2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

അഭിനന്ദനാര്‍ഹം തന്നെ ഈ വീണ്ടുവിചാരം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം ‘വീണ്ടുവിചാര’മെന്ന പംക്തിയുടെ വിഷയമാകേണ്ടതേയല്ല. കാരണം, നിലവിലുള്ള പ്രധാനമന്ത്രിയും ഭാവിയില്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ളവരുമുള്‍പ്പെടെ ഒട്ടുമിക്ക നേതാക്കളും ഏതെങ്കിലുമൊക്കെ മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണയാണെങ്കില്‍ അവ ഏതാണ്ടെല്ലാം തീരുമാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ ഘട്ടത്തിലാണ്, ഇന്ത്യയെ മുഴുവന്‍ അത്ഭുതപ്പെടുത്തിക്കൊണ്ട്, രാജ്യത്തെ മതേതര മനസ്സുകളിലെല്ലാം ആഹ്ലാദം കോരിച്ചൊരിഞ്ഞുകൊണ്ട്, ഒരു സ്ഥാനാര്‍ഥിത്വ വീണ്ടുവിചാരത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തയ്യാറായിരിക്കുന്നത്. ഇത്തരമൊരു മുഹൂര്‍ത്തത്തില്‍ ഇവിടെയും മറ്റൊരു ‘വീണ്ടുവിചാരം’ നടത്തുന്നതു ശരിയല്ലല്ലോ.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം കേരളത്തിലെ ജനങ്ങളില്‍ നല്ലൊരു ശതമാനവും അത്യാഹ്ലാദത്തോടെയാണു കേട്ടതെന്നതില്‍ സംശയമില്ല. വയനാട്ടുകാരുടെയും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പെടുന്ന മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട്, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിലെയും ബഹുഭൂരിപക്ഷം ജനങ്ങളുടെയും ഹൃദയവികാരമെന്തായിരിക്കുമെന്നു പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ടു മാത്രം വയനാട് ഏറ്റവും കൂടുതല്‍ അഖിലേന്ത്യാ ശ്രദ്ധ പിടിച്ചു പറ്റുന്ന മണ്ഡലമായി മാറിയിരിക്കുകയാണ്. പതിനേഴാം ലോക്‌സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ പതിനാറു ലോക്‌സഭാ തെരഞ്ഞുടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഏറെ ചരിത്രപ്രാധാന്യമുള്ളതാണ് എന്നതിനാലും ആ ചരിത്രം കുറിക്കലിനു നേതൃത്വം കൊടുക്കാന്‍ നല്ലൊരു ശതമാനം ഇന്ത്യക്കാരും പ്രതീക്ഷയോടെ നോക്കുന്നത് രാഹുല്‍ഗാന്ധിക്കു നേരേയാണ് എന്നതിനാലും അദ്ദേഹത്തിന്റെ മണ്ഡലം രാഷ്ട്രീയശത്രുക്കള്‍ പോലും അത്ഭുതത്തോടെ ആകാംക്ഷയോടെ നോക്കിക്കാണുന്നതായിരിക്കും.

രാഹുല്‍ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന ആദ്യ പ്രഖ്യാപനത്തിനു ശേഷം എന്തുകൊണ്ടു കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന് ഇങ്ങനെയൊരു വീണ്ടുവിചാരമുണ്ടായി എന്നതു ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പിനെ അവസാനഘട്ടത്തിലെങ്കിലും അതീവഗൗരവത്തോടെ കാണാന്‍ തുടങ്ങിയിരിക്കുന്നുവെന്നതാണ് അതു സൂചിപ്പിക്കുന്നത്.
അമേഠി രാഹുലിന്റെ സിറ്റിങ് സീറ്റാണ്. ഇതുവരെ അവിടെ മത്സരിച്ചു ജയിച്ചിട്ടേയുള്ളൂ അദ്ദേഹം. 2004, 2009, 2014 തെരഞ്ഞെടുപ്പുകളിലൂടെ രാഹുല്‍ ഹാട്രിക് വിജയം നേടിയ മണ്ഡലമാണ്. 1999ല്‍ അദ്ദേഹത്തിന്റെ മാതാവ് സോണിയാഗാന്ധിയെയും 1981, 84, 89 തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ്ഗാന്ധിയെയും വിജയിപ്പിച്ച മണ്ഡലമാണ് അമേഠി. ആകെ ഒരു തവണ മാത്രമേ ഈ മണ്ഡലം കോണ്‍ഗ്രസ്സിനെ കൈവിട്ടിട്ടുള്ളൂ. അത് അടിയന്തരാവസ്ഥയ്ക്കു തൊട്ടുപിന്നാലെ 1977ലെ തെരഞ്ഞെടുപ്പിലുണ്ടായ ജനതാപാര്‍ട്ടി മലവെള്ളപ്പാച്ചില്‍ ആയിരുന്നു.
ഇത്രയും കാലം കോണ്‍ഗ്രസ്സിനെ കൈവിടാത്ത, രാഹുല്‍ഗാന്ധിക്ക് ഏറെ പ്രിയങ്കരമായ അമേഠി ഇത്തവണ അദ്ദേഹത്തെ കൈവിടുമെന്നു കരുതാനൊന്നുമാകില്ല. എങ്കിലും, ഉത്തരേന്ത്യന്‍ രാഷ്ട്രീയം പഴയതുപോലെ അത്ര ശുഭകരമല്ല. അത്ര മാന്യവുമല്ല. ഉത്തരേന്ത്യന്‍ രാഷ്ട്രീയം മാത്രമല്ല, ദക്ഷിണേന്ത്യന്‍ രാഷ്ട്രീയവും മാഫിയാവല്‍ക്കരിക്കപ്പെട്ടുവെന്നു വെളിപ്പെടുത്തുന്നതാണല്ലോ ബി.എസ് യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍. മുഖ്യമന്ത്രിയാകാന്‍ താന്‍ ബി.ജെ.പി നേതാക്കള്‍ക്ക് 1800 കോടി രൂപ നല്‍കിയെന്നാണ് അദ്ദേഹം ഡയറിയില്‍ കുറിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും നല്‍കിയ പണത്തിന്റെ ഇനം തിരിച്ച കണക്കുമുണ്ട്.

