2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

പച്ചക്കറിക്ക് തൊട്ടാല്‍ പൊള്ളുന്ന വില; കുടംബ ബജറ്റിന്റെ താളം തെറ്റുന്നു

യു.എച്ച് സിദ്ദീഖ്

ആലപ്പുഴ: വിപണയിലെ സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ലാതായി മാറിയതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. പഴം, പച്ചക്കറി ഉള്‍പ്പടെയുള്ളവയുടെ വില കുത്തനെ ഉയര്‍ന്നതോടെ കുടുംബ ബജറ്റിന്റെ താളവും തെറ്റി. പലയിനം പച്ചക്കറികള്‍ക്കും മെയ് മാസത്തെ അപേക്ഷിച്ച് ഒന്നര മുതല്‍ മൂന്നിരട്ടി വരെയാണ് വില ഉയര്‍ന്നിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് വിപണിയില്‍ ദൃശ്യമായി തുടങ്ങിയ വിലക്കയറ്റം ഇപ്പോള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.
പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതോടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണയില്‍ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. രണ്ടാഴ്ച മുന്‍പ് 20 രൂപയായിരുന്നു തക്കാളിയുടെ വില 65 രൂപ വരെ ഉയര്‍ന്നു. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവയുടെയും വില കുത്തനെ വര്‍ധിച്ചു. കാന്താരിയുടെ വില കേട്ടാല്‍ കണ്ണു നീറും. 1200 രൂപ വരെയായി ഒരു കിലോ കാന്താരിയുടെ വില ഉയര്‍ന്നിരുന്നു. പിന്നീട് 800 രൂപയിലേക്ക് താഴ്ന്നു.
പച്ചമുളകിന് 150 രൂപയായി. വെണ്ടക്കയുടെ വില 55 ആയി. ബീന്‍സിന്റ വിലയും മേല്‍പ്പോട്ടു തന്നെയാണ്. 95 രൂപയാണ് ഒരു കിലോ ബീന്‍സിന്റെ വില. വഴുതന വേണമെങ്കില്‍ 80 രൂപ നല്‍കണം. ആഭ്യന്തര ഉല്‍പാദനത്തിലെ കുറവും തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ പച്ചക്കറിക്ക് പിന്നാലെ അരി, പഞ്ചസാര, വത്തല്‍ മുളക്, മല്ലി, ഉഴുന്ന്, ചെറുപയര്‍, കടല ഉള്‍പ്പടെയുള്ളവയുടെയും വിലയിലും വര്‍ധനവ് ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ഇന്ധന വില ഉയര്‍ന്നതും കാലാവസ്ഥയും ചൂണ്ടിക്കാട്ടി ഇടനിലക്കാരാണ് പച്ചക്കറി വില വര്‍ധനവിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പടെ സ്ഥാപനങ്ങള്‍ മുഖേന നിശ്ചിത ശതമാനം വിലക്കുറവില്‍ പച്ചക്കറികളുടെ വിതരണം നടത്തുന്നുണ്ട്. എന്നാല്‍, വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പര്യാപ്തമായിട്ടില്ല. ഭക്ഷ്യവകുപ്പ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും നടപടികള്‍ കാര്യക്ഷമമല്ലെന്നതാണ് വിലക്കയറ്റം തെളിയിക്കുന്നത്.
വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാതെ അമിത വില ഈടാക്കിയ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ പലയിടങ്ങളിലും നടപടി സ്വീകരിച്ചെങ്കിലും വിലക്കയറ്റത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. വിപണയിലെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ ഫലപ്രദമായ ഇടപെടല്‍ ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതും തിരിച്ചടിയായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News