2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ചാരിത്ര്യ സംരക്ഷണത്തിന്റെ ഉന്നത വിഹായസ്സിലേക്ക്

വെള്ളിപ്രഭാതം

പ്രവാചക സന്ദേശത്തിന്റെ തെളിനീരാണ് ചാരിത്ര്യ സംരക്ഷണത്തിന്റെ ഉന്നത വിഹായസ്സിലേക്ക് ഉയര്‍ത്തിയത്. സംതൃപ്ത കുടുംബത്തിന്റെ സുകൃതങ്ങളുടെ പ്രകാശ ഗോപുരമായിത്തീര്‍ന്ന മാതൃകാ വനിതകളുടെ തിട്ടപ്പെടുത്താന്‍ കഴിയാത്ത നിരകളെയാണ് ചരിത്രത്തിന് പിന്നീട് കാണാന്‍ കഴിഞ്ഞത്.

സെയ്തു മുഹമ്മദ് നിസാമി

മൂല്യനിരാസം സമൂലം ബാധിച്ച സമൂഹത്തില്‍ സ്ത്രീകളുടെ ദയനീയാവസ്ഥ തോരാത്ത കണ്ണീര്‍ തന്നെ. അവര്‍ പീഡനങ്ങളുടെ ഇരകളാവാന്‍ വിധിക്കപ്പെട്ടവരാണ്. അനാഥത്വത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും തടവറയില്‍ തേങ്ങുന്ന നാരീമണികള്‍ വിമോചനത്തിന്റെ തൂവെള്ളപ്പാത കാണുന്നത് ഇസ്‌ലാമിക സംസ്‌കൃതിയുടെ മാനം തെളിഞ്ഞപ്പോള്‍ മാത്രമാണ്. അതിനാല്‍ വിജ്ഞാനത്തിന്റെയും സമ്പത്തിന്റെയും ഉടമാവകാശത്തിന് സ്ത്രീ സമരം നയിക്കേണ്ടിവന്നില്ല. ‘സുകൃതവതിയായ വനിത ഈ ലോകത്തെ എല്ലാത്തിനേക്കാളും മികച്ചതാണെന്നായിരുന്നു’ പ്രവാചകന്‍ (സ്വ) പഠിപ്പിച്ചത്. സ്ത്രീയോട് ആര്‍ദ്രതയല്ല ആദരവാണ് വേണ്ടതെന്ന് ഓര്‍മിപ്പിക്കാന്‍ അവിടുന്ന് മറന്നുപോയില്ല. 

 

പ്രവാചക സന്ദേശത്തിന്റെ തെളിനീരാണ് ചാരിത്ര്യ സംരക്ഷണത്തിന്റെ ഉന്നത വിഹായസ്സിലേക്ക് ഉയര്‍ത്തിയത്. സംതൃപ്ത കുടുംബത്തിന്റെ സുകൃതങ്ങളുടെ പ്രകാശ ഗോപുരമായിത്തീര്‍ന്ന മാതൃകാ വനിതകളുടെ തിട്ടപ്പെടുത്താന്‍ കഴിയാത്ത നിരകളെയാണ് ചരിത്രത്തിന് പിന്നീട് കാണാന്‍ കഴിഞ്ഞത്. ‘ഓ രാത്രീ, നീ എനിക്ക് ദീര്‍ഘകാലമായി അനുഭവപ്പെടുന്നു. എന്റെ ചുറ്റും ഇരുട്ടു കട്ടപിടിച്ചിരിക്കുന്നു. എന്നെ ഇക്കിളിപ്പെടുത്തി സല്ലപിക്കാനൊരു കൂട്ടുകാരന്‍ ഇല്ലാത്തതാണ് എന്റെ ഉറക്കം കെടുത്തുന്നത്. അല്ലാഹുവാണെ സത്യം. ഞാന്‍ അവന്റെ ശിക്ഷ ഭയന്നിട്ടില്ലായിരുന്നെങ്കില്‍ ശയനമുറിയില്‍ ഈ കട്ടില്‍ സദാ ശബ്ദമുണ്ടാക്കുമായിരുന്നു. എന്റെ റബ്ബിനോടുള്ള ഭയവും ലജ്ജയും സദ്‌വൃത്തനായ ഭര്‍ത്താവിനോടുള്ള ആദരവുമാണ് ഈ സദാചാര രാഹിത്യത്തെതൊട്ട് എന്നെ തടയുന്നത്’. മദീനയില്‍ നിന്നും അകഗ്രാമത്തിലെ സ്വന്തം കുടിലില്‍ ഏകാന്തയായി കഴിയുന്ന വനിതയുടെ വേദന മുറ്റിനില്‍ക്കുന്ന ശോകഗാനമായിരുന്നു ഇത്. ഗ്രാമം ഉറങ്ങുമ്പോള്‍ അവള്‍ ഉണര്‍ന്നിരുന്നു. ഗദ്ഗദത്തോടെ പാടുകയായിരുന്നു. ഇസ്‌ലാമിക സംസ്‌കൃതിയുടെ വസന്തകാലമായിരുന്നു അത്. ഉത്തമ നൂറ്റാണ്ട്. രണ്ടാം ഖലീഫ ഉമര്‍(റ)യുടെ ഭരണകാലം. ഭരണീയരുടെ സുഖവിവരമറിയാന്‍ അന്തിക്ക് ഇറങ്ങിനടക്കുന്ന പതിവ് ഉമര്‍ ഫാറൂഖ് (റ)ന്റെ ചര്യയായിരുന്നു.
ഈ ഗാനം ശ്രവിച്ച ഖലീഫ, ആലോചനാ നിമഗ്നനായി. പാതിരാവില്‍ പോലും ജീവിതവിശുദ്ധിയുടെ തോരണമണിഞ്ഞ ആ യുവതിയുടെ തഖ്‌വയും ദൈവഭയവും ഓര്‍ത്തു ഖലീഫ കരഞ്ഞുപോയി. വീട്ടിലേക്ക് മടങ്ങിയ ആ ഭരണാധികാരിയുടെ ഉറക്കം കെടുത്തുകയായിരുന്നു ആ ഗാനം. അവളെ സംബന്ധിച്ച് ഉമര്‍ (റ) അന്വേഷിച്ചു. ഒരു പട്ടാള ഉദ്യോഗസ്ഥന്റെ ഭാര്യയാണ് ആ യുവതി. ദീര്‍ഘകാലമായി വിദേശത്താണുള്ളത്. അവള്‍ ഏകാന്തതയില്‍ വിരഹദുഃഖവുമായി ഗ്രാമത്തില്‍ കഴിഞ്ഞുകൂടുന്നു. തന്റെ ചാരിത്ര്യവും ഭര്‍ത്താവിന്റെ അഭിമാനവും കാത്തുസൂക്ഷിച്ചുകൊണ്ട്.