പണമൊഴുക്കാണ് പൊതുവെ തെരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്നത്, ഇക്കാലത്ത് പ്രത്യേകിച്ചും. പണമൊഴുക്കുന്നത് പാര്‍ട്ടികളല്ല, അവര്‍ക്കുവേണ്ടി വന്‍കിട കോര്‍പ്പറേറ്റുകളാണ്. ഓരോ മണ്ഡലത്തിലും കോടികളാണ് ചെലവഴിക്കുന്നത്. ചെലവാക്കിയ തുക എങ്ങനെ മുതലാക്കാമെന്ന് ഈ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കു നന്നായി അറിയാം. അധികാരത്തില്‍ വരുമെന്ന് ഉറപ്പുള്ള പാര്‍ട്ടിക്കും അവരുടെ സ്ഥാനാര്‍ഥിക്കും മാത്രമേ ഇത്തരം മാഫിയ പണം വാരിക്കോരി നല്‍കൂ.
കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാതായിട്ടു വര്‍ഷം അഞ്ചായി. അതിനാല്‍, ഇക്കാലത്തിനിടയില്‍ അവര്‍ക്കു കിട്ടിയിട്ടുള്ള സംഭാവന തുലോം തുച്ഛമാണ്. കണക്കില്‍ക്കാണിച്ച സംഭാവനയുടെ കാര്യത്തില്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പിയാണു വളരെ മുന്നിലെന്നാണ് വാര്‍ത്ത. കണക്കില്‍ കാണിച്ചതു മാത്രമല്ലല്ലോ സംഭാവന, അതില്‍ ‘സംഭാവന’യും ഉണ്ടാകുമല്ലോ. അതായിരിക്കുമല്ലോ ഏറെ കൂടുതല്‍. അതുകൊണ്ടു പണമൊഴുക്കിനെ ആദര്‍ശത്തിന്റെ അണകെട്ടി തടഞ്ഞുനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് എളുപ്പമാകില്ല.
മോദി ഭരണം അവസാനിപ്പിക്കാന്‍ മഹാഗഢ്ബന്ധനുള്ള നീക്കം മാസങ്ങള്‍ക്കു മുന്‍പേ ആരംഭിച്ചെങ്കിലും തെരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും അതു ത്രിശങ്കു സ്വര്‍ഗത്തിലാണ്. ഇന്ത്യയുടെ ഭാഗധേയം നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്കുള്ള ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിനെ തഴഞ്ഞ് മായാവതിയുടെ ബി.എസ്.പിയും അഖിലേഷ് യാദവിന്റെ എസ്.പിയും സഖ്യം രൂപീകരിച്ചു സീറ്റുകള്‍ പങ്കിട്ടെടുത്തു കഴിഞ്ഞു. കോണ്‍ഗ്രസ്സിനോട് ആകെ അവര്‍ ചെയ്ത സൗജന്യം രാഹുലും സോണിയയും മത്സരിക്കുന്ന അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നു പ്രഖ്യാപിച്ചുവെന്നതു മാത്രമാണ്.

