രത്തില്‍ ഏത് രംഗത്തും ഇത്രത്തോളം വിജയം വരിച്ച മഹാത്മാവിനെ സമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കലും അവിടുത്തെ സ്മരിക്കലും നമ്മുടെ ബാധ്യതയാണ്. അതിന് തടസ്സം നില്‍ക്കുക എന്നത് മാനവികതയോടുള്ള യുദ്ധപ്രഖ്യാപനമായാണ് കാണേണ്ടത്. ‘മുഹമ്മദ് നബി(സ്വ) അനുപമ വ്യക്തിത്വം’ എന്ന സുന്നി യുവജനസംഘം റബീഅ് കാംപയിനിന്റെ പ്രമേയം പ്രസ്‌കതമാവുന്നതും ഇവിടെയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.