ഇതറിഞ്ഞ ഖലീഫ നേരെ ചെന്നത് തന്റെ പുത്രി ഹഫ്‌സയുടെ വീട്ടിലേക്കാണ്. അവര്‍ പ്രവാചക പത്‌നിയും പണ്ഡിതയുമായിരുന്നു. ‘മോളെ,’ ഒരു സ്ത്രീക്ക് ഭര്‍ത്താവിന്റെ അഭാവത്തില്‍ എത്രകാലം ക്ഷമിച്ചു കഴിഞ്ഞുകൂടാന്‍ കഴിയും?

മോളേ, നമ്മുടെ രാഷ്ട്രത്തില്‍ വിദേശത്ത് സേവനമനുഷ്ഠിക്കുന്ന ഭര്‍ത്താക്കന്മാരുടെ ലീവിന്റെ കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാട്ടിലുള്ള ഭാര്യമാര്‍ക്ക് ആശ്വാസം പ്രദാനം ചെയ്യുകയാണെന്റെ ലക്ഷ്യം. അറിവിന്റെ കാര്യത്തില്‍ ലജ്ജിക്കാനെന്തുണ്ട്? പ്രവാചക പത്‌നിയായ നിനക്ക് ഈ വിഷയത്തില്‍ ആഴത്തിലുള്ള അറിവുണ്ടായിരിക്കും’. ‘പിതാവെ, നാലുമാസം വരെ ക്ഷമിക്കാന്‍ കഴിയും’. നാലു വിരല്‍ നിവര്‍ത്തിക്കൊണ്ട് ഹഫ്‌സ സൂചിപ്പിച്ചു. ഭാര്യയുമായി സത്യം ചെയ്ത് അകന്നു നില്‍ക്കുന്നവര്‍ക്ക് അല്ലാഹു നാലുമാസമാണ് അവധി നിശ്ചയിച്ചിട്ടുള്ളത്. ഇതിനിടയില്‍ അവര്‍ ശപഥം പിന്‍വലിച്ചു ഒരു തീരുമാനത്തിലെത്തണമെന്നാണ് ഖുര്‍ആന്റെ പ്രസ്താവന.

ഈ ശപഥത്തിന് ശരീഅത്തിന്റെ ഭാഷയില്‍ ‘ഈലാഅ്’ എന്നാണ് പറയുക. സൂറത്തുല്‍ ബഖറയില്‍ അല്ലാഹു പറയുന്നു: ‘തങ്ങളുടെ ഭാര്യമാരുമായി (ബന്ധപ്പെടുകയില്ലെന്ന്) ശപഥം ചെയ്ത് അകന്ന് നില്‍ക്കുന്നവര്‍ക്ക് (അന്തിമതീരുമാനത്തിന്) നാലുമാസം വരെ കാത്തിരിക്കാവുന്നതാണ്. അതിനിടയില്‍ അവര്‍ (ശപഥം വിട്ട് ദാമ്പത്യത്തിലേക്ക്) മടങ്ങുകയാണെങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവരും കരുണാനിധിയുമത്രെ. ഇനി അവന്‍ വിവാഹമോചനം ചെയ്യാന്‍ തന്നെ തീര്‍ച്ചപ്പെടുത്തുകയാണെങ്കിലോ അല്ലാഹു എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവനാണല്ലോ.'( 2:226-227)

ഈ ഖുര്‍ആനിക വചനത്തില്‍ നിന്നാണ് ഹഫ്‌സ(റ) നാലുമാസക്കാലം ഒരു സ്ത്രീക്ക് സഹിക്കാനും ക്ഷമിക്കാനും കഴിയുന്ന കാലയളവ് മനസ്സിലാക്കിയത്. ഉമര്‍ (റ) അത് വിദേശത്തുള്ളവരുടെ സൈനിക നിയമത്തില്‍ ചേര്‍ക്കുകയും നാലുമാസത്തിന് സൈനിക ഉദ്യോഗസ്ഥര്‍ക്കും മറ്റും കുടുംബങ്ങളിലേക്ക് വരാന്‍ ലീവ് അനുവദിക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.