ഈ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സുമായി സഖ്യമില്ലെന്നും തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്നു മാത്രമേയുള്ളൂവെന്നും മായാവതി വ്യക്തമാക്കിയിട്ടുണ്ട്. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോറ്റാല്‍ അതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണല്ലോ മായാവതിയുടെ വാക്കുകളുടെ വരികള്‍ക്കിടയിലൂടെ വായിക്കേണ്ടത്.
മോദിവിരുദ്ധ, എന്‍.ഡി.എ വിരുദ്ധ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യത കിട്ടിയാല്‍ പ്രധാനമന്ത്രിക്കസേര സ്വപ്‌നം കാണുന്ന ആദ്യനേതാവാണു മായാവതി. ആ സ്ഥാനത്തേയ്ക്കു തനിക്കുള്ള ഏറ്റവും ശക്തനായ പ്രതിയോഗി രാഹുല്‍ഗാന്ധിയാണെന്നു മായാവതിക്ക് അറിയാം. അപ്പോള്‍, കോണ്‍ഗ്രസ് തോറ്റാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നു മായാവതി പറയുന്നതിനെ അങ്ങനെ ലഘുവായി, ലളിതമായി കാണാന്‍ കഴിയില്ല.
ഇത്തരമൊരു ഘട്ടത്തില്‍ അമേഠി മാത്രം എന്ന ‘അഭിമാന’ തീരുമാനത്തില്‍ തൂങ്ങിനില്‍ക്കാതെ വീണ്ടുവിചാരം നടത്തുക തന്നെയാണു കോണ്‍ഗ്രസ് ചെയ്യേണ്ടത്. വയനാട്ടിലുള്‍പ്പെടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിക്കഴിഞ്ഞശേഷമാണെങ്കിലും അത്തരമൊരു വീണ്ടുവിചാരമുണ്ടായത് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തില്‍ കാണാന്‍ തുടങ്ങിയിരിക്കുന്നുവെന്നതിന്റെ തെളിവാണ്. എതിരാളികള്‍ ചതുരുപായങ്ങളും പയറ്റി പരാജയപ്പെടുത്താന്‍ ശ്രമിച്ചാലും പതിനേഴാം ലോക്‌സഭയില്‍ രാഹുല്‍ഗാന്ധിയുണ്ടാകുമെന്നും അദ്ദേഹം തന്നെയാണു മോദിവിരുദ്ധ, ബി.ജെ.പി വിരുദ്ധ മഹാഗഢ്ബന്ധനെ നയിക്കുകയെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

വയനാട് മണ്ഡലം അമേഠി പോലെയല്ല, രൂപീകരിക്കപ്പെട്ടതിനുശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പിലും യു.ഡി.എഫിനെ പിന്തുണച്ച മണ്ഡലമാണ്. 2009ലെ തെരഞ്ഞെടുപ്പില്‍ 1,53,439 വോട്ടിന്റെ ഭൂരിപക്ഷം. യു.ഡി.എഫിനും എല്‍.ഡി.എഫിനുമെതിരേ എന്‍.സി.പി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ. മുരളീധരന്‍ 99,663 വോട്ട് നേടിയിട്ടുപോലും അത്രയും ഭൂരിപക്ഷം ലഭിച്ചു. 2014 ല്‍ ഭൂരിപക്ഷം 20,860 വോട്ടിന്റെ ഭൂരിപക്ഷമേയുള്ളൂ എന്നതു യാഥാര്‍ഥ്യമാണ്. പക്ഷേ, അത്രയും കുറഞ്ഞതിനു രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നുവെന്നതും നേര്.
രാഹുല്‍ ഗാന്ധിയുടെ വരവോടെ വയനാട്ടിലെ യു.ഡി.എഫുകാര്‍ക്ക് ആവേശം തിരതല്ലുമെന്നുറപ്പ്. കോണ്‍ഗ്രസ്സുകാരെപ്പോലെ, ഒരുപക്ഷേ, കോണ്‍ഗ്രസ്സുകാരേക്കാള്‍ ആവേശം മുസ്‌ലിംലീഗിനും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കുമാവും. കാരണം, രാജ്യത്തെ മതഭ്രാന്തില്‍ നിന്നും രക്ഷിക്കാനുള്ള കുരുക്ഷേത്രയുദ്ധത്തില്‍ സവ്യസാചിയായാണ് അവര്‍ രാഹുല്‍ഗാന്ധിയെ കാണുന്നത്.
രാഹുല്‍ ഗാന്ധി വരുന്നതോടെ വയനാട്ടിലെ മാത്രമല്ല, കേരളത്തിലെ പൊതുവെ, എന്തിന് ദക്ഷിണേന്ത്യയിലെയാകെ തെരഞ്ഞെടുപ്പു ഗോദകളിലെ വീറും വാശിയും ഇരട്ടിക്കുമെന്നുറപ്പാണ്. തെക്കേ ഇന്ത്യയില്‍ നിന്നു പരമാവധി വോട്ടുകള്‍ നേടി, മോദി വിരുദ്ധ പാര്‍ട്ടികള്‍ക്ക് മേല്‍ക്കൈ കിട്ടിയാല്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു പരിഗണിക്കപ്പെടുന്ന ആദ്യ പേരുകാരനായി രാഹുല്‍ഗാന്ധിയെ മാറ്റിയെടുക്കുകയെന്നതാണ് കോണ്‍ഗ്രസ്സിന്റെ തന്ത്രം. അങ്ങനെ പരിഗണിക്കപ്പെടുന്ന രാഹുല്‍ഗാന്ധി മായാവതിയുടെ ദാക്ഷിണ്യത്തില്‍ ജയിച്ചു കയറിയ ആളല്ല എന്നും സ്ഥാപിക്കാന്‍ അവര്‍ക്കു കഴിയും.
തീര്‍ച്ചയായും, കോണ്‍ഗ്രസ്സുകാരുടെ ഈ വീണ്ടുവിചാരം മികച്ചതു തന്നെ